ന്യൂദല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി പുറത്തുവിട്ടു. 82 സ്ഥാനാര്‍ഥികളുടെ പുതിയ പട്ടികയും ചേര്‍ത്ത് 154 സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്.
72 സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ഏപ്രില്‍ 8നാണ് ബി.ജെ.പി പുറത്തു വിട്ടത്. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദ്ദ്യൂരപ്പയുടേയും മുതിര്‍ന്ന നേതാക്കളായ ഈശ്വരപ്പയുടേയും ജഗദിഷ് ഷെട്ടാറിന്റെയും പേരുകള്‍ ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ന്യൂദല്‍ഹിയില്‍ വച്ചു ഞായറാഴ്ച നടന്ന ബി.ജെ.പി സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി ചര്‍ച്ചയിലാണ് രണ്ടാംഘട്ട പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 218 സ്ഥാനാര്‍ഥികളുടെ പട്ടിക കോണ്‍ഗ്രസ് ഞായറാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.
മെയ് 12നാണ് 224 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 15നാണ് വോട്ടെണ്ണല്‍. കുറഞ്ഞത് 150 സീറ്റുകളാണ് ബി.ജെ.പി ലക്ഷ്യം വച്ചിരിക്കുന്നത്.
Watch DoolNews Video: