| Friday, 14th May 2010, 10:30 pm

സംവിധാനത്തേക്കാള്‍ ഇഷ്ടം നിര്‍മ്മാണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സംഭാഷണം / കരണ്‍ ജോഹര്‍

സിനിമാ സംവിധനം അദ്ദേഹത്തിന്റെ ഏതാനും പാഷനുകളില്‍ ഒന്നുമാത്രമാണ്. 1998ല്‍ കുച്ച് കുച്ച് ഹോത്തയിലൂടെ തുടങ്ങി പുറത്തിറങ്ങിയ നാലു ചിത്രങ്ങളോടെ രാജ്യത്തെ എറ്റവും വിലയുള്ള സംവിധായകരില്‍ ഒരാളായിത്തീര്‍ന്ന കരണ്‍ ജോഹര്‍ . അടുത്തിടെ പുറത്തിറങ്ങിയ മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിന്റെ ഇന്റര്‍നാഷനല്‍ എഡീഷന്റെ ലോഞ്ചിനോടനുബന്ധിച്ച് അമേരിക്കയിലായിരുന്നു ഇത്രയും നാള്‍ .

സംവിധാനത്തേക്കാള്‍ ചിത്രം നിര്‍മിക്കുന്നതാണ് കൂടുതല്‍ സംതൃപ്തി നല്‍കുന്നതെന്ന് പറയുന്നു കരണ്‍ . തന്റെ ചിത്രങ്ങളിലൂടെ സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും ബ്രേക്ക് കിട്ടുമെന്നതാണ് കരണിന് സംതൃപ്തി നല്‍കുന്ന കാര്യം.

രാജ്യത്തെ എറ്റവും അറിയപ്പെടുന്ന കലാകാരന്‍മാരാണ് കരണിന്റെ ചിത്രങ്ങളില്‍ വേഷമിട്ടത്. അമിതാഭ് ബച്ചനും ജൂനിയര്‍ ബച്ചനും ഷാരൂഖ് ഖാനും, ഋതിക് റോഷനും അക്കൂട്ടത്തില്‍പ്പെടും.

കരണിന്റെ ചിത്രമാണെങ്കില്‍ സ്‌ക്രിപ്റ്റ് പോലും നോക്കാറില്ലെന്ന് ഷാരൂഖ്. കരണ്‍ ജോഹര്‍ – ഷാരൂഖ് കൂട്ടുകെട്ടിന്റ മൈ നെയിം ഈസ് ഖാന്‍ വമ്പന്‍ പരാജയമെന്ന റിപ്പോര്‍ട്ടുകളെ തള്ളിക്കളയുന്നതായിരുന്നു അതിന്റെ വിജയം. ഇന്ത്യക്ക് പുറത്ത് ഒരു ചലച്ചിത്രത്തിനു കിട്ടുന്ന എറ്റവും ഉയര്‍ന്ന കലക്ഷനാണ് MINKന് ലഭിച്ചത്.

യു കെയിലെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ മൂന്നു സിനിമകളും കരണിന്റേതാണ്. യു എസിലെ ഇന്ത്യക്കാരല്ലാത്ത പ്രേക്ഷകര്‍ക്കു വേണ്ടി MINKല്‍ ചില ഡയറക്‌റ്റേഴ്‌സ് കട്ട് നടത്തി ഒരു ഇന്റര്‍നാഷനല്‍ എഡീഷന്‍ തുടങ്ങിയിട്ടുണ്ട്.

എന്താണ് ഡയറക്‌റ്റേഴ്‌സ് കട്ടും സ്റ്റാന്‍ഡേര്‍ഡ് എഡീഷനും തമ്മിലുള്ള വ്യത്യാസം.?

(ചിരിച്ചുകൊണ്ട് ) MINK ന്റെ അന്താരാഷ്ട്ര വിതരണക്കാരായ ഫോക്‌സ് സെര്‍ച്ച് ലൈറ്റ് ഒറിജിനല്‍ സിനിമയില്‍ നിന്ന് അരമണിക്കൂറോളം ഭാഗങ്ങള്‍ എഡിറ്റ് ചെയ്തുമാറ്റിയിട്ടുണ്ട്. സിനിമ പുതിയ വേര്‍ഷനില്‍ കണ്ടപ്പോള്‍ സന്തോഷം തോന്നി. ഒരു കാര്യം ചുരുക്കി പറയാന്‍ എനിക്കറിയില്ല, എന്നാല്‍ അവര്‍ക്കറിയാം.

