| Friday, 13th December 2019, 12:41 pm

സിദ്ധരാമയ്യയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് യെദിയൂരപ്പയും മന്ത്രിമാരും; നന്ദി പറഞ്ഞ് സിദ്ധരാമയ്യയുടെ ട്വീറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയെ സന്ദര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയും മന്ത്രിമാരും.

ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ ശേഷം സ്വകാര്യ ആശുപത്രിയില്‍ തുടരുകയാണ് അദ്ദേഹം. 71 കാരനായ സിദ്ധരാമയ്യ നാരായണ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വെച്ചാണ് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായത്.

തന്റെ ആരോഗ്യവിവരം അന്വേഷിക്കാനെത്തിയ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്കും മന്ത്രിമാരായ കെ.എസ് ഈശ്വരപ്പയ്ക്കും ബസവരാജ നന്ദി പറയുന്നതായി സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ വ്യക്തി സൗഹൃദത്തിന് തടസ്സമാകരുതെന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

താന്‍ ആരോഗ്യവാനാണെന്നും വിഷമിക്കേണ്ടതില്ലെന്നും പ്രവര്‍ത്തകരോട് പറഞ്ഞ സിദ്ധരാമയ്യ രണ്ട് ദിവസത്തിനകം ആശുപത്രിയില്‍ നിന്ന് മടങ്ങുമെന്നും അറിയിച്ചു.

തന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെട്ടവരോടും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിച്ചവരോടും കടപ്പെട്ടിരിക്കുന്നെന്നും അദ്ദേഹം കുറിച്ചു.

അടുത്തിടെ കര്‍ണാടകയിലെ 15 മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. രണ്ട് സീറ്റുകളില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് വിജയിക്കാനായത്.

തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സിദ്ധരാമയ്യ ഡിസംബര്‍ 9 ന് നിയമസഭയില്‍ നിന്നും പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more