| Monday, 11th August 2025, 4:40 pm

കര്‍ണാടകയില്‍ വോട്ടര്‍ പട്ടിക തയ്യാറാക്കിയത് കോണ്‍ഗ്രസ് ഭരണകാലത്തെന്ന പ്രസ്താവന; മന്ത്രി കെ.എന്‍. രാജണ്ണ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: വോട്ടര്‍ പട്ടിക ക്രമക്കേട് നടന്നത് കോണ്‍ഗ്രസ് ഭരണത്തിലെന്ന പരാമര്‍ശത്തെ തുടര്‍ന്ന് കര്‍ണാടക മന്ത്രി കെ.എന്‍. രാജണ്ണയെ പുറത്താക്കി. കര്‍ണാടക സഹകരണ മന്ത്രി സ്ഥാനത്ത് നിന്നാണ് കോണ്‍ഗ്രസ് രാജണ്ണയെ പുറത്താക്കിയത്. ഹൈക്കമാന്‍ഡ് രാജി ചോദിച്ചുവാങ്ങുകയായിരുന്നു.

വോട്ടര്‍ പട്ടിക തയ്യാറാക്കിയ സമയത്ത് പരിശോധന നടത്താതെ ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു കെ.എന്‍. രാജണ്ണയുടെ വിവാദ പ്രസ്താവന. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് വോട്ടര്‍ പട്ടിക തയ്യാറാക്കിയതെന്നും തക്ക സമയത്ത് പരാതി ഉന്നയിക്കുന്നതില്‍ പരാജയപ്പെട്ടെന്നും രാജണ്ണ പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനെതിരെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. വസ്തുത മനസിലാക്കാതെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ഡി.കെ. ശിവകുമാര്‍ രാജണ്ണയ്ക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു. ഇതിനുപിന്നാലെയാണ് കെ.എന്‍. രാജണ്ണ രാജിവെച്ചത്.

കേന്ദ്ര സര്‍ക്കാരിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം.പി രാജ്യത്തുടനീളം ‘വോട്ട് ചോരി’ ക്യാമ്പയിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് കര്‍ണാടക മന്ത്രിയുടെ പ്രസ്താവന.

പാര്‍ട്ടിക്കുള്ളില്‍ നിന്നുണ്ടായ അഭിപ്രായപ്രകടനം കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഇതേ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് മന്ത്രിയോട് രാജി ചോദിച്ചുവാങ്ങിയത്.

കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ മുന്‍നിര്‍ത്തിയാണ് രാഹുല്‍ ഗാന്ധി ഓഗസ്റ്റ് ഏഴിന് ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ വന്‍തോതിലുള്ള വോട്ട് മോഷണം നടന്നുവെന്നായിരുന്നു രാഹുലിന്റെ പ്രധാന ആരോപണം.

ബെംഗളൂര്‍ സെന്‍ട്രലിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ മഹാദേവപുര ഒഴിച്ച് ആറിടത്തെ വോട്ടുകളില്‍ കോണ്‍ഗ്രസിന് 85,000 വോട്ട് ലീഡുണ്ടായിരുന്നു. എന്നാല്‍ മഹാദേവപുരയിലെ മാത്രം വോട്ട് കൂട്ടിയപ്പോള്‍ 35,000 വോട്ടിന് ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചു. ഈ ഒരേയൊരു നിയമസഭാ മണ്ഡലത്തില്‍ മാത്രം 1,14,000 വോട്ടാണ് ബി.ജെ.പിക്ക് അധികമായി കിട്ടിയത്.

അതേസമയം ഈ മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളില്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ വ്യാജമാണ്. അഞ്ച് വിധത്തിലാണ് മഹാദേവപുരയില്‍ വ്യാജ വോട്ടുകള്‍ ചേര്‍ത്തത്. ഇതില്‍ 11,965 ഇരട്ട വോട്ടുകളാണ്. വ്യാജ വിലാസത്തില്‍ 40,009 വോട്ടര്‍മാരുണ്ടായി.

മുപ്പതും അമ്പതുമൊക്കെയായി ഒരേവിലാസത്തില്‍ 10,452 വോട്ടര്‍മാരെ ചേര്‍ത്തു. വ്യാജ ഫോട്ടോയില്‍ 4132 വോട്ടര്‍മാരും ഫോം ആറ് ദുരുപയോഗം ചെയ്ത് 33692 വോട്ടമാരേയും ഉള്‍പ്പെടുത്തിയെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

Content Highlight: Karnataka Minister KN Rajanna resigns

We use cookies to give you the best possible experience. Learn more