ഇന്ത്യയില്‍ MINK ന്റെ വിജയം…

വിചാരിച്ചതിനേക്കാള്‍ ഏറെയായിരുന്നു ഇന്ത്യയില്‍ MINK ന്റെ വിജയം. ഇത് ഒരു ടിപ്പിക്കല്‍ കരണ്‍ ജോഹര്‍ സിനിമയല്ല. ഇതിന്റെ നിര്‍മാണ വേളയിലാണ് യഥാര്‍ത്ഥത്തില്‍ ഞാന്‍ വളരുന്നതായി എനിക്കനുഭവപ്പെട്ടത്.

വിദേശമാര്‍ക്കറ്റില്‍ ഒരു ഇന്ത്യന്‍ വിതരണക്കാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത എന്തു കാര്യമാണ് ഫോക്‌സ് സെര്‍ച്ച് ലൈറ്റിന് ചെയ്യാനാവുക?

ഫോക്‌സിന് വലിയ വിതരണശൃംഘലയുണ്ട്. അവര്‍ കാനഡ മുതല്‍ പോളണ്ടു വരെയും ഇന്റോനേഷ്യാ തുടങ്ങിയ രാജ്യങ്ങളിലെയും കൊള്ളാവുന്ന തിയേറ്ററുകളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.ഇവിടങ്ങളിലൊക്കെ ഇന്ത്യന്‍ ചിത്രങ്ങള്‍ വളരെ പോപുലറാണ് എന്നാല്‍ വിതരണക്കാരില്ലാത്തതാണ് പ്രശ്‌നം. ഈജിപ്ത് , ജോര്‍ദാന്‍, മലേഷ്യ എന്നിവടങ്ങളില്‍ MINK നന്നായി ഓടുന്നത് തന്നെ ഫോക്‌സിന്റെ വിതരണത്തോടെയാണ്.

ഏതൊക്കെ രാജ്യങ്ങളാണ് കരണ്‍ ജോഹറെ ഞെട്ടിച്ചത്?

ഇന്തോനേഷ്യ, പോളണ്ട്. ഇവിടെയെല്ലാം നല്ല പ്രതികരണമാണ് MINK ന് ലഭിച്ചിട്ടുള്ളത്.

ഫോക്‌സായി ഇനി അടുത്തെങ്ങാനും പ്രവര്‍ത്തിക്കുമോ?

ഇപ്പോള്‍ തല്‍ക്കാലം ഇല്ല. നാളെ ഒരു പക്ഷെ എന്താവുമെന്നറിയില്ല. ധര്‍മ പ്രൊഡക്ഷന്‍സിനെയും എന്നെയും ഒരു കുടുംബം പോലെയാണ് ഫോക്‌സ് സ്വാഗതം ചെയ്തത്. ഹോളിവുഡ് സ്റ്റുഡിയോക്ക് പറ്റുന്ന എതെങ്കിലും പ്രൊഡക്ഷന്‍ വരികയാണെങ്കില്‍ തീര്‍ച്ചയായും ഫോക്‌സ് സമീപിക്കേണ്ടതാണ്.

ധര്‍മ കുറെ സംവിധായകര്‍ക്ക് ബ്രേക്ക് നല്‍കിയല്ലോ?

അതാണ് ഞങ്ങളുടെ അഭിമാനം. കഴിഞ്ഞ വര്‍ഷം വേക് അപ്പ് സിദ് ചെയ്തു. അയാന്‍ മുഖര്‍ജിയായിരുന്നു ഡയറക്ടര്‍. ഇമ്രാന്‍ഖാനും സോനവും ചേര്‍ന്നുള്ള ഐ ഹേറ്റ് ലവ് സ്‌റ്റോറീസ് ചെയ്തു, പുനീത് മല്‍ഹോത്രയാണ് എൈ ഹേറ്റ് ലവ് സ്‌റ്റോറീസിന്റെ സംവിധാനം നിര്‍വഹിച്ചിട്ടുള്ളത്. അതു കുറെ തമാശകളുള്ള രസികന്‍ ചിത്രമാണ്.

എന്താണ് ഐ ഹേറ്റ് ലൗ സ്‌റ്റോറീസിന്റെ പ്രത്യേകത
.

