| Wednesday, 19th August 2026, 9:29 am

കന്യാകുമാരി നഴ്‌സിങ് കോളേജ് വിദ്യാർഥിനിയുടെ മരണം: പ്രിൻസിപ്പൽ അറസ്റ്റിൽ; അധ്യാപകരിലേക്കും അന്വേഷണം

കെ.എസ് ഷാബിന

തിരുവനന്തപുരം: കന്യാകുമാരി കരുങ്കൽ ബെത്‌ലഹേം  നഴ്‌സിങ് കോളേജിലെ മൂന്നാം വർഷ വിദ്യാർഥിനി ആൻസിജിയുടെ (21) മരണത്തിൽ കോളേജ് പ്രിൻസിപ്പൽ ഷീജ അറസ്റ്റിൽ. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി തമിഴ്‌നാട് പൊലീസാണ് ഇവരെ കർണാടക അതിർത്തിയായ ഹൊസൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ആരോപണവിധേയരായ മറ്റ് ആറ് അധ്യാപകരിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു.

നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശിനിയായ ആൻസിജി, അധ്യാപകരുടെ മാനസികപീഡനത്തെ തുടർന്ന് കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാർത്താണ്ഡത്തെയും തുടർന്ന് തിരുവനന്തപുരത്തെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിയന്ത്രണങ്ങൾ ലംഘിച്ച് കോളജിൽ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് ആരോപിച്ച് പ്രിൻസിപ്പലും അധ്യാപകരും ചേർന്ന് സഹപാഠികളുടെ മുന്നിൽവെച്ച് ആൻസിജിയെ പരസ്യമായി അധിക്ഷേപിച്ചിരുന്നു. എന്നാൽ മകളുടെ ബാഗ് പരിശോധിച്ചിട്ടും ഫോൺ കണ്ടെത്തിയിരുന്നില്ലെന്നും, മകൾ ഫോൺ ഉപയോഗിച്ചിട്ടില്ലെന്നും പിതാവ് ബി. അനിൽ വ്യക്തമാക്കി. അധ്യാപികയുടെ മാനസികപീഡനത്തെക്കുറിച്ച് വ്യക്തമാക്കുന്ന ആൻസിജിയുടെ ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു.

നേരത്തെ ഹോസ്റ്റലിലെ മോശം ഭക്ഷണത്തിനെതിരെ വിദ്യാർഥികൾ സമരം ചെയ്തിരുന്നു. ഇതിൽ പങ്കെടുത്തവരെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയും വലിയ പിഴ ഈടാക്കിയ ശേഷം സ്വകാര്യ ഹോസ്റ്റലുകളിൽ താമസിപ്പിച്ചുമാണ് പഠനം തുടരാൻ അനുവദിച്ചിരുന്നത്. അന്നുമുതൽ മാനേജ്‌മെന്റും അധ്യാപകരും പ്രതികാരബുദ്ധിയോടെ പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി മാതാപിതാക്കൾ ആരോപിച്ചു.

മാതാപിതാക്കളുടെ പരാതിയിൽ കരുങ്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, വിഷയത്തിൽ കോളേജ് മാനേജ്‌മെന്റ് ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Content Highlight: Kanyakumari Nursing Student Death: Principal Arrested

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more