ബെംഗളൂരു: ബുള്‍ഡോസര്‍ ഉപയോഗിച്ച് ആളുകളെ കുടിയിറക്കിയിതില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഇടപെടേണ്ടതില്ലെന്ന മാധ്യമവാര്‍ത്തകളെ തള്ളി കര്‍ണാടക സി.പി.ഐ.എം. പാര്‍ട്ടി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വിശദമാക്കുന്നത്.
ഈ വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഇടപെടേണ്ടതില്ലെന്ന് ദി ഹിന്ദുവിനെ ഉദ്ധരിച്ച് മീഡിയ വണ്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംസ്ഥാനത്തെ പാര്‍ട്ടിക്ക് ഈ വിഷയം സ്വന്തം നിലയില്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ടെന്നും കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളുടെ ഇടപെടല്‍ വിഷയം രാഷ്ട്രീയവത്കരിക്കുന്നതിനും അടിസ്ഥാന പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധ തിരിയാന്‍ കാരണമാകുമെന്നുമായിരുന്നു ഈ മാധ്യമറിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇവയെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് കര്‍ണാടക സി.പി.ഐ.എമ്മിന്റെ പ്രസ്താവന.
‘കൊഗിലുവിലെ കുടിയൊഴിക്കലിനെ സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെ കര്‍ണാടക സി.പി.ഐ.എം പൂര്‍ണമായും നിഷേധിക്കുന്നു.
ദുരന്തത്തിലെ ഇരകളെ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ സന്ദര്‍ശിക്കുന്നതില്‍ കര്‍ണാടക സി.പി.ഐ.എം നേതൃത്വം ഒരു തരത്തിലമുള്ള എതിര്‍പ്പുകളും പ്രകടിപ്പിച്ചിട്ടില്ല.
‘ഈ വിഷയം സ്വന്തം നിലയില്‍ കൈകാര്യം ചെയ്യാന്‍ സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിന് ശേഷിയുണ്ട്’ എന്ന തരത്തിലുള്ള ചില മാധ്യമവാര്‍ത്തകള്‍ അത്ഭുതപ്പെടുത്തുന്നു. ഇതൊരിക്കലും കര്‍ണാടക സി.പി.ഐ.എമ്മിന്റെ അഭിപ്രായമല്ല.
‘കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ ഇടപെടലില്‍ പാര്‍ട്ടിക്ക് വിയോജിപ്പുണ്ട്’ എന്നതും തെറ്റായ വാര്‍ത്തയാണ്,’ കര്‍ണാടക സി.പി.ഐ.എം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
തെറ്റായ വാര്‍ത്തകള്‍ നീക്കം ചെയ്യാനും പാര്‍ട്ടി ആവശ്യപ്പെട്ടു.
യെലഹങ്ക കുടിയൊഴിപ്പിക്കലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതോടെ വിഷയം കേരളത്തില്‍ ഇത് വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരും നടപ്പാക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ഇതിന് പിന്നാലെ ഡി.കെ. ശിവകുമാര്‍ അടക്കമുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. കുടിയറക്കപ്പെട്ടവരോട് പിണറായി വിജയന് അത്രത്തോളം സ്‌നേഹമുണ്ടെങ്കില്‍ സഹായം പ്രഖ്യാപിക്കട്ടെയെന്നായിരുന്നു കര്‍ണാടക ന്യൂനപക്ഷവകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് പറഞ്ഞത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുള്ള രാഷ്ട്രീയ ഇടപെടലാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് എ.ഐസി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും വിമര്‍ശിച്ചിരുന്നു.
Content highlight: Karnataka CPIM rejected media reports that leaders from Kerala should not intervene in Kogilu demolition