| Sunday, 9th November 2025, 9:48 am

വന്ദേമാതരം ദേശീയ ഗാനമാക്കണമെന്ന ബി.ജെ.പി എംപി കഗേരിയുടെ പരാമര്‍ശം; കൊല്‍ക്കത്തയില്‍ തൃണമൂലിന്റെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ദേശീയ ഗാനമായ ജന ഗണ മനയെയും കവി രവീന്ദ്രനാഥ ടാഗോറിനെയും അപമാനിക്കുന്ന കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി എം.പി വിശേശ്വര്‍ ഹെഗ്‌ഡെ കഗേരിയുടെ പരാമര്‍ശത്തിനെതിരെ കൊല്‍ക്കത്തയില്‍ പ്രതിഷേധം സംഘടിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്.

ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഉന്നത ഉദ്യോഗസ്ഥരെ സ്വാഗതം ചെയ്യുന്നതിനായി രവീന്ദ്രനാഥ ടാഗോര്‍ രചിച്ച ജന ഗണ മനയ്ക്ക് പകരം വന്ദേമാതരം ദേശീയ ഗാനമാക്കണമെന്നായിരുന്നു കഗേരിയുടെ വിവാദ പരാമര്‍ശം.

ബംഗാളി കവി ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉത്തരകന്നഡയിലെ ഹൊന്നാവാറില്‍ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കഗേരി.

ഇതിനെതിരെ രംഗത്തെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ്, രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവസതിയായ ജോരസങ്കോ താക്കൂര്‍ബാരിക്ക് സമീപം പ്രതിഷേധ പ്രകടനവും നടത്തി.

ജന ഗണ മനയെയും രവീന്ദ്രനാഥ ടാഗോറിനെയും അപമാനിച്ച എം.പിക്ക് എതിരെ ഇതുവരെ ബി.ജെ.പി നടപടിയെടുത്തിട്ടില്ല. അതിനര്‍ത്ഥം പാര്‍ട്ടി അദ്ദേഹത്തെ ഈ വിഷയത്തില്‍ പിന്തുണയ്ക്കുന്നു എന്നാണോ? ഇതും രാജ്യദ്രോഹം തന്നെയാണെന്നും മുതിര്‍ന്ന ടി.എം.സി നേതാവും മന്ത്രിയുമായ ശശി പഞ്ജ പ്രതികരിച്ചു.

ബങ്കിം vs രവീന്ദ്രനാഥ്, ജന ഗണ മന vs വന്ദേമാതരം എന്നീ ആഖ്യാനങ്ങള്‍ സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പഞ്ജ ആരോപിച്ചു. രണ്ട് ഗാനങ്ങളും രണ്ട് കലാകാരന്മാര്‍ നമുക്കായി അവശേഷിപ്പിച്ചതാണെന്നും വിലയേറിയ പൈതൃകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി എല്ലായ്‌പ്പോഴും പശ്ചിമ ബംഗാളിനെയും ടാഗോറിനെയും സാമൂഹിക പരിഷ്‌കര്‍ത്താവായ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിനെയും പോലുള്ള പ്രമുഖരെ അപമാനിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം, ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ദേശീയ ഗീതാലാപന പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ദല്‍ഹിയില്‍ തുടക്കമായിരുന്നു.

സമാനമായി കൊല്‍ക്കത്തയിലും ബി.ജെ.പി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സാമിക് ഭട്ടാചാര്യയും നിയമസഭാ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയും നേതൃത്വം നല്‍കിയ പരിപാടിയില്‍ മമത സര്‍ക്കാരിനെ ദേശസ്‌നേഹമില്ലാത്തവരെന്നും ആക്ഷേപിച്ചിരുന്നു.

നേരത്തെ ബംഗാള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ടാഗോറിന്റെ തന്നെ ‘ബംഗ്ലാര്‍ മതി. ബംഗ്ലാര്‍ ജോള്‍ (ബംഗാളിന്റെ ഭൂമി, ബംഗാളിന്റെ വെള്ളം)’ ആലപിക്കുന്നത് നിര്‍ബന്ധമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ച ബംഗാള്‍ പ്രതിപക്ഷ നേതാവ് സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കുന്നതിനുള്ള വിജ്ഞാപനമായിരുന്നു പുറപ്പെടുവിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടിരുന്നു.

1911ല്‍ ഡിസംബര്‍ 12ന് ദല്‍ഹിയിലെ ദര്‍ബാറില്‍ വെച്ച് ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമനെ വാഴ്ത്തിപ്പാടിയതാണ് ടാഗോര്‍ രചിച്ച ജന ഗണ മനയെന്നാണ് ബി.ജെ.പി ഉള്‍പ്പെടെയുള്ള വിമര്‍ശകരുടെ ആരോപണം.

എന്നാല്‍, യഥാര്‍ത്ഥത്തില്‍ 1911ല്‍ തന്നെ ഡിസംബര്‍ 28ന് കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തിലാണ് ആദ്യമായി ഈ ഗാനം ആലപിക്കപ്പെട്ടത്.

ബ്രിട്ടീഷ് രാജാവിനെ വാഴ്ത്താനായി എഴുതിയതാണ് ജന ഗണ മന എന്ന ആരോപണം 1937ല്‍ തന്നെ ടാഗോര്‍ തള്ളിക്കളഞ്ഞിരുന്നു.

പുറത്തുവിട്ട കത്തിലൂടെയായിരുന്നു ടാഗോര്‍ ആരോപണം തള്ളിയത്. ഒരു നൂറ്റാണ്ടിനിപ്പുറവും അതേ ആരോപണം ഉന്നയിക്കുകയാണ് ബി.ജെ.പിയെന്നാണ് ഉയരുന്ന വിമര്‍ശനം.

Content Highlight: BJP MP in Karnataka wants Vande Mataram to be made the national anthem instead of Jana Gana Mana; Trinamool protests in Kolkata

We use cookies to give you the best possible experience. Learn more