| Monday, 21st July 2025, 6:28 pm

V. S. Achuthanandan; പാലൊളി കമ്മിറ്റി, ഹജ്ജ് ഹൗസ്, മുസ്‌ലിം പെണ്‍കുട്ടികളുടെ സ്‌കോളര്‍ഷിപ്പ്; ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മുന്‍ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ വലിയൊരു അധ്യായമാണ് അവസാനിക്കുന്നത്. രാഷ്ട്രീയ ജീവിതം ഒരു ആശയമായി കണ്ട അദ്ദേഹം കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖമായിരുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് അനുവദിച്ച അലിഗഢ് സര്‍വകലാശാല സെന്റര്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ സാക്ഷാത്കരിക്കുന്നതില്‍ അദ്ദേഹത്തിന്റെ മന്ത്രിസഭക്ക് നേതൃപരമായ പങ്കുണ്ടായിരുന്നുവെന്നും കാന്തപുരം വ്യക്തമാക്കി.

സച്ചാര്‍ കമ്മിറ്റിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ  മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയെ കുറിച്ച് പഠനം നടത്തുകയും ന്യൂനപക്ഷ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികള്‍ സാധ്യമാക്കുകയും ചെയ്ത പാലൊളി കമ്മിറ്റി വി.എസിന്റെ ഭരണകാലത്താണ് നിയോഗിക്കപ്പെടുന്നത്.

മര്‍കസിന്റെയും സുന്നി പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തനങ്ങളെ അടുത്തറിയുകയും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം മര്‍കസ് സന്ദര്‍ശിക്കുകയും ചെയ്തുവെന്നും കാന്തപുരം ഓര്‍മിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് അനുവദിച്ച അലിഗഢ് സര്‍വകലാശാല സെന്റര്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ സാക്ഷാത്കരിക്കുന്നതില്‍ അദ്ദേഹത്തിന്റെ മന്ത്രിസഭക്ക് നേതൃപരമായ പങ്കുണ്ടായിരുന്നു. മറ്റു പലയിടത്തും അത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെന്നത് വസ്തുതയാണ്.

കരിപ്പൂരിലെ ഹജ്ജ് ഹൗസ്,  മുസ്‌ലിം പെണ്‍കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ ന്യൂനപക്ഷ അനുബന്ധമായ ഒട്ടേറെ പദ്ധതികള്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് സാധ്യമായിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴുമുള്‍പ്പെടെ പലതവണ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. പല വേദികളിലും ഒന്നിച്ചു പങ്കെടുത്തിട്ടുണ്ട്.

രാഷ്ട്രീയ ജീവിതം ഒരു ആശയമായി കണ്ട അദ്ദേഹം കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖമായിരുന്നു വി.എസ് എന്നും കാന്തപുരം പറഞ്ഞു. വി. എസിന്റെ വിയോഗത്തില്‍ ദുഖിക്കുന്ന കുടുംബാംഗങ്ങളെയും സ്‌നേഹജനങ്ങളെയും ദുഖത്തില്‍ അനുശോചനമറിയിക്കുന്നുവെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Kanthapuram A.P. Abubacker Musliyar condoles the demise of former Chief Minister V. S. Achuthanandan

We use cookies to give you the best possible experience. Learn more