ബോളിവുഡ് ലൗ സ്‌റ്റോറീ സിനിമകളെ ഇഷ്ടമില്ലാത്ത ഒരു പയ്യന്റെ കഥയാണ്. എന്നാല്‍ അവനറിയാതെ തന്നെ അതെല്ലാം അവന്റെ ജീവിതത്തില്‍ സംഭവിക്കുന്നു. അങ്ങിനെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമായി ലൗ സ്റ്റോറികള്‍ മാറുന്നു. നമ്മുടെ ജനറേഷനിലെ വഹീദ റഹ്മാനാണ് സോനം കപൂര്‍ . സോനത്തിന്റെ ദിനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. ഐ ഹേറ്റ് ലൗ സ്‌റ്റോറീസ് സോനത്തിനും ഒരു ബ്രേക്കാവും.

റെന്‍സില്‍ ഡിസില്‍വ സംവിധാനം ചെയ്ത കുര്‍ബാന്‍ ?

തീവ്രവാദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന മറ്റൊരു ചിത്രമാണ് കുര്‍ബാന്‍ . അതൊരു ഹിറ്റ് തന്നെയായിരുന്നു. എന്നാല്‍ സിനിമ പോയിക്കാണാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്നു. മാത്രമല്ല രാജ്യത്തെ 300 തിയേറ്ററുകളില്‍ ഒരേസമയം ഈ സിനിമ റിലീസ് ചെയ്തിരുന്നില്ല. വായമൊഴിയായി അറിയപ്പെടുന്ന സിനിമകള്‍ വിജയിക്കാന്‍ കാലമെടുക്കും.

എന്നിരുന്നാലും ആ ചിത്രത്തിന്റെ നിര്‍മാതാവ് എന്ന നിലയില്‍ പരാജയത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്.

ചിത്രത്തിലെ വൈകാരികമായ പീഡനത്തേക്കാള്‍ അതിലെ ശാരീരികപീഡനത്തിനാണ് ഞങ്ങള്‍ പ്രാമുഖ്യം കൊടുത്തതെന്ന് തോന്നിയിട്ടുണ്ട്. എന്നാലും ചിത്രത്തിന്റെ പരാജയം ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു. മിഡില്‍ ഈസ്റ്റിലെയും അമേരിക്ക, യു കെ എന്നിവിടങ്ങളിലെ സിനിമാ പ്രേമികള്‍ ചിത്രം ഇഷ്ട്‌പ്പെട്ടുവെന്ന് പറഞ്ഞ് ഞങ്ങളെ ഇപ്പോഴും വിളിക്കുന്നുണ്ട്.

മറ്റെന്തൊക്കെയാണ് കുര്‍ബാനില്‍ നിന്ന് പഠിച്ച് പാഠങ്ങള്‍

ഞാന്‍ വിശ്വസിക്കുന്നത് ഒരു ചിത്രത്തിന്റെ വിജയം ആസ്വദിക്കുന്നതുപോലെതന്നെ അതിന്റെ പരാജയവും നമ്മള്‍ അംഗീകരിക്കണം. പക്ഷെ പരാജയം ഒരിക്കലും നമ്മുടെ വീക്ഷണത്തെ മാറ്റുന്നതാവരുത്. കുര്‍ബാന്‍ അങ്ങിനെ ഒന്നായിരുന്നു. അങ്ങിനെ ഒരു സിനിമയുണ്ടാക്കിയതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. സിനിമയുടെ പരാജയത്തില്‍ വിതുമ്പിയിരിക്കാന്‍ സമയമില്ല. അടുത്ത സിനിമയിലേക്ക് പോകണം, അതാണ് പിതാവ് യഷ് ജോഹറില്‍ നിന്ന് ഞാന്‍ പഠിച്ച പാഠം.

കരണ്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നാണ് തുടങ്ങുന്നത്?

ഉടനെയുണ്ടാവും.അടുത്തുള്ള മാസങ്ങളില്‍ അതിനുള്ള പണികള്‍ തുടങ്ങണം. വിഷയം ആലോചിച്ചു കൊണ്ടിരിക്കുകയാണ്. അതൊരു തമാശപ്പടമായിരിക്കും. കുറെ നടീ-നടന്‍മാര്‍ ഉണ്ടാവില്ല. ഇതില്‍ കൂടുതല്‍ എനിക്കും അറിയില്ല.(ചിരിക്കുന്നു).

We use cookies to give you the best possible experience. Learn more