കാടിനെയും അവിടുത്തെ ജനങ്ങളെയും എപ്പോഴെല്ലാം അധികാരത്തിലിരിക്കുന്നവര്‍ ദ്രോഹിക്കുന്നുവോ, അപ്പോഴെല്ലാം വരാഹമൂര്‍ത്തിയുടെ പഞ്ചുരുളിയും ഗുളികനും രക്ഷകരായി അവതരിക്കുമെന്ന് കാണിച്ചുകൊണ്ടാണ് കാന്താര അവസാനിച്ചത്. ശിവ മാഞ്ഞുപോയ സ്ഥലത്ത് വെച്ച് അവന്റെ മകന്‍ ആ സ്ഥലത്തിന്റെ ചരിത്രം അന്വേഷിക്കുന്നിടത്താണ് ചാപ്റ്റര്‍ വണ്‍ ആരംഭിക്കുന്നതും.
ശിവയും അവന്റെ പൂര്‍വികരും മറഞ്ഞുപോയ സ്ഥലത്തിന് എങ്ങനെ ശക്തി കിട്ടിയെന്ന് പറയുന്നിടത്ത് ടൈറ്റില്‍ എഴുതിക്കാണിക്കുന്നുണ്ട്. രണ്ടേമുക്കാല്‍ മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള സിനിമയുടെ ആദ്യപകുതിയിലെ ഏറിയ പങ്കും അധികം സംഭവവികാസങ്ങളില്ലാതെയാണ് പോകുന്നത്. ബാങ്കര എന്ന നാട്ടുരാജ്യത്തിന്റെ കാഴ്ചകള്‍ മികച്ചതായിരുന്നെങ്കിലും കഥയോട് വലിയ കണക്ഷന്‍ തോന്നിയിരുന്നില്ല.
എന്നാല്‍ പ്രീ ഇന്റര്‍വെല്‍ സീനില്‍ ചെറിയൊരു തീപ്പൊരിയിട്ട് തുടങ്ങിയത് വല്ലാതെ ഇഷ്ടപ്പെട്ടു. തുടര്‍ന്ന് വരുന്ന ആക്ഷന്‍ രംഗവും കൂടിയായപ്പോള്‍ ഫുള്‍ ചാര്‍ജായെന്ന് പറയാം. രണ്ടാം പകുതി മുഴുവന്‍ കാട്ടുതീയായിരിക്കുമെന്ന സൂചനയായിരുന്നു ഇന്റര്‍വെല്‍ സീനെന്ന് പിന്നീട് മനസിലായി. കാന്താരയെ ഓര്‍മിപ്പിക്കുന്ന ഒരു എലവേഷന്‍ സീന്‍ രണ്ടാം പകുതിയെ മറ്റൊരു തലത്തിലെത്തിച്ചു.
അവിടം കൊണ്ടും തീരാതെ കാട്ടുതീയെ ആളിക്കത്തിച്ച അവസാന അരമണിക്കൂറിന്റെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് വര്‍ണിക്കാന്‍ വാക്കുകളില്ല. ഗുളികനും പഞ്ചുരുളിക്കുമൊപ്പം മറ്റൊരു ഭൂതഗണത്തെയും കാണിച്ച ക്ലൈമാക്‌സും അടുത്ത ഒരു ഭാഗത്തിന് ലീഡ് നല്‍കി അവസാനിപ്പിച്ച ടെയ്ല്‍ എന്‍ഡും കൂടിയായപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവമായി കാന്താര ചാപ്റ്റര്‍ വണ്‍ മാറി.
വെറും ഭക്തി മാത്രം വെച്ച് മാര്‍ക്കറ്റ് ചെയ്യാതെ ശക്തമായ രാഷ്ട്രീയത്തെയും ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. കാട്ടില്‍ ജീവിക്കുന്നവര്‍ രാജാവിന്റെ കുതിരയെ തൊടാന്‍ പാടില്ലെന്ന് പറയുമ്പോള്‍ ‘അങ്ങനെ നോക്കിയാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒന്നും തൊടാനാകില്ല’ എന്ന ഡയലോഗ് വളരെയധികം ഇഷ്ടമായി. അതോടൊപ്പം തന്നെ മറ്റൊരു കാര്യവും ചിത്രം പറഞ്ഞുവെക്കുന്നുണ്ട്.
ദൈവത്തെ സംരക്ഷിക്കാമെന്ന് പറഞ്ഞുവരുന്ന രാജാക്കന്മാരുടെ ലക്ഷ്യം സാധാരണക്കാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതും അവരുടെ ജീവിതം എന്നും രാജാവിന്റെ കാല്ക്കീഴിലായിരിക്കണമെന്ന ചിന്തയുമാണെന്നും ചാപ്റ്റര്‍ വണ്‍ പറയുന്നുണ്ട്. ആദ്യ ഭാഗത്തില്‍ ബോഡി ഷെയ്മിങ് സീനുകളും സ്ത്രീകളെ ഒബ്ജക്റ്റിഫൈ ചെയ്തതുമെല്ലാം വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ ചാപ്റ്റര്‍ വണ്ണില്‍ അതിനെ ചിത്രം തിരുത്തിയിട്ടുണ്ട്.
