ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയ വിരാട് കോഹ്‌ലിയുടെ തീരുമാനത്തില്‍ വീണ്ടും നിരാശ പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ കപില്‍ ദേവ്.
അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനുള്ള തിരുമാനം വിരാട് എന്തിനാണ് സ്വീകരിച്ചതെന്ന് അറിയില്ലെന്നും, വിരാടില്‍ ഇനിയും ടെസ്റ്റ് ക്രിക്കറ്റ് ബാക്കിയുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കപില്‍ ദേവ്.
‘എന്തുകൊണ്ടാണ് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചതെന്ന് എനിക്കറിയില്ല. അവനില്‍ ഇനിയുമേറെ ടെസ്റ്റ് ക്രിക്കറ്റ് ബാക്കിയുണ്ടായിരുന്നു.
എങ്കിലും ഇത്രയും ഉയര്‍ന്ന തലത്തില്‍ ഇത്രയും കാലം കളിച്ച ഒരു താരത്തിന് അദ്ദേഹത്തിന്റേതായ വ്യക്തമായ കാരണങ്ങള്‍ ഉണ്ടാകും. അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുന്നു,’ കപില്‍ ദേവ് പറഞ്ഞു.
വിരാട് കോഹ്‌ലി. Photo: BCCI/x.com
നടന്നുകൊണ്ടിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടുകയും ഒപ്പം 15,000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുകയും ചെയ്ത വിരാടിന്റെ നേട്ടത്തെയും അദ്ദേഹം അഭിനന്ദിച്ചു.
കളിയോടുള്ള അഭിനിവേശവും അടിയറവ് പറയാത്ത ആത്മവിശ്വാസവുമാണ് അദ്ദേഹത്തെ ഈ തലത്തിലേക്ക് ഉയര്‍ത്തിയതെന്ന് കപില്‍ ദേവ് വ്യക്തമാക്കി.
‘ലോക ക്രിക്കറ്റില്‍ 60ന് മുകളില്‍ ബാറ്റിങ് ശരാശരി നിലനിര്‍ത്തുന്നവര്‍ വളരെ അപൂര്‍വമാണ്. വിരാടിന്റെ ഈ പ്രകടനത്തിനും നേട്ടങ്ങള്‍ക്കും എന്റെ ബിഗ് സല്യൂട്ട്. ഒരു കളിക്കാരന്‍ സ്വന്തം കഴിവില്‍ പൂര്‍ണമായി വിശ്വസിക്കുകയും സ്വയം പിന്തുണയ്ക്കുകയും ചെയ്യുമ്പോള്‍ എന്തൊക്കെ നേടാനാകും എന്നതിന്റെ തെളിവാണ് അദ്ദേഹം,’ കപില്‍ ദേവ് പറഞ്ഞു.
വിരാട് കോഹ്‌ലി. Photo: BCCI/x.com
സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ഏകദിന ക്രിക്കറ്റില്‍ 15,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം ബാറ്ററാണ് വിരാട്. എന്നാല്‍ കളിച്ച ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരമെന്ന നേട്ടം വിരാട് തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്.
എങ്കിലും ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമെന്ന ലോക റെക്കോഡ് കോഹ്‌ലി സ്വന്തമാക്കി.
വിരാട് കോഹ്‌ലി. Photo: BCCI/x.com
തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഒന്നാം ഏകദിനത്തിലാണ് വിരാട് ഈ നേട്ടത്തിലെത്തിയത്.
വിന്‍ഡീസ് ഉയര്‍ത്തിയ 296 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്കായി വിരാട് 88 പന്തില്‍ പുറത്താകാതെ 139 റണ്‍സ് നേടി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും സെഞ്ച്വറി നേടിയിരുന്നു. ഇരുവരുടെയും കരുത്തില്‍ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.
Content highlight: Kapil Dev on Virat Kohli’s Test retirement