യൂട്യൂബിലെ സീരീസുകള്‍ക്ക് മലയാളികള്‍ക്കിടയില്‍ വലിയ ഫാന്‍ബേസുള്ള ചാനലാണ് കരിക്ക്. 2018ല്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ ആരംഭിച്ച യൂട്യൂബ് ചാനലും അതിലൂടെ പുറത്തുവന്ന വീഡിയോകളും മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് തേരാ പാരയിലൂടെ വലിയ സ്വീകാര്യതയായിരുന്നു കരിക്ക് നേടിയത്. തുടര്‍ന്ന് കരിക്കിന്റെ ഓരോ എപ്പിസോഡുകളും പ്രേക്ഷകര്‍ ആഘോഷമാക്കി.
എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി കരിക്കിന്റെ വീഡിയോകള്‍ക്ക് പ്രതീക്ഷിച്ച സ്വീകാര്യതയല്ല ലഭിക്കുന്നത്. മേക്കിങ്ങില്‍ ഓരോ തവണയും മെച്ചപ്പെടുമ്പോഴും പഴയതുപോലെ കോമഡികള്‍ വരുന്നില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കഴിഞ്ഞദിവസം പുറത്തുവന്ന ജയില്‍ ചില്‍ എന്ന എപ്പിസോഡിനും സമ്മിശ്ര പ്രതികരണമാണ്.
സബ് ജയിലിലെ ഒരുകൂട്ടം തടവുകാരും അവര്‍ക്കിടയിലെ തമാശകളുമാണ് ഈ എപ്പിസോഡ് പറഞ്ഞുവെക്കുന്നത്. വലിയ രീതിയില്‍ തമാശകള്‍ക്ക് സ്‌കോപ്പുണ്ടായിരുന്നിട്ടും അധികം തമാശകള്‍ കൊണ്ടുവരാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഡൗണായി പോകേണ്ട എപ്പിസോഡില്‍ വര്‍ക്കായ ചില നമ്പറുകളെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
ലോലന്‍(ശബരീഷ്) അവതരിപ്പിച്ച മണിയന്‍ എന്ന കള്ളന്‍ ഫ്രഷ് എക്‌സ്പീരിയന്‍സായിരുന്നു. ആദ്യാവസാനം മണിയന്‍ എന്ന കഥാപാത്രത്തിന്റെ മീറ്ററും മാനറിസവും ലോലനില്‍ ഭദ്രമായിരുന്നു. പ്രത്യേക രീതിയിലുള്ള ഡയലോഗ് ഡെലിവറിയും ഇടക്കിടെയുള്ള മണ്ടത്തരവുമെല്ലാം അത്യാവശ്യം നല്ല രീതിയില്‍ തന്നെ വര്‍ക്കായിട്ടുണ്ട്.
അര്‍ജുന്‍ രത്തനും തന്നാലാകും വിധം ഗംഭീരമാക്കിയിട്ടുണ്ട്. ഹനാന്‍ ഷായുടെ ‘ചിറാപൂഞ്ചി മഴയത്ത്’ എന്ന പാട്ടും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായ ‘അന്നന പാത്തിയ’ എന്ന തായ്‌ലന്‍ഡ് ഗാനവുമെല്ലാം അവതരിപ്പിച്ച രീതിയുമെല്ലാം ഗംഭീരമായിരുന്നു. കരിക്കിന്റെ ട്രേഡ്മാര്‍ക്ക് കോമഡികളില്‍ ഒന്നായി ഈ സീനിനെ വിലയിരുത്താം.
ഏത് എപ്പിസോഡാണെങ്കിലും ചെറിയൊരു റോള്‍ കിട്ടിയാല്‍ കംപ്ലീറ്റ് അഴിഞ്ഞാട്ടം നടത്തുന്ന അനു കെ. അനിയന്‍ (ജോര്‍ജ്) ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. പി.ടി സാറായി ഗംഭീര പെര്‍ഫോമന്‍സായിരുന്നു അനുവിന്റേത്. കടുവയെ കൊന്നതിനെക്കുറിച്ച് പറയുന്ന സീനെല്ലാം തന്റേതായ രീതിയില്‍ അനു മികച്ചതാക്കിയിട്ടുണ്ട്.
Content Highlight: Karikku new episode getting mixed response in social media
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