| Tuesday, 15th July 2025, 4:31 pm

മുസ്‌ലിം എന്ന അഡ്രസ് നോക്കുന്നത് ഞങ്ങളുടെ പള്ളികളില്‍ മാത്രം; പൊതുവിഷയത്തില്‍ ജാതിയോ മതമോ ഇല്ല: കാന്തപുരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചതില്‍ പ്രതികരണവുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. യെമനിലെ ഉയര്‍ന്ന പണ്ഡിതന്മാരുമായി ഇടപെട്ടതിനെത്തുടര്‍ന്നാണ് നാളെ നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷ മരവിപ്പിക്കാന്‍ സാധിച്ചതെന്നും തെറ്റ് ചെയ്തവരെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നത് നമ്മുടെ അധികാരത്തില്‍പ്പെട്ട കാര്യമല്ലെന്നും കാന്തപുരം പത്രസമ്മേളനത്തില്‍ പറഞ്ഞു.

പൊതുവിഷയങ്ങളില്‍ തങ്ങള്‍ എപ്പോഴും മനുഷ്യര്‍ക്കൊപ്പവും മനുഷ്യത്വത്തിനൊപ്പമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മനുഷ്യന്‍ എന്ന നിലക്ക് മാത്രമാണ് ഈ വിഷയത്തില്‍ ഇടപെട്ടത്. മുസ്‌ലിം എന്ന അഡ്രസ് നോക്കുന്നത് പള്ളികളിലും കോളേജുകളിലും മാത്രമാണ്. പൊതുവിഷയത്തില്‍ ജാതീയോ മതമോ നോക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ച വിഷയം ഇന്ത്യ ഗവണ്‍മെന്റിനേയും പ്രധാനമന്ത്രിയേയും  അറിയിച്ചിട്ടുണ്ട്. ദയാധനം സംബന്ധിച്ച തുകയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുമെന്നും കാന്തപുരം അറിയിച്ചു.

കൊലക്കുറ്റം ചെയ്തവര്‍ക്ക് പ്രായശ്ചിത്തം ചെയ്യാന്‍ ഇസ്‌ലാം മതത്തില്‍ നിയമമുണ്ടെന്നും തുടര്‍ന്ന്‌ ഈ കുറ്റത്തിന്‌ കാശ് വാങ്ങി ഒഴിവാക്കണമെന്ന് താന്‍ പറയുകയായിരുന്നു. കാശ് നല്‍കാന്‍ തയ്യാറാണെന്ന് ചാണ്ടി ഉമ്മന്‍ വഴി നിരവധി പേര്‍ അറിയിച്ചു.

നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത് വാര്‍ത്തകളിലൂടെയാണ് അറിഞ്ഞത്. വധശിക്ഷയ്ക്ക് പകരം പ്രായശ്ചിത്തം കൊടുത്തുകൊണ്ട് വധശിക്ഷ ഒഴിവാക്കാന്‍ ഇസ്‌ലാമില്‍ നിയമമുണ്ട്. തുടര്‍ന്ന് യെമനിലെ ഉത്തരവാദിത്തപ്പെട്ട പണ്ഡിതന്മാരെ ബന്ധപ്പെടുകയായിരുന്നു. ഇസ്‌ലാം മനുഷ്യത്വത്തിന് വളരെ പ്രാധാന്യം കൊടുക്കുന്ന മതമാണ്. ഇക്കാര്യം അവിടുത്തെ പണ്ഡിതന്മാരും അംഗീകരിക്കുന്ന കാര്യമാണ്.

അതിനാല്‍ ഈ വിഷയത്തില്‍ ഇടപെട്ട് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യണമെന്ന് അവരോട് പറഞ്ഞു. തുടര്‍ന്ന് ഉത്തരവാദിത്തപ്പെട്ട പണ്ഡിതന്മാര്‍ ചേര്‍ന്ന് വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്ന്  അറിയിച്ചു. ഇന്ന് അത് സംബന്ധിച്ച കോടതിയുടെ ഔദ്യോഗിക അറിയിപ്പും ലഭിച്ചു. കോടതിയുടെ ഔദ്യോഗിക രേഖകള്‍ അയച്ചു തന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുക സംബന്ധിച്ച കാര്യങ്ങള്‍ അറിയില്ലായെന്നും മനുഷ്യന്‍ എന്ന് നിലക്ക് മാത്രമാണ് സഹായിക്കാന്‍ തയ്യാറായതെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

Content Highlight: There is no caste and religion when it comes to soccial issue: Kanthapuram A. P. Aboobacker Musliyar

We use cookies to give you the best possible experience. Learn more