| Monday, 21st July 2025, 11:45 am

1000 കോടിയില്‍ നിന്ന് എണ്ണിത്തുടങ്ങാം, കാന്താര ചാപ്റ്റര്‍ വണ്‍ ഷൂട്ടിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സാന്‍ഡല്‍വുഡിന്റെ അഭിമാന പ്രൊജക്ടായി പലരും കരുതുന്ന ചിത്രമാണ് കാന്താര ചാപ്റ്റര്‍ വണ്‍. 2022ല്‍ പുറത്തിറങ്ങി കര്‍ണാടകയില്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ കാന്താരയുടെ പ്രീക്വലായാണ് ഈ സിനിമ ഒരുങ്ങുന്നത്. 16 കോടിയിലൊരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 400 കോടിയാണ് നേടിയത്. കെ.ജി.എഫ്. 2വിന്റെ കളക്ഷനെ മറികടന്നാണ് കാന്താര ഇന്‍ഡസ്ട്രി ഹിറ്റായത്.

ചിത്രത്തിന്റെ പ്രീക്വല്‍ ഉണ്ടാകുമെന്ന് 2022ല്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. 2024ല്‍ കാന്താര ചാപ്റ്റര്‍ വണ്‍ എന്ന് പേരിട്ട സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ട് അവസാനിച്ചിരിക്കുകയാണ്. സിനിമയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടുകൊണ്ട് നിര്‍മാതാക്കളായ ഹോംബാലേ ഫിലിംസാണ് ഇക്കാര്യം അറിയിച്ചത്.

ആദ്യ ഭാഗത്തെക്കാള്‍ വലിയ സ്‌കെയിലിലാണ് കാന്താര ചാപ്റ്റര്‍ വണ്‍ ഒരുങ്ങുന്നത്. ആദ്യ ഭാഗം സംവിധാനം ചെയ്ത റിഷബ് ഷെട്ടി തന്നെയാണ് പ്രീക്വലും ഒരുക്കുന്നത്. ചിത്രത്തിലെ നായകനും റിഷബ് തന്നെ. സിനിമക്കായി ബോഡിബില്‍ഡ് ചെയ്ത് മാസ് ഗെറ്റപ്പിലാണ് റിഷബ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിനായി നേരിട്ട ബുദ്ധിമുട്ടുകള്‍ റിഷബ് വീഡിയോയില്‍ പങ്കുവെക്കുന്നുണ്ട്.

ഇത് തന്റെ സ്വപ്‌നമാണെന്നും തന്റെ മണ്ണിന്റെ കഥ ലോകത്തോട് പറയണമെന്നാണ് ആഗ്രഹമെന്നും റിഷബ് പറഞ്ഞു. തന്റെ നാട്, ജനങ്ങള്‍, വിശ്വാസം എന്നിവയുടെ കഥ ലോകത്തോട് പറയണമെന്ന് ആഗ്രഹിച്ചപ്പോള്‍ ആയിരത്തോളം ആളുകള്‍ കൂടെ നിന്നെന്നും താരം പറയുന്നു. തന്റെ ടീമും നിര്‍മാതാക്കളുമായിരുന്നു ഈ യാത്രയില്‍ തന്റെ ബലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

125 കോടിക്കാണ് കാന്താര ചാപ്റ്റര്‍ വണ്‍ ഒരുങ്ങുന്നത്. ആദ്യ ഭാഗത്തിന്റെ കഥ ആരംഭിക്കുന്നതിന് മുമ്പുള്ള സംഭവങ്ങളാണ് ചാപ്റ്റര്‍ വണ്ണിന്റെ ഇതിവൃത്തം. ഗുളികനും പഞ്ചുരുളിയും എങ്ങനെയാണ് ഗ്രാമത്തിന്റെ രക്ഷകരായി മാറിയതെന്നുള്ള കഥയാകും ചിത്രം പറയുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പിരീയോഡിക് ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യഭാഗത്തിന് വേണ്ടി പ്രവര്‍ത്തിച്ച അതേ ക്രൂ തന്നെയാണ് ഈ സിനിമയിലും.

അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ അജനേഷ് ലോകനാഥാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. പ്രഗതി ഷെട്ടിയാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാളികളുടെ സ്വന്തം ജയറാം ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്. കന്നഡക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ഒക്ടോബര്‍ രണ്ടിന് കാന്താര ചാപ്റ്റര്‍ വണ്‍ തിയേറ്ററുകളിലെത്തും.

Content Highlight: Kantara Chapter One movie wrapped up the shoot

We use cookies to give you the best possible experience. Learn more