| Monday, 14th July 2025, 4:11 pm

കാന്‍വാര്‍ യാത്ര; കടയുടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവില്‍ സുപ്രീം കോടതിയില്‍ ഹരജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാന്‍വാര്‍ യാത്രയുടെ ഭാഗമായി കടകളിലും റെസ്റ്റോറന്റുകളിലും കടയുടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി.

ദല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ അപൂര്‍വാനന്ദും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആകാര്‍ പട്ടേലുമാണ് ഹരജി നല്‍കിയത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാരുകളായിരുന്നു ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.

കടയുടമകളുടൈ പേരുകള്‍ വെളിപ്പെടുത്തുന്ന ക്യൂ.ആര്‍ കോഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും ഇരുസംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എം.എം. സുന്ദരേഷ്, എന്‍.കെ. സിങ് എന്നിവരടങ്ങുന്ന ബെഞ്ച് നാളെ ( ജൂലൈ 15) ഹരജി പരിഗണിക്കും.

ഇത് 2024 ജൂലൈ 22ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച മുന്‍ ഉത്തരവിന്റെ ലംഘനമാണെന്നാണ് അപൂര്‍വാനന്ദ് ഹരജിയില്‍ പറയുന്നത്. ഇരുസംസ്ഥാനങ്ങളുടെയും ഉത്തരവുകള്‍ നിരവധി ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്നും അദ്ദേഹം ഹരജിയില്‍ പറഞ്ഞു.

മുമ്പ് സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച ഈ ഉത്തരവില്‍ സ്റ്റേ തുടരുമെന്ന് പറഞ്ഞ സുപ്രീം കോടതി നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നീട്ടിയിരുന്നു. ജൂലൈ 22ലെ ഉത്തരവില്‍ മാറ്റമൊന്നും ഇല്ലെന്നായിരുന്നു ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.സി.എന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞത്.

നെയിം ബോര്‍ഡില്‍ പേര് വെളിപ്പെടുത്താന്‍ ആരെയും നിര്‍ബന്ധിക്കാനാകില്ലെന്ന് കോടതി ആവര്‍ത്തിച്ചിരുന്നു. സമാധാനപരമായ തീര്‍ത്ഥാടനം ഉറപ്പാക്കാനാണ് ഉത്തരവിലൂടെ ഉദ്ദേശിച്ചതെന്നായിരുന്നു യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അന്ന് പറഞ്ഞിരുന്നത്.

ഇത്തരത്തിലൊരു നിര്‍ദേശം പുറപ്പെടുവിച്ചത് കന്‍വാര്‍ തീര്‍ത്ഥാടകരുടെ മത വികാരം വ്രണപ്പെടുത്താതിരിക്കാനാണെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കടകളുടേയും ഭക്ഷണശാലകളുടേയും പേരുകള്‍ സംബന്ധിച്ച ആശയക്കുഴപ്പം സംബന്ധിച്ച് കന്‍വാരിയ വിഭാഗത്തില്‍ നിന്ന് ലഭിച്ച പരാതികള്‍ പരിഗണിച്ചാണ് നിര്‍ദേശം നല്‍കിയതെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.

Content Highlight: Kanwar Yatra, Petition filed in Supreme Court against order to display names of shop owners

We use cookies to give you the best possible experience. Learn more