റൊമാന്‍സും ഫീല്‍ ഗുഡും പിന്നെ കുറച്ച് ഇമോഷനും. വിനീത് ശ്രീനിവാസന്‍ സിനിമയെന്ന് പറയുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് ഈ കാര്യങ്ങളാണ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് മുതല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വരെ അത് നിലനിര്‍ത്താന്‍ വിനീതിന് സാധിച്ചു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി തന്റെ ട്രാക്ക് മാറ്റിപ്പിടിക്കാന്‍ വിനീത് നടത്തിയ ശ്രമമാണ് കരം.
തിരയിലൂടെ ആദ്യം തന്റെ ട്രാക്ക് മാറ്റാന്‍ വിനീത് ചെറുതായി ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. അതേ അവസ്ഥ തന്നെയാണ് കരത്തിനും എന്ന് പറയാനാകും. പൂര്‍ണമായും കേരളത്തിന് പുറത്താണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. പരിചയമില്ലാത്ത സ്ഥലത്ത് നടക്കുന്ന കഥ പറയുക എന്നത് ഏതൊരു സംവിധായകനും വെല്ലുവിളിയാണ്. ആ സ്ഥലവും ചുറ്റുപാടുകളും പ്രേക്ഷകരിലേക്ക് കണക്ടായില്ലെങ്കില്‍ എത്ര വലിയ സിനിമയായാലും പരാജയമാകും.
കരം അതിന്റെ അവസാനത്തെ ഉദാഹരണമാണ്. ഉത്തരേന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് വെച്ച് പറയേണ്ട കഥയെ യാതൊരു ആവശ്യവുമില്ലാതെ ജോര്‍ജിയയില്‍ കൊണ്ട് പ്ലെയ്‌സ് ചെയ്‌തെന്നേ പറയാനുള്ളൂ. ആക്ഷന്‍ ഡ്രാമ ഴോണറിലൊരുങ്ങിയ ചിത്രം തിയേറ്ററില്‍ ശരാശരി അനുഭവം മാത്രമായി ഒതുങ്ങിയതില്‍ കഥാപശ്ചാത്തലം വഹിച്ച പങ്ക് ചെറുതല്ല.
ദേവ് എന്ന പട്ടാളക്കാരന്‍ അയാളുടെ മിഷനിടെ വരുത്തിവെച്ച അശ്രദ്ധ കൂട്ടുകാരനെ അപകടത്തിലാക്കുകയും ജോലിയില്‍ നിന്ന് പുറത്താക്കാന്‍ കാരണമാവുകയും ചെയ്യുന്നു. പിന്നീട് കാമുകിയോടൊപ്പം ജീവിക്കാമെന്ന് തീരുമാനിച്ചപ്പോള്‍ അവള്‍ക്കും അപകടം നേരിടുന്നു. എല്ലാത്തില്‍ നിന്നും വിട്ടുനിന്ന ദേവ് പിന്നീട് മറ്റൊരു വിവാഹം കഴിക്കുകയും കുടുംബത്തോടൊപ്പം ഒരാവശ്യത്തിനായി ലെനാര്‍ക്കോയിലേക്കും പോകുന്നിടത്താണ് കഥ വികസിക്കുന്നത്.
ലെനാര്‍ക്കോയില്‍ അയാളുടെ ഭൂതകാലത്തിലെ ഒരു സംഭവം വേട്ടയാടുകയും അത് ശരിയാക്കാന്‍ ഇറങ്ങി പുറപ്പെടുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. രണ്ടേകാല്‍ മണിക്കൂറിന് താഴെ ദൈര്‍ഘ്യമുള്ള ചിത്രം വളരെ വേഗത്തിലാണ് കഥ പറഞ്ഞുപോകുന്നത്. എന്നാല്‍ ഒരിടത്തുപോലും പ്രേക്ഷകരുമായി ഇമോഷണലി കണക്ടാകുന്നില്ല. ടെന്‍ഷനായി നില്‍ക്കുന്ന രംഗങ്ങളില്‍ തമാശ കയറ്റുന്ന പരീക്ഷണം തുടക്കത്തില്‍ ഇഷ്ടമായെങ്കിലും പോകെപ്പോകെ ബോറടിച്ചു.
കാലങ്ങളായി ഇന്ത്യന്‍ സിനിമയില്‍ പറഞ്ഞു മടുത്ത മനുഷ്യക്കടത്ത്, അവയവക്കടത്ത് എന്നിവ ഈ സിനിമയിലും വന്നപ്പോള്‍ തന്നെ മടുപ്പ് തോന്നി. ലോകത്തിലെ വില്ലന്മാര്‍ക്ക് വേറെ പണിയൊന്നുമില്ലേ എന്ന് സംവിധായകനോട് ചോദിക്കണമെന്നുണ്ട്. പുതുമയില്ലാത്ത ഈയൊരു എലമെന്റില്‍ എത്ര വലിയ മേക്കിങ് നടത്തിയിട്ടും വലിയ കാര്യമൊന്നുമില്ലെന്ന് കരം തെളിയിച്ചു.
