| Friday, 14th August 2026, 1:58 pm

പൊതുസ്ഥലങ്ങളിലെ പരിപാടികള്‍ക്ക് അനുമതി നിര്‍ബന്ധമാക്കുന്ന ബില്ലിന് അംഗീകാരം നല്‍കി കര്‍ണാടക;ലക്ഷ്യം ആര്‍.എസ്.എസെന്ന് ബി.ജെ.പി

കെ.എസ് ഷാബിന

ബെംഗളൂരു: സംഘടനാ പ്രവർത്തനങ്ങൾക്കും സ്വകാര്യ പരിപാടികൾക്കുമായി പൊതുസ്ഥലങ്ങൾ ഉപയോഗിക്കുന്നതിന് മുൻകൂർ അനുമതി നിർബന്ധമാക്കുന്ന പുതിയ ബില്ലിന് അംഗീകാരം നൽകി കർണാടക മന്ത്രിസഭ.

ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ അവതരിപ്പിച്ച ‘കർണാടക സ്റ്റേറ്റ് പബ്ലിക് പ്ലേസസ് ആൻഡ് ആക്‌സസ് റെഗുലേഷൻ ബിൽ 2026’ ആണ് മന്ത്രിസഭയുടെ പരിഗണനയിലെത്തിയത്. സർക്കാർ ഭൂമി, സ്ഥാപനങ്ങൾ, പാർക്കുകൾ, റോഡുകൾ എന്നിവയുടെ സംരക്ഷണവും ദുരുപയോഗം തടയലുമാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഖാർഗെ വ്യക്തമാക്കി.

എന്നാൽ ആർ.എസ്.എസിന്റെ പൊതുസ്ഥലങ്ങളിലെ സംഘടനാ പ്രവർത്തനങ്ങളെയും റൂട്ട് മാർച്ചുകളെയും നിയന്ത്രിക്കാനുള്ള കോൺഗ്രസ് സർക്കാരിന്റെ രാഷ്ട്രീയ നീക്കമാണിതെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളി. ബില്ല് ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ സംഘടനയെ ലക്ഷ്യം വെയ്ക്കുന്നില്ലെന്നും, ആരാണെങ്കിലും ഏത് പരിപാടിയാണെങ്കിലും നിയമം ഒരുപോലെ ബാധകമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പൊതുസ്ഥലങ്ങളിലെ പരിപാടികൾക്ക് അനുമതി വേണമെന്ന നിബന്ധനയുമായി കർണാടക സർക്കാർ 2025 ഒക്ടോബർ 18-ന് സമാനമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പരിപാടിക്ക് മൂന്ന് ദിവസം മുമ്പ് അനുമതി തേടണമെന്നായിരുന്നു അന്ന് വ്യവസ്ഥ ചെയ്തിരുന്നത്.

എന്നാൽ, ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കർണാടക ഹൈക്കോടതി ആ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. ഹൈക്കോടതി സ്റ്റേ മറികടക്കാനും നിയമപരമായ അടിത്തറ നൽകാനുമാണ് സർക്കാർ ഇപ്പോൾ പുതിയ ബില്ല് കൊണ്ടുവന്നിരിക്കുന്നത്.

ആർ.എസ്.എസിനെ നിയമപരമായ ചട്ടക്കൂടിനുള്ളിൽ കൊണ്ടുവരുമെന്ന് പ്രിയങ്ക് ഖാർഗെ അടുത്തിടെ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ബില്ലിന്റെ അവതരണം. മുമ്പ് കർണാടകയിലെ ചിറ്റാപൂരിൽ നടത്താനിരുന്ന ബി.ജെ.പി റൂട്ട് മാർച്ചിന് സർക്കാർ അനുമതി നിഷേധിച്ചത് വലിയ വിവാദമായിരുന്നു. തുടർന്ന് ബി.ജെ.പി കോടതിയെ സമീപിക്കുകയും കൃത്യമായ ഉപാധികളോടെ റൂട്ട് മാർച്ച് നടത്താനുള്ള അനുമതി കോടതിയിൽ നിന്ന് നേടുകയുമായിരുന്നു.

Content Highlight: Karnataka approves Bill making permission mandatory for public events; BJP claims RSS is the target

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more