| Monday, 22nd September 2025, 3:01 pm

തമിഴിനും തെലുങ്കിനും 1000 കോടി നേടാനാകാത്തിടത്ത് തിളങ്ങാന്‍ കന്നഡ, പാന്‍ ഇന്ത്യന്‍ ഹിറ്റാകാന്‍ കാന്താര ചാപ്റ്റര്‍ വണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര ചാപ്റ്റര്‍ വണ്‍. 2022ല്‍ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ഈ ചിത്രം ഒരുങ്ങിയത്. ആദ്യ ഭാഗം സംവിധാന ചെയത് പ്രധാനവേഷം കൈകാര്യം ചെയ്ത റിഷബ് ഷെട്ടിയാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്.

ഒരു വര്‍ഷത്തോളം സമയമെടുത്ത് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ആദ്യ ഭാഗത്തിന്റെ കഥ നടക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവങ്ങളാണ് ചാപ്റ്റര്‍ വണ്ണിന്റെ കഥ. വരാഹ മൂര്‍ത്തിയും ഗുളികനും എങ്ങനെ കാന്താരയിലെ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി എന്നതാണ് ചാപ്റ്റര്‍ വണ്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

മേക്കിങ്ങും ബജറ്റും കൊണ്ട് ആദ്യഭാഗത്തിന് മുകളില്‍ നില്‍ക്കുന്ന ചിത്രമാണ് ചാപ്റ്റര്‍ വണ്‍ എന്ന് ട്രെയ്‌ലറിന്റെ ഓരോ ഷോട്ടും അടിവരയിടുന്നുണ്ട്. രാജഭരണത്തിനെതിരെ പോരാടുന്ന ജനതയുടെ കഥയാണ് ചാപ്റ്റര്‍ വണ്ണിന്റേത്. പാന്‍ ഇന്ത്യന്‍ ഹിറ്റാകാനു സകല ചേരുവകളും ചേര്‍ത്താണ് ചിത്രം ഒരുക്കിയതെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്.

ഈ വര്‍ഷം വന്‍ ഹൈപ്പിലെത്തിയ പല സിനിമകളും പ്രതീക്ഷക്കൊത്ത് ഉയരാതെ പോയതിനാല്‍ എല്ലാ ഹൈപ്പും കാന്താര ചാപ്റ്റര്‍ വണ്ണിലാണ്. ആദ്യ ഭാഗത്തിന്റെ സ്വീകാര്യത രണ്ടാം ഭാഗത്തിലും ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ ഈ വര്‍ഷത്തെ ആദ്യത്തെ 1000 കോടി ചിത്രം എന്ന നേട്ടം കാന്താര ചാപ്റ്റര്‍ വണ്‍ നേടുമെന്നാണ് വിലയിരുത്തുന്നത്.

റിഷബ് ഷെട്ടിക്ക് പുറമെ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബോളിവുഡ് താരം ഗുല്‍ഷന്‍ ദേവയ്യയാണ് ചിത്രത്തില്‍ വില്ലനായി വേഷമിടുന്നത്. സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ രുക്മിണി വസന്താണ് ചിത്രത്തിലെ നായിക. മലയാളികളുടെ സ്വന്തം ജയറാമും കാന്താരാ ചാപ്റ്റര്‍ വണ്ണിന്റെ ഭാഗമാകുന്നുണ്ട്.

125 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്. ഷൂട്ടിനിടെ സെറ്റിലുണ്ടായ അപകടങ്ങളെല്ലാം വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ അഭിനയിച്ച പല ആര്‍ട്ടിസ്റ്റുകളുടെയും മരണം പലരം അന്ധവിശ്വാസവുമായി വ്യാഖ്യാനിച്ചിരുന്നു. റിഷബ് ഷെട്ടി സഞ്ചരിച്ച ബോട്ട് അപകടത്തില്‍ പെട്ടതും വാര്‍ത്തയായിരുന്നു.

ആദ്യ ഭാഗത്തിനായി സംഗീതം നല്‍കിയ അജനേഷ് ലോകനാഥും ഛായാഗ്രഹകനായ അരവിന്ദ് എസ്. കശ്യപും ചാപ്റ്റര്‍ വണ്ണിലുമുണ്ട്. കന്നഡക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, മറാത്തി, ഇംഗ്ലീഷ്, ഹിന്ദി, ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ഒക്ടോബര്‍ രണ്ടിാണ് ചാപ്റ്റര്‍ വണ്ണിന്റെ റിലീസ്.

Content Highlight: Kantara Chapter One movie trailer released

We use cookies to give you the best possible experience. Learn more