| Saturday, 16th January 2016, 10:43 am

പൃഥ്വിരാജ് -ആര്‍.എസ് വിമല്‍ ബിഗ് ബജറ്റ് ചിത്രം കര്‍ണന്റെ പോസ്റ്റര്‍ പുറത്തിറക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എന്നു നിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആര്‍ എസ് വിമലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു.

കര്‍ണന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ്ബജറ്റ് ചിത്രത്തിന്റെ പ്രമേയം മഹാഭാരത കഥ തന്നെയാണ്. അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് തന്നെയാണ് കര്‍ണന്റെ പോസ്റ്റര്‍ ഫേസ്ബുക്കിലിട്ടത്.

ആയിരക്കണക്കിന് വരുന്ന സൈനികര്‍ക്കൊപ്പം സൈനിക ആടയില്‍ അശ്വാരൂഢനായ കര്‍ണനാണ് പോസ്റ്ററില്‍ പൃഥ്വി. ബാഹുബലി എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ പോസ്റ്ററുമായി സാമ്യം പുലര്‍ത്തുന്നതാണ് കര്‍ണന്റെ പോസ്റ്ററും

ബാഹുബലിയുടെ ഛായാഗ്രാഹകനായ സെന്തില്‍കുമാര്‍ ആണ് കര്‍ണന്റെ ഛായാഗ്രാഹകന്‍. ഗോപി സുന്ദറാണ് സംഗീതം.

45 കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്ന ചിത്രം വേണുവാണ് നിര്‍മിക്കുന്നത്. ഗംഗ, ഹരിദ്വാര്‍ എന്നിവിടങ്ങളിലായിരിക്കും സിനിമയുടെ ലൊക്കേഷന്‍.  പൃഥ്വിരാജിനെ കൂടാതെ തമിഴില്‍ നിന്നും പ്രശസ്തതാരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഉത്തരേന്ത്യയിലെ പ്രമുഖ താരമായിരിക്കും നായികയെന്ന് വിമല്‍ വ്യക്തമാക്കി. പൃഥ്വിയുടെ ശരീരപ്രകൃതി തന്നെയാണ് അദ്ദേഹത്തെ നായകനാക്കി തിരഞ്ഞെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് വിമല്‍ പറയുന്നു.

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് മുന്‍പേ ഈ കഥ മനസിലുണ്ടായിരുന്നു എന്നും എന്നാല്‍ മൊയ്തീനാണ് ആദ്യം പ്രേക്ഷകരിലെത്തിക്കാന്‍ സാധിച്ചതെന്നും വിമല്‍ പറയുന്നു. മൊയ്തീന്റെ വിജയം തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ച് പെട്ടെന്ന് തീരുമാനമെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും വിമല്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more