ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ചയ്‌ക്കെതിരെ കേസ്. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി നിയോജകമണ്ഡലത്തിൽ നിന്ന് രണ്ടുതവണ എം.എൽ.എയായ പൂഞ്ച, മംഗളൂരുവിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള തെക്കരുവിലെ ഒരു ക്ഷേത്രത്തിന്റെ നവീകരണ ചടങ്ങിലാണ് പ്രകോപനപരമായ പരാമർശം നടത്തിയത്.
കർണാടകയുടെ തീരദേശ മേഖലയിലെ തേക്കർ ഗ്രാമത്തിൽ താമസിക്കുന്ന സമൂഹമായ ബിയറികളെ എം.എൽ.എ തന്റെ പ്രസംഗത്തിൽ അധിക്ഷേപിച്ചു. 950 വർഷത്തിലേറെ പഴക്കമുള്ള ചരിത്രമുള്ള മുസ്‌ലിം ജനവിഭാഗമാണിവർ.
‘തെക്കരുവിൽ ഹിന്ദുക്കൾ വെറും 150 കുടുംബങ്ങൾ മാത്രമാണ് ഉള്ളത്. മുസ്‌ലിം സമൂഹത്തിൽ 1,200 കുടുംബങ്ങളുണ്ട്. അടുത്ത പത്ത് വർഷത്തിനുള്ളിൽ അവരുടെ എണ്ണം 600 ആയി കുറയില്ല. പകരം, ബിയറികളുടെ എണ്ണം 5,000 ൽ നിന്ന് 10,000 ആയി വളരും. അവരുടെ എണ്ണം എന്തുതന്നെയായാലും നമ്മൾ ഒന്നിച്ച് ഉയർന്നുവന്ന് ക്ഷേത്രത്തിന്റെ വികസനത്തിനായി പ്രവർത്തിക്കണം.
ബ്രഹ്മകലശോത്സവ ചടങ്ങിനായി പ്രാദേശിക പള്ളികളിലേക്ക് ക്ഷണക്കത്ത് അയച്ചതെന്തിനാണ്? അവരും ഞങ്ങളും തമ്മിൽ ഒരു ബന്ധവുമില്ല. ഈ ക്ഷണക്കത്ത് അയച്ചത് മൂലമാണ് അവർ നമ്മുടെ ട്യൂബ് ലൈറ്റുകൾ തകർത്തത്,’ പൂഞ്ച പറഞ്ഞു.
മറ്റ് മതവിഭാഗങ്ങൾ ഹിന്ദുക്കളെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് എം.എൽ.എ പറഞ്ഞതായും വിമർശനം ഉയരുന്നുണ്ട്.
ക്ഷേത്രത്തിലെ ബ്രഹ്മകലശോത്സവ (പ്രതിഷ്ഠാ ചടങ്ങ്) വേളയിൽ പൂഞ്ച നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുകയും വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തു.
പിന്നാലെ ബി.ജെ.പി എം.എൽ.എയുടെ പ്രസംഗം മുസ്‌ലിം സമുദായത്തെ അവഹേളിക്കുന്നതാണെന്നും മേഖലയിലെ മതവിഭാഗങ്ങൾക്കിടയിൽ ഭിന്നത വിതയ്ക്കുമെന്നും ആരോപിച്ച് പ്രദേശവാസിയായ ഇബ്രാഹിം പൊലീസിൽ പരാതി നൽകി. ഭാരതീയ ന്യായ സംഹിതയുടെ (ബി.എൻ.എസ്) 196, 352 (2) വകുപ്പുകൾ പ്രകാരമാണ് എം.എൽ.എക്കെതിരെ കേസെടുത്തിരിക്കുന്നത്.
Content Highlight: Karnataka BJP MLA booked for delivering provocative speech against minorities