| Saturday, 7th February 2026, 3:40 pm

ക്ലബ്ബ് ഏതായാലും ഞാനടിക്കും; ഇവനൊരു ഹാട്രിക് വീരന്‍!

ഫസീഹ പി.സി.

സൗദി പ്രൊ ലീഗില്‍ തന്റെ പുതിയ ടീമായ അല്‍ ഹിലാലിനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഫ്രഞ്ച് സൂപ്പര്‍ താരം കരീം ബെന്‍സെമ നടത്തിയത്. ഫെബ്രുവരി അഞ്ചിന് അല്‍ അഖ്ദൂദിന് എതിരെയുള്ള മത്സരത്തിലാണ് താരം അല്‍ ഹിലാലിനായി അരങ്ങേറ്റം കുറിച്ചത്.

തന്റെ ആദ്യ മത്സരത്തിനെത്തി ഹാട്രിക്കും ഒരു അസിസ്റ്റും അടിച്ചാണ് ബെന്‍സെമ തിരികെ കയറിയത്. മത്സരത്തില്‍ അല്‍ ഹിലാല്‍ ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്കാണ് വിജയിച്ചത്. ഇതില്‍ ടീമിന്റെ ആദ്യ മൂന്ന് ഗോളുകളും വലയിലെത്തിയത് ഫ്രഞ്ച് താരത്തിന്റെ ബൂട്ടില്‍ നിന്നാണ്.

കരീം ബെന്‍സെമ. Photo: Karim Benzema/x.com

മത്സരത്തില്‍ 31, 60, 64 മിനിറ്റുകളില്‍ ഗോള്‍ അടിച്ചാണ് ബെന്‍സെമ തന്റെ ഹാട്രിക്ക് പൂര്‍ത്തീകരിച്ചത്. നാലാം ഗോളിന് താരം അസിസ്റ്റും നല്‍കി.

ഇതോടെ താന്‍ കളിക്കുന്ന നാലാം ക്ലബ്ബിനായി ഹാട്രിക്ക് സ്വന്തമാക്കാനും ബെന്‍സെമയ്ക്ക് സാധിച്ചു. ഫ്രഞ്ച് ക്ലബ്ബ് ലിയോണിലൂടെയാണ് താരം തന്റെ സീനിയര്‍ കരിയര്‍ തുടങ്ങിയത്. ഇവിടെ താരം രണ്ട് തവണ ഹാട്രിക്ക് അടിച്ചു.

പിന്നീട് സ്പാനിഷ് അതികായരായ റയൽ മാഡ്രിഡിലേക്ക് ബെന്‍സെമ ചേക്കേറി. ടീമിനൊപ്പം 2009 മുതല്‍ 2023 വരെ കളത്തിലിറങ്ങി. ലോസ് ബ്ലാങ്കോസിലെ 14 വര്‍ഷത്തെ കരിയറില്‍ താരം 11 തവണയാണ് ഹാട്രിക്ക് സ്വന്തമാക്കിയത്.

റയൽ മാഡ്രിഡ് ജേഴ്സിയിൽ കരീം ബെന്‍സെമ. Photo: MadridXtra/x.com

2023ലാണ് സൗദി പ്രൊ ലീഗിലേക്ക് ബെന്‍സെമ കൂടുമാറുന്നത്. ലീഗില്‍ അല്‍ ഇത്തിഹാദിന് വേണ്ടിയാണ് ആദ്യം ബൂട്ട് കെട്ടിയത്. ഇവിടെയും താന്‍ എത്തുന്ന ക്ലബ്ബുകളില്‍ ഹാട്രിക്ക് അടിക്കുന്ന ശീലം തുടരുന്നു.

അല്‍ ന്യൂമൂറിനായി അഞ്ച് തവണയാണ് താരം മത്സരത്തില്‍ മൂന്ന് ഗോളുകള്‍ അടിച്ച് വലയിലെത്തിച്ചത്.

ഇപ്പോളിതാ അല്‍ ഹിലാലിനായും ബെന്‍സെമ ഈ നേട്ടം ആവര്‍ത്തിച്ചു. അതും ടീമിനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ എന്നതാണ് ശ്രദ്ധേയം.

Content Highlight: Karim Benzema scored hat – trick in four clubs he has played for

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more