| Wednesday, 21st May 2025, 7:41 pm

മുഖത്ത് മൂത്രമൊഴിച്ചു, വൈറസ് കുത്തിവെച്ചു; കര്‍ണാടക ബി.ജെ.പി എം.എല്‍.എ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി എം.എല്‍.എ ബലാത്സംഗത്തിനിരയാക്കിയതായി പരാതി.  40 വയസുള്ള സ്ത്രീയാണ് പരാതി നല്‍കിയത്.  എം.എല്‍.എ മുനിരത്‌നക്കെതിരെയാണ് പരാതി.

പരാതിയുടെ അടിസ്ഥാനത്തില്‍ വടക്ക് പടിഞ്ഞാറന്‍ ബെംഗളൂരിലെ ആര്‍എം.സി യാര്‍ഡ് പൊലീസാണ് ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മെയ് 21നാണ് പരാതി നല്‍കിയത്.

എം.എല്‍.എ മുനിരത്‌ന തന്നെ ബലാത്സംഗം ചെയ്തുവെന്നും മുഖത്ത് മൂത്രമൊഴിക്കുകയും വൈറസ് കുത്തിവെക്കുകയും ചെയ്തതായും സ്ത്രീ പരാതിയില്‍ പറയുന്നു.

മുനിരത്‌നയുടെ ഓഫീസില്‍ വെച്ചാണ് തനിക്കെതിരായ ആക്രമണം നടന്നതെന്നും തന്റെ മേല്‍ ചുമത്തിയ വ്യാജകേസ് റദ്ദാക്കുമെന്ന് വാഗ്ദാനം ചെയ്ത് തന്നെ എം.എല്‍.എയുടെ സഹായികള്‍ ഓഫീസില്‍ എത്തിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ഓഫീസില്‍ എത്തിയപ്പോഴേക്കും മുനിരത്‌നയും സഹായികളും തന്റെ വസ്ത്രം വലിച്ചൂരിയെന്നും മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറയുന്നു. സംഭവത്തിനിടെ എം.എല്‍.എ തന്റെ മുഖത്ത് മൂത്രമൊഴിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

സഹായികളില്‍ ഒരാള്‍ വെളുത്ത പെട്ടി എം.എല്‍.എക്ക് നല്‍കിയെന്നും പിന്നാലെ സിറിഞ്ച് കുത്തിവെച്ചുവെന്നും പറയുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നാണ് ചികിത്സിക്കാന്‍ കഴിയാത്ത വൈറസ് തന്റെ ശരീരത്തിലുണ്ടെന്നും ലൈംഗികാതിക്രമത്തിനിടെ നല്‍കിയ കുത്തിവെപ്പാണ് ഇതിന് കാരണമെന്നറിഞ്ഞതെന്നും പരാതിക്കാരി പറയുന്നു.

മുനിരത്‌നക്കെതിരായി നേരത്തെയും ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബി.ആര്‍.എസ് 376 ഡി, 270, 323, 504, 506, 509, 34 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സഹായികളെ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

Content Highlight: Karnataka BJP MLA gang-raped, urinated on face, injected with virus, alleges

We use cookies to give you the best possible experience. Learn more