| Tuesday, 28th July 2026, 7:29 am

മലപ്പുറത്തെ കളി പഠിപ്പിക്കാന്‍ മൊറോക്കന്‍ മാസ്റ്റര്‍ ബ്രെയ്ന്‍; പടയൊരുക്കം തുടങ്ങി KL10

സുദേവ് എ

സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പുതിയ പരിശീലകനെ പ്രഖ്യാപിച്ച് മലപ്പുറം എഫ്.സി. മൊറോക്കോ പരിശീലകന്‍ കരിം ബെഞ്ചെറിഫയേയാണ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചത്.

ഇന്ത്യന്‍ ഫുട്ബോളിൽ ധാരാളം അനുഭവസമ്പത്തുള്ള പരിശീലകരില്‍ ഒരാളാണ് ബെഞ്ചെറിഫ. ഇന്ത്യയിലെ പല ക്ലബ്ബുകളുടെയും പരിശീലകനായി ബെഞ്ചെറിഫ പ്രവര്‍ത്തിച്ചിട്ടിട്ടുണ്ട്.

മോഹന്‍ ബഗാന്‍, പൂനെ എഫ്.സി, ഹാര്‍ച്ചില്‍ ബ്രദേഴ്‌സ്, സാല്‍ഗോക്കര്‍ എഫ്.സി എന്നീ ടീമുകളുടെ പരിശീലകനായി പ്രവര്‍ത്തിച്ച ബെഞ്ചെറിഫ മലപ്പുറത്തിന്റെ മുഖ്യപരിശീലകനായെത്തുമ്പോള്‍ ആരാധകര്‍ക്കും പ്രതീക്ഷകള്‍ ഏറെയാണ്.

2008ല്‍ മോഹന്‍ ബഗാനെ ഫെഡറേഷന്‍ കിരീടത്തിലേക്ക് നയിച്ച മൊറോക്കോ പരിശീലകന്‍ 2010-2011 സീസണില്‍ സാല്‍ഗോക്കറിനെ ഐ-ലീഗിലും ഫെഡറേഷന്‍ കപ്പിലും ചാമ്പ്യന്മാരാക്കി ശ്രദ്ധ നേടി. 2011ല്‍ ഐ-ലീഗ് കോച്ച് ഓഫ് ദി ഇയര്‍ പുരസ്‌കാരവും ബെഞ്ചെറിഫ സ്വന്തമാക്കിയിട്ടുണ്ട്.

ക്ലബ്ബ് ഫുട്‌ബോളിന് പുറമെ ഇന്റര്‍നാഷണല്‍ ടീമുകളുടെയും പരിശീലകനായി ബെഞ്ചെറിഫ ചുമതല വഹിച്ചിട്ടുണ്ട്. അണ്ടര്‍ 20 മൊറോക്കോ ടീമിനും സിംഗപ്പൂര്‍ വനിതാ ടീമിനും കളി പഠിപ്പിക്കാന്‍ ബെഞ്ചെറിഫക്ക് സാധിച്ചു. ഓഗസ്റ്റ് രണ്ടാം വാരത്തോടെ ബെഞ്ചെറിഫയുടെ കീഴില്‍ മലപ്പുറത്തിന്റെ പ്രീ സീസണ്‍ ക്യാമ്പ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൂര്‍ണമെന്റിലെ ആദ്യ കിരീടം ലക്ഷ്യം വെച്ചാണ് മലപ്പുറം എഫ്.സി ഇത്തവണ കളത്തിലിറങ്ങുന്നത്. ടൂര്‍ണമെന്റിന്റെ ആദ്യ സീസണില്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടാന്‍ സാധിക്കാതെ പോയ മലപ്പുറം രണ്ടാം സീസണില്‍ ആദ്യ നാലില്‍ ഇടം പിടിച്ചിരുന്നു.

എന്നാല്‍ സെമിയില്‍ തൃശൂര്‍ മാജിക് എഫ്.സിയോട് പരാജയപ്പെട്ട് ടീം പുറത്താവുകയായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ കിരീടം മഞ്ചേരി പയ്യനാടിലേക്കെത്തിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാവും മലപ്പുറത്തിന്റെ മുന്നിലുണ്ടാവുക.

സെപ്റ്റംബര്‍ 25നാണ് സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം പതിപ്പിന് തുടക്കമാവുന്നത്. ഡിസംബര്‍ 15നാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക.

ഇത്തവണ കാസര്‍ഗോഡ്, പാലക്കാട് എന്നീ പുതിയ ടീമുകള്‍ ടൂര്‍ണമെന്റിലേക്ക് കടന്നുവരുമെന്ന വാര്‍ത്തകള്‍ നിലനിന്നിരുന്നുവെങ്കിലും മൂന്നാം സീസണിലും ആറ് ടീമുകള്‍ മാത്രമായിരിക്കും കിരീടത്തിനായി മാറ്റുരക്കുക.

Content Highlight: Karim Bencherifa appointed as new coach of Malappuram FC in Kerala Super League

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more