ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാർ. ദല്‍ഹിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. സമസ്തയുടെ ‘കേരള യാത്ര’ക്കിടെ വിവിധ വിഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച അഭ്യര്‍ത്ഥനകള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി കാന്തപുരം പറഞ്ഞു.
കൂടിക്കാഴ്ചയില്‍ സാമൂഹിക, മാനുഷിക, വിദ്യാഭ്യാസ, വികസന വിഷയങ്ങളും ചര്‍ച്ചയായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും ജാമിയ മര്‍കസും ഏറ്റെടുത്തിട്ടുള്ള വിദ്യാഭ്യാസ-സാമൂഹികക്ഷേമ സംരംഭങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചതായും കാന്തപുരം അറിയിച്ചു.
വഖഫ്, എസ്.ഐ.ആര്‍ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കളും കാന്തപുരം പ്രധാനമന്ത്രിയോട് പങ്കുവെച്ചു.
ചരിത്രപരമായ പള്ളികളുടെയും ഇസ്‌ലാമിക പൈതൃക സ്മാരകങ്ങളുടെയും സംരക്ഷണം, മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ ക്ഷേമപദ്ധതികള്‍ പുനസ്ഥാപിക്കല്‍, ഉത്തരേന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍, ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസുകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ എന്നിവയും കൂടിക്കാഴ്ചയില്‍ ചർച്ചയായതായി കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു.
കേന്ദ്ര സര്‍ക്കാരും രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ഇടപെടലിന്റെ ആവശ്യകതയെ കുറിച്ചും കാന്തപുരം മുസ്‌ലിയാര്‍ സംസാരിച്ചു. അലിഗഡ് സര്‍വകലാശാലയുടെ മലപ്പുറം കേന്ദ്രത്തിന്റെ വികസനവും ചര്‍ച്ചാവിഷയമായി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ശൈഖ് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി, മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കിം അസ്ഹരി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ലക്ഷക്കണക്കിന് ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ടുള്ള മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ്, പഠോ പരദേശ് പദ്ധതി, മദ്രസകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പദ്ധതി അടക്കമുള്ള ഒന്നിലധികം പദ്ധതികള്‍ 2022-23 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു.
ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അംഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ
Content Highlight: Kanthapuram meets Modi