ന്യൂദല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നിമിഷപ്രിയയുടെ ശിക്ഷാ ഇളവ് സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ തെറ്റാണെന്ന് മന്ത്രാലയ വൃത്തങ്ങൾ പ്രതികരിച്ചു.
ഇന്നലെ (തിങ്കള്‍) രാത്രിയോടെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി ഗ്രാന്‍ഡ് മുഫ്തി ഓഫ് ഇന്ത്യ എ.പി. അബൂബക്കര്‍ മുസ്‌ലിയാർ അറിയിച്ചിരുന്നു. വധശിക്ഷ റദ്ദാക്കാനും മറ്റ് കാര്യങ്ങളില്‍ തീരുമാനം എടുക്കാനും ധാരണയായിട്ടുണ്ടെന്ന് കാന്തപുരത്തിന്റെ ഓഫീസ് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് എ.എന്‍.ഐ അടക്കമുള്ള വാര്‍ത്താ ഏജന്‍സികളും ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. പിന്നാലെ എ.എന്‍.ഐയുടെ വാര്‍ത്ത കാന്തപുരം മുസ്‌ലിയാർ തന്റെ എക്‌സ് ഹാന്‍ഡിലില്‍ റീ-ട്വീറ്റും ചെയ്തിരുന്നു.
കാന്തപുരവുമായി ബന്ധമുള്ള ഷെയ്ഖ് ഉമര്‍ ഹഫീള്‍ തങ്ങള്‍ നിയോഗിച്ച പണ്ഡിത സംഘമാണ് എംനയിലെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇവര്‍ക്ക് പുറമെ നോര്‍ത്തേണ്‍ സെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കാളികളായിട്ടുണ്ട്.
എന്നാല്‍ യെമന്‍ സര്‍ക്കാരില്‍ നിന്ന് രേഖാമൂലമുള്ള ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ നിമിഷപ്രിയയുടെ വധശിക്ഷ താത്കാലികമായി മരവിപ്പിച്ചിരുന്നു. ജൂലൈ 16ന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് മത പണ്ഡിതനായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാർ വിഷയത്തില്‍ ഇടപെടുന്നത്.
2017ലാണ് തലാല്‍ അബ്ദു മഹ്ദിയെന്ന യെമന്‍ പൗരനെ നിമിഷ പ്രിയയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇയാളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ യെമനില്‍ ക്ലിനിക് നടത്തുകയായിരുന്നു നിമിഷ പ്രിയ.
എന്നാല്‍ നിമിഷ പ്രിയയുടെ പാസ്പോര്‍ട്ട് കൈവശപ്പെടുത്തിയ തലാല്‍ അവരെ പീഡനത്തിന് ഇരയാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കൊലപാതകം നടന്നത്. 2017 മുതല്‍ നിമിഷ സനയിലെ ജയിലില്‍ കഴിയുകയാണ്.
അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന അറിയിപ്പില്‍ കാന്തപുരം മുസ്‌ലിയാരും അദ്ദേഹത്തിന്റെ ഓഫീസും ഉറച്ചുനില്‍ക്കുകയാണ്. തുടര്‍ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കുന്നു.
Content Highlight: Ministry of External Affairs denies reports that Nimishapriya’s death sentence has been commuted