ആലിയ ഭട്ട് നായികയായി കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രമായിരുന്നു ജിഗ്ര. വമ്പന്‍ ഹൈപ്പിലെത്തിയ ചിത്രം എന്നാല്‍ തിയേറ്ററില്‍ തകര്‍ന്നടിയുകയായിരുന്നു. കരണ്‍ ജോഹറാണ് ജിഗ്രയുടെ നിര്‍മാതാവ്. ഇപ്പോള്‍ ജിഗ്രയുടെ പരാജയത്തെ കുറിച്ച് സംസാരിക്കുകയാണ് കരണ്‍ ജോഹര്‍.
ആ സിനിമയില്‍ മുഴുവന്‍ ടീമിനും പ്രതീക്ഷയുണ്ടായിരുന്നുവെന്നും സംവിധായകന്‍ വാസന്‍ ബാലയില്‍ വിശ്വസിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. എല്ലാവരും സിനിമ ഹിറ്റാകുമെന്നുതന്നെയാണ് പ്രതീക്ഷിച്ചതെന്നും എന്നാല്‍ അപ്രതീക്ഷിതമായി ജിഗ്ര പരാജയപ്പെട്ടപ്പോള്‍ അത് ടീമിനെ മൊത്തമായി തളര്‍ത്തിയെന്നും കരണ്‍ ജോഹര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമ എന്തുകൊണ്ടാണ് പരാജയപ്പെട്ടത് എന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ വരുമെന്നും അണ്ടർറേറ്റഡ് ചിത്രമായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ജിഗ്ര പരാജയപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്ക് വളരെയേറെ ദുഖവും നിരാശയും തോന്നി. ആ സിനിമയെക്കുറിച്ച് ഇന്നും ഞങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ അഭിമാനമുണ്ട്. വാസന്‍ ഇടക്കിടക്ക് സ്വയം ട്രോളി മറ്റുവരെ ചിരിപ്പിക്കും. സിനിമ പരാജയപെട്ടപ്പോഴും അവന്‍ അത് തന്നെയാണ് ചെയ്തത്. ആലിയയും വാസനും ഒക്കെയുള്ളോരു വാട്‌സ്ആപ്പ് ഗ്രുപ്പ് ഞങ്ങള്‍ക്കുണ്ട്. ഇപ്പോഴും ഇടക്കൊക്കെ ഇക്കാര്യം പറഞ്ഞ് ഞങ്ങള്‍ ചിരിക്കും,’ കരണ്‍ ജോഹര്‍ പറയുന്നു.
ചിത്രത്തിലെ ആലിയയുടെ പ്രകടനത്തെ കുറിച്ചും കരണ്‍ ജോഹര്‍ സംസാരിച്ചു. ജിഗ്ര പോലൊരു സിനിമ ചെയ്യാന്‍ ആലിയ ഭട്ട് കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും അത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പലരും മടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ഈ സിനിമ പരാജയപ്പെട്ടതില്‍ നാണക്കേടൊന്നും തോന്നുന്നില്ലെന്നും അഭിമാനം മാത്രമേ ഉള്ളുവെന്നും കരണ്‍ കൂട്ടിച്ചേര്‍ത്തു. ചില ചിത്രങ്ങള്‍ വിജയിച്ചാലും അത് ചെയ്തുപോയല്ലോ എന്നോര്‍ത്ത് തനിക്ക് നിരാശ തോന്നിയിട്ടുണ്ടെന്നും എന്നാല്‍ ജിഗ്രയില്‍ തനിക്ക് അങ്ങനെയൊന്ന് തോന്നിയിട്ടില്ലെന്നും കരണ്‍ ജോഹര്‍ പറഞ്ഞു.
Content Highlight: Karan Johar talks about Jigra Movie