| Saturday, 8th November 2025, 4:08 pm

നിങ്ങള്‍ ചെന്നൈ പാസം തന്നെ ചെയ്താല്‍ മതി, ഒ.ടി.ടി റിലീസിന് പിന്നാലെ കരം സിനിമയെ കീറിമുറിച്ച് ട്രോളന്മാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം കരം കഴിഞ്ഞദിവസമാണ് ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചത്. മനോരമ മാക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ഈ വര്‍ഷം മലയാളത്തിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ദുരന്തങ്ങളുടെ പട്ടികയില്‍ ഇടംനേടിയ കരത്തിന് ഒ.ടി.ടിയിലും ട്രോളുകള്‍ ലഭിക്കുന്നുണ്ട്.

ഫീല്‍ ഗുഡ് ഴോണറില്‍ മാത്രം സിനിമകള്‍ ചെയ്തുകൊണ്ടിരുന്ന വിനീത് തിരക്ക് ശേഷം വീണ്ടും അതേ ട്രാക്കില്‍ പോകുന്ന ചിത്രം എന്നായിരുന്നു കരത്തിനുണ്ടായിരുന്ന ഏറ്റവും വലിയ ഹൈപ്പ്. എന്നാല്‍ ചിത്രം യാതൊരു തരത്തിലും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാധിക്കാത്ത ശരാശരിക്കും താഴെയുള്ള അനുഭവമായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

‘ചെന്നൈ പാസത്തിന്റെ പേരില്‍ ട്രോളിയതുകൊണ്ടാണ് ട്രാക്ക് മാറ്റിയത്, പക്ഷേ, ഈ പടം കണ്ടപ്പോള്‍ ചെന്നൈ പാസം തന്നെ മതി എന്നേ പറയാനുള്ളൂ’, ‘സാമ്പാര്‍ സാദവും ഫില്‍ട്ടര്‍ കോഫിയും മതി, ഇമ്മാതിരി ആക്ഷന്‍ സിനിമകള്‍ ഇനി വേണ്ട’, ‘തിരയുടെ അതേ തീം വിദേശത്ത് വെച്ച് ഷൂട്ട് ചെയ്തു, അല്ലാതെ വേറെ മാറ്റമൊന്നുമില്ല’ എന്നിങ്ങനെയാണ് ഒ.ടി.ടി റിലീസിന് ശേഷമുള്ള പ്രതികരണങ്ങള്‍.

ചിത്രത്തില്‍ നായകവേഷം ചെയ്ത നോബിളിനെതിരെയും ട്രോളുകളുണ്ട്. ‘ആക്ഷന്‍ ത്രില്ലര്‍ സിനിമയില്‍ ഏറ്റവും വലിയ നെഗറ്റീവായി തോന്നിയത് നായകനാണ്’, ‘ആദ്യം മുതല്‍ ചെയ്യുന്നത് ഭൂലോക മണ്ടത്തരങ്ങള്‍, സ്വന്തം സ്‌ക്രിപ്റ്റില്‍ ഇങ്ങനെയൊരു നിര്‍ഗുണ റോള്‍ തെരഞ്ഞെടുത്ത ധൈര്യം സമ്മതിക്കണം’ എന്നിങ്ങനെയാണ് നോബിളിനെതിരെയുള്ള കമന്റുകള്‍.

സീരിയസായിട്ടുള്ള സീനുകളില്‍ കോമഡി കുത്തിക്കയറ്റിയതിനെയും ആളുകള്‍ ട്രോളുന്നുണ്ട്. വില്ലന്മാര്‍ക്ക് ഡോളോ ഗുളിക കൊടുക്കുന്നതും രജിനികാന്ത് റഫറന്‍സുമെല്ലാം ട്രോള്‍ മെറ്റീരിയലായി മാറി. കോമഡി വില്ലനായെത്തിയ ബാബുരാജിന്റെ കഥാപാത്രവും കല്ലുകടിയായെന്നാണ് പലരുടെയും അഭിപ്രായം. ടൈറ്റില്‍ എഴുതി കാണിക്കുന്ന സീക്വന്‍സ് മാത്രം നന്നായിട്ടുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

വിനീത് ശ്രീനിവാസന്‍, വിശാഖ് സുബ്രഹ്‌മണ്യം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. 25 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് വെറും 2 കോടി മാത്രമാണ് നേടിയത്. ഈ വര്‍ഷം മലയാളത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിട്ടാണ് കരത്തിനെ കണക്കാക്കുന്നത്. മലയാളത്തിന്റെ ബ്രാന്‍ഡ് സംവിധായകരില്‍ ഒരാളായ വിനീത് ശക്തമായി തിരിച്ചെത്തുമെന്ന് പലരും അഭിപ്രായപ്പെടുന്നു.

Content Highlight: Karam movie getting trolls after OTT release

We use cookies to give you the best possible experience. Learn more