കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ആദ്യ ഇംഗ്ലീഷ് ജീവചരിത്രത്തിന്റെ പബ്ലിഷേഴ്‌സുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്ന് എഴുത്തുകാരിയും ഗവേഷകയുമായ ആദില ഹുസൈന്‍. കോഴിക്കോട് വെച്ച മീറ്റിങില്‍ വെച്ച് താന്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളെല്ലാം മാജിക് മൂണ്‍ പബ്ലിഷേഴ്‌സ് പരിഗണിച്ചെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും ആദില ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
മാജിക് മൂണ്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ യാസര്‍ അറഫാത് താന്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ മുഴുവന്‍ പരിഗണിക്കുകയും തീര്‍പ്പാക്കുകയും ചെയ്‌തെന്നാണ് ആദില അറിയിച്ചത്.
കാന്തപുരത്തിന്റെ ആദ്യ ഇംഗ്ലീഷ് ജീവചരിത്രമായ ‘വണ്‍ ടൈം വണ്‍ ലൈഫ്; ദ് ഇന്‍ക്രഡിബിള്‍ സ്റ്റോറി ഓഫ് ദി ഗ്രാന്‍ഡ് മുഫ്തി ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തിന്റെ പബ്ലിഷേഴ്സ് മാന്യമായ പ്രതിഫലം നല്‍കിയില്ലെന്നും താനെഴുതിയ ഭാഗങ്ങള്‍ ക്രെഡിറ്റ് പോലും നല്‍കാതെ മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങിയെന്നുമാണ് നേരത്തെ ആദില വെളിപ്പെടുത്തിയിരുന്നത്. ദല്‍ഹി ആസ്ഥാനമായ മാജിക് മൂണ്‍ പബ്ലിഷേഴ്സിനെതിരെയായിരുന്നു ആരോപണം.
അതേസമയം, വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ മാന്യമായി രീതിയില്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ മാജിക് മൂണ്‍ പബ്ലിഷേഴ്‌സ് ആരംഭിച്ചിരുന്നു. ദീര്‍ഘകാലം നീണ്ടുനിന്ന പ്രോജക്റ്റ് ആയതുകൊണ്ടും ഇടക്കാലത്ത് കമ്പനിയില്‍ നടന്ന മാറ്റങ്ങള്‍ മൂലവും ഉണ്ടായ ചില വീഴ്ചകള്‍ അവര്‍ മനസ്സിലാക്കി.
ബുധനാഴ്ച കോഴിക്കോട് വെച്ച് നടന്ന മീറ്റിങില്‍ താന്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ മുഴുവന്‍ പരിഗണിക്കുകയും തീര്‍പ്പാക്കുകയും ചെയ്തതില്‍ പൂര്‍ണ സംതൃപ്തയാണെന്നും ആദില ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
കൂടാതെ, മര്‍കസിന്റെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം വില മതിക്കുന്നെന്നും ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ജീവചരിത്രം ഇംഗ്ലീഷ് ഭാഷയില്‍ പുറത്ത് വരുമ്പോള്‍ തെക്കന്‍ കേരളത്തില്‍ നിന്നുള്ള, കാര്യമായ സാഹിത്യ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു മുസ്‌ലിം വനിത എന്ന നിലയില്‍ തന്റെ സംഭാവനയും ഉണ്ടാകുന്നത് വളരെ വലിയ കാര്യമായാണ് താന്‍ കരുതുന്നതെന്നും ആദില പറഞ്ഞു.
Content Highlight: Kanthapuram’s English biography: Demands were accepted; problems were resolved: Writer Adila Hussain