വരാനിരിക്കുന്ന 98ാമത് അക്കാദമി അവാര്‍ഡ്‌സിലെ മികച്ച ചിത്രത്തിനുള്ള കാറ്റഗറിയില്‍ സ്ഥാനമുറപ്പിച്ച് റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്ണും അനുപം ഖേര്‍ സംവിധാനം ചെയ്ത തന്‍വി ദ ഗ്രേറ്റും. അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 201 ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇരുചിത്രങ്ങളും ഉള്‍പ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തന്‍വി ദ ഗ്രേറ്റ്. Photo: Beyond Bollywood
ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഓസ്‌കാറുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്ത. സിനിമ ലോകത്തെ ഏറ്റവും വലിയ അംഗീകാരമായ ഓസ്‌കാറിന്റെ പല ഘട്ടങ്ങളിലുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ വിജയിച്ചാണ് ഇരുചിത്രങ്ങളും അവസാന റൗണ്ടിലേക്ക് അടുക്കുന്നത്.
കന്നടയില്‍ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വല്‍ ആയി വന്‍ ഹൈപ്പില്‍ പുറത്തെത്തിയ കാന്താര: ചാപ്റ്റര്‍ വണ്‍ എ ലെജന്‍ഡ് വലിയ വിജയമായിരുന്നു ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും നേടിയത്. കര്‍ണാടകയില്‍ ഭൂതക്കോലം എന്നറിയപ്പെടുന്ന അനുഷ്ഠാന കലയെ ആസ്പദമാക്കി 2022 ല്‍ പുറത്തിറങ്ങിയ കാന്താരയുടെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടക്കുന്ന കാന്താര ചാപ്റ്റര്‍ വണ്ണില്‍ നായകനായെത്തിയതും റിഷഭ് ഷെട്ടിയായിരുന്നു.
മലയാളത്തിലെ മുന്‍നിര നടനായ ജയറാമും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ കൈകാര്യം ചെയ്തിരുന്നു. പാന്‍ ഇന്ത്യന്‍ റിലീസായെത്തിയ ചിത്രത്തിന് 850 കോടിയോളമാണ് ഇന്ത്യയിലെ തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന കന്നട ചിത്രങ്ങളിലൊന്നാവാനും ഇതോടെ ചിത്രത്തിന് കഴിഞ്ഞു.
കാന്താര: ചാപ്റ്റര്‍ വണ്‍. Photo: sacnik
കഴിഞ്ഞ വര്‍ഷം ജൂണില്‍ തിയേറ്ററുകളിലെത്തിയ അനുപം ഖേര്‍ സംവിധാനം ചെയ്ത ചിത്രമായ തന്‍വി ദ ഗ്രേറ്റില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് യുവതാരമായ ശുഭാംഗി ദത്തായിരുന്നു. ഓട്ടിസം ബാധിച്ച തന്‍വി എന്ന ഇരുപത്തിയൊന്നുകാരി തന്റെ മരണപ്പെട്ട അച്ഛന്റെ ആഗ്രഹപ്രകാരം സിയാച്ചിന്‍ ഗ്ലേഷ്യറിലെ ഇന്ത്യന്‍ പതാകയെ സല്യൂട്ട് ചെയ്യാനായി നടത്തുന്ന യാത്രയാണ് ഇതിവൃത്തം. ചിത്രത്തില്‍ ജാക്കി ഷിറോഫ്, ബൊമന്‍ ഇറാനി, കരണ്‍ താക്കര്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.
Content Highlight: kanthara chapter 1 and Tanvi the great selected for best picture category in 98th academy awards