ന്യൂദല്‍ഹി: വ്യക്തിപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതവും സംവിധായകനുമായ കരണ്‍ ജോഹര്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ പേര് ഉപയോഗിച്ച് അനധികൃതമായി പണം സമ്പാദിക്കുന്നുണ്ടെന്നാണ് കരണ്‍ ജോഹറിന്റെ ആരോപണം. ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ഉള്‍പ്പെട്ട സമാനമായ കേസുകള്‍ക്ക് പിന്നാലെയാണ് കരണ്‍ ജോഹറിന്റെ ഈ നീക്കം
ആളുകള്‍ കരണ്‍ ജോഹറിന്റെ പേര് പണം സമ്പാദിക്കുന്നതിനായി ദുരുപയോഗം ചെയ്യുകയാണെന്ന് കരണ്‍ ജോഹറിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തിപരമായ അവകാശങ്ങള്‍ ചൂഷണം ചെയ്യുന്നത് തടയാന്‍ അടിയന്തര ജുഡീഷ്യല്‍ സംരക്ഷണംവേണമെന്നും അഡ്വ. രാജ്‌ശേഖര്‍ റാവു കോടതിയോട് ആവശ്യപ്പെട്ടു.
എന്നാല്‍ കേസില്‍ എടുത്തുകാണിച്ച നിരവധി കാര്യങ്ങള്‍ അപകീര്‍ത്തികരമായി കണക്കാക്കാനാവില്ലെന്നാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ ഉടമസ്ഥരായ മെറ്റാ പറയുന്നത്.
ഹരജിയില്‍ ദല്‍ഹി ഹൈക്കോടതി ഇതുവരെ ഔദ്യോഗിക വിധി പുറപ്പെടുവിച്ചിട്ടില്ല. വാദങ്ങള്‍ കേട്ട ശേഷം, ചില പ്രത്യേക പേജുകള്‍ നീക്കം ചെയ്യുന്നതിനുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അനുമതിയില്ലാതെ തന്റെ പേരും എ.ഐ നിര്‍മിത ചിത്രങ്ങളും വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ഐശ്വര്യ റായി ദല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. തന്റെ വ്യക്തിത്വവും സ്വകാര്യതയും സംരക്ഷിക്കണമെന്ന ആവശ്യത്തിലാണ് നടി ഹരജി നല്‍കിയത്.
Content highlight: Karan Johar files complaint in High Court after Aishwarya Rai and Abhishek Bachchan allege that his name is being used to illegally make money