കൊല്‍ക്കൊത്ത: കമ്യൂണിസ്റ്റ് മാര്‍ഗ രേഖയില്‍ നിന്നുള്ള വ്യതിചലനത്തിനെതിരെ പശ്ചിമ ബംഗാള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജനറല്‍ സെക്രട്ടറിയുടെ താക്കീത്. സാമ്പത്തിക ഉദാരീകരണവും കമ്പോളാധിഷ്ടിത മൂലധനവും സമൂഹത്തെ ആഴത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് കാരാട്ട് പറഞ്ഞു. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കര്‍ക്കശമായ കമ്യൂണിസ്റ്റ് മൂല്യങ്ങളും ധാര്‍മ്മികതയും മുറുകെപിടിക്കണം. ഇത്തരം മൂല്യങ്ങളില്‍ വ്യതിയാനം സംഭവിച്ചാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കാരാട്ട് പറഞ്ഞു. പശ്ചിമ ബംഗാള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളവത്കരണത്തിന്റെ പ്രതിഫലനങ്ങള്‍ രാഷ്ട്രീയത്തിലും ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയത്തില്‍ പണത്തിന്റെ സ്വാധീനം മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഇടപെടുന്നത് കൊണ്ടും മറ്റ് ബൂര്‍ഷ്വാ പാര്‍ട്ടികളുമായി ഇടപെടുന്നത് കൊണ്ടും സി പി ഐ എമ്മിലും മോശം പ്രവണതകള്‍ കാണുന്നുണ്ട്. പുതിയ പ്രവര്‍ത്തകര്‍ പ്രത്യശാസ്ത്രപരമായും രാഷ്ട്രീയപരമായും പിറകിലാണ്. പാര്‍ലിമെന്ററി പ്രവര്‍ത്തനങ്ങളും ജനകീയ പ്രവര്‍ത്തനങ്ങളും പാര്‍ട്ടിക്ക് ഒരു പോലെ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയണം. പാര്‍ലിമെന്ററി പ്രവര്‍ത്തനത്തില്‍ മാത്രം ശ്രദ്ധ കൊടുത്താന്‍ ജനകീയ അടിത്തറ കെട്ടിപ്പടുക്കാന്‍ കഴിയാതെ പോകും. എന്നാല്‍ ഇപ്പോള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ കാണുന്നുണ്ട്.
ജനാധിപത്യ കേന്ദ്രീകരണം പാര്‍ട്ടിയുടെ അടിസ്ഥാന സംഘടനാ തത്വമാണ്. ഇതില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. തിരുത്തലും ശുദ്ധീകരണവും എല്ലായ്‌പോഴും പാര്‍ട്ടിയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇത് പാര്‍ട്ടിയുടെ വിപ്ലവ സ്വഭാവം നിലനിര്‍ത്താന്‍ അത്യാവശ്യമാണെന്നും കാരാട്ട് പറഞ്ഞു.