അഭിനേതാക്കളുടെ പ്രകടനത്തിലേക്കെത്തുമ്പോള്‍ നായകനായ നോബിള്‍ ബാബു യാതൊരു ഇംപാക്ടും എവിടെയും ഉണ്ടാക്കിയിട്ടില്ല. പ്രത്യേകിച്ച് ഭാവപ്രകടനങ്ങളൊന്നുമില്ലാത്ത ഡയലോഗ് ഡെലിവറിയും കൂടിയായപ്പോള്‍ സിനിമയുടെ പ്രധാന ഭാഗം തന്നെ കൈയീന്ന് പോയ അവസ്ഥയായി. ആക്ഷന്‍ രംഗങ്ങളില്‍ നോബിള്‍ അത്യാവശ്യം എഫര്‍ട്ട് ഇട്ടിട്ടുണ്ടെങ്കിലും ‘എന്തൊക്കെ ചെയ്തിട്ടും മെനയാവുന്നില്ലല്ലോ സജീ’ എന്ന് പറയാനാണ് തോന്നിയത്.
നായികമാരായെത്തിയ ആന്‍ഡ്രേ മിരിയം, രേഷ്മ സെബാസ്റ്റിയന്‍ എന്നിവര്‍ തരക്കേടില്ലാത്ത പ്രകടനമായിരുന്നു കാഴ്ചവെച്ചത്. കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച കമാല്‍ മുഹമ്മദും റോഡ്രിഗോയായി വേഷമിട്ട ബാബുരാജും സിനിമയെ ഒരു പരിധിവരെ താങ്ങിനിര്‍ത്തി. രണ്ടാം പകുതിയില്‍ ബാബുരാജിന്റെ ചില രംഗങ്ങള്‍ ചിരി പടര്‍ത്തി.
പ്രധാന വില്ലനായി വേഷമിട്ട ഇവാന്‍ വുകുമാനോവിച്ച് ( ഇവാനാശാന്‍) കൊടൂര വില്ലനാവാന്‍ ശ്രമിച്ചെങ്കിലും എങ്ങുമെത്താതെ പോയി. ടെററാവാന്‍ നോക്കി കോമഡിയായിപ്പോയ ഇവാനാശാന്റെ കഥാപാത്രവും പാളി എന്നേ പറയാനാകുള്ളൂ. മനോജ് കെ. ജയന്‍, ശ്വേതാ മേനോന്‍ എന്നിവരുടെ കഥാപാത്രവും പ്രകടനവും മടുപ്പാണ് സമ്മാനിച്ചത്. ഡയലോഗ് ഡെലിവറിയില്‍ വെറുപ്പിച്ചെങ്കിലും വിഷ്ണു ജി. വാര്യറുടെ ബാറ്റോ എന്ന കഥാപാത്രം ആക്ഷന്‍ രംഗങ്ങളില്‍ ഞെട്ടിച്ചു.
സ്‌ക്രിപ്റ്റും പെര്‍ഫോമന്‍സും വീക്കാകുമ്പോഴും പല സിനിമകളെയും താങ്ങിനിര്‍ത്തുന്നത് സംഗീതമാണ്. ഷാന്‍ റഹ്‌മാന്‍ ഈണമിട്ട പാട്ടുകള്‍ ചിലത് നന്നായപ്പോള്‍ ചിലത് ശരാശരി മാത്രമായി അനുഭവപ്പെട്ടു. വെല്‍ക്കം ടു ലെനാര്‍ക്കോ എന്ന പാട്ട് മാത്രമാണ് പടം കഴിഞ്ഞിട്ടും മനസില്‍ തങ്ങി നിന്നത്. ബി.ജി.എമ്മിന്റെ കാര്യവും അതുപോലെയൊക്കെ തന്നെ.
ജോര്‍ജിയ വരെ വന്ന സ്ഥിതിക്ക് എല്ലാം കറക്ടായി ഷൂട്ട് ചെയ്യാമെന്ന ജോമോന്‍ ടി. ജോണിന്റെ തീരുമാനം തെറ്റിയില്ല. ഓരോ ഷോട്ടും ഗംഭീരമായിരുന്നു. ഫോറിനില്‍ നിന്നുള്ള ലസാറേ, ഇറക്‌ലീ എന്നിവരൊരുക്കിയ ആക്ഷന്‍ രംഗങ്ങളും നന്നായിരുന്നു.
രണ്ടേകാല്‍ മണിക്കൂര്‍ യാതൊരു ഭാവഭേദവും വരുത്താതെ ഫ്‌ളാറ്റായി കഥ പറഞ്ഞുപോയ ശരാശരി അനുഭവം മാത്രമായി വിനീത് ശ്രീനിവാസന്റെ കരം മാറി. സ്വന്തം പേര് ഇന്‍ഡസ്ട്രിയിലെ ബ്രാന്‍ഡാക്കി മാറ്റിയ വിനീതിന്റെ സ്ഥിരം പാറ്റേണിലൊരു സിനിമക്കായി കാത്തിരിക്കുന്നു.
Content Highlight: Karam Movie review