ക്യാമറക്ക് മുന്നിലും പിന്നിലും റിഷബ് ഷെട്ടിയുടെ അഴിഞ്ഞാട്ടം തന്നെയായിരുന്നു കാണാന്‍ സാധിച്ചത്. ആയിരത്തിലധികം ആര്‍ട്ടിസ്റ്റുകളെ അണിനിരത്തി ഒരുക്കിയ ചിത്രത്തിന്റെ ഓരോ ഫ്രെയിമിലും പെര്‍ഫക്ഷന്‍ കൊണ്ടുവരാന്‍ റിഷബിന് കഴിഞ്ഞിട്ടുണ്ട്. യുദ്ധരംഗത്തിന്റെ മേക്കിങ്, സെറ്റുകളുടെ നിര്‍മാണം എല്ലാം നൂറില്‍ നൂറ് മാര്‍ക്ക് കൊടുക്കേണ്ടവയാണ്.
അഭിനയത്തിന്റെ കാര്യത്തിലും റിഷബ് പിന്നോട്ടുപോയിട്ടില്ല. യോദ്ധാവിന്റെ മെയ്‌വഴക്കവും കരുത്തുമെല്ലാം ആദ്യാവസാനം റിഷബില്‍ ഭദ്രമായിരുന്നു. സെക്കന്‍ഡ് ഹാഫിലെ പെര്‍ഫോമന്‍സെല്ലാം ഗംഭീരമെന്നേ പറയാനുള്ളൂ. ഷെട്ടി ഗ്യാങ്ങിലെ മൂന്നാമന്‍ ഇത്തവണയും ഞെട്ടിച്ചിട്ടുണ്ട്.
നായികയായെത്തിയ രുക്മിണി വസന്തിനെ ഐ ക്യാന്‍ഡി ക്യാരക്ടറാക്കാതെ നിര്‍ത്തിയതിന് പ്രത്യേക കൈയടി. കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് തന്നെയാണ് രുക്മിണി ചാപ്റ്റര്‍ വണ്ണില്‍ കാഴ്ചവെച്ചത്. പാന്‍ ഇന്ത്യന്‍ സെന്‍സേഷനായി മാറാന്‍ ഈ ചിത്രത്തിലൂടെ രുക്മിണിക്ക് സാധിക്കുമെന്ന് ഉറപ്പാണ്.
അന്യഭാഷയില്‍ പോയി കോമാളി റോള്‍ മാത്രം ചെയ്യുന്ന നടനെന്ന ചീത്തപ്പേര് കാന്താര ചാപ്റ്റര്‍ വണ്ണിലൂടെ ജയറാം മാറ്റിയെടുത്തിട്ടുണ്ട്. വിജയേന്ദ്ര വര്‍മയായി അപാര പ്രകടനം തന്നെയായിരുന്നു ജയറാം. കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ സ്‌പോയിലറായേക്കും.
അജനേഷ് ലോകനാഥ്… സിനിമയെ ഒരിടത്തും ഡൗണാക്കാതെ ആദ്യാവസാനം താങ്ങിനിര്‍ത്തിയവരില്‍ അജനേഷും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ആദ്യഭാഗത്തിലെ ചില സ്‌കോറുകള്‍ കൊണ്ടുവന്ന് രോമാഞ്ചമുണ്ടാക്കാനും പുതിയ ചില ഗംഭീര സ്‌കോറുകള്‍ നല്‍കി സിനിമയെ മറ്റൊരു തലത്തിലെത്തിക്കാനും അജനേഷിന് സാധിച്ചിട്ടുണ്ട്.
അരവിന്ദ് കശ്യപിന്റെ ഛായാഗ്രഹണവും ബംഗ്ലാന്റെ പ്രൊഡക്ഷന്‍ ഡിസൈനും മാക്‌സിമം ഔട്ട്പുട്ട് നല്‍കിയിട്ടുണ്ട്. നിര്‍മാതാക്കള്‍ ചെലവാക്കിയ ബജറ്റിന്റെ എല്ലാ പ്രൗഢിയും ചിത്രത്തിന്റെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും എടുത്തറിയുന്നുണ്ടായിരുന്നു. റെഡ് ചില്ലീസ് ഒരുക്കിയ വി.എഫ്.എക്‌സ് ബ്രഹ്‌മാണ്ഡമെന്നല്ലാതെ പറയാന്‍ കഴിയില്ല. ടൈഗര്‍ സീന്‍, ബ്രഹ്‌മരക്ഷസ്സ്, വരാഹമൂര്‍ത്തി എന്നീ സീനുകളില്‍ ഗ്രാഫിക്‌സ് ക്വാളിറ്റി എടുത്തറിയാനുണ്ടായിരുന്നു.
ആദ്യഭാഗം പോലും മര്യാദക്ക് ചെയ്യാന്‍ കഴിയാത്ത ചില പാന്‍ ഇന്ത്യന്‍ സിനിമകളെല്ലാം കന്നഡ ഇന്‍ഡസ്ട്രിയെ കണ്ടുപഠിക്കേണ്ടതുണ്ട്. ആദ്യ ഭാഗത്തെക്കാള്‍ മികച്ച രണ്ടാം ഭാഗമൊരുക്കാന്‍ തങ്ങളല്ലാതെ മറ്റാരുമില്ലെന്ന് സാന്‍ഡല്‍വുഡ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പഞ്ചുരുളിയുടെയും ഗുളികന്റെയും കഥ അവസാനിക്കുന്നില്ല. അവര്‍ വീണ്ടും വരും.
Content Highlight: Kantara Chapter One movie review