| Thursday, 16th October 2025, 12:13 pm

ദേ റിഷബ് വീണ്ടും... കന്നഡയിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി കാന്താര ചാപ്റ്റര്‍ വണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കളക്ഷന്‍ റെക്കോഡുകളെല്ലാം തകര്‍ത്ത് മുന്നേറുകയാണ് കന്നഡ ചിത്രം കാന്താര ചാപ്റ്റര്‍ വണ്‍. 2022ല്‍ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ചാപ്റ്റര്‍ വണ്‍ ഒരുങ്ങിയത്. ആദ്യഭാഗത്തെക്കാള്‍ ഗംഭീര വിജയമാണ് ചിത്രം സ്വന്തമാക്കുന്നത്. ഈ വര്‍ഷം ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് കാന്താര കുതിക്കുന്നത്.

ഇപ്പോഴിതാ ചിത്രം കര്‍ണാടകയിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് 15 ദിവസം പിന്നിടുമ്പോള്‍ 183 കോടിക്കുമുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. കര്‍ണാടകയില്‍ നിന്ന് മാത്രം 200 കോടി നേടുന്ന ആദ്യചിത്രമായി കാന്താര ചാപ്റ്റര്‍ വണ്‍ മാറുമെന്നാണ് കണക്കുകൂട്ടുന്നത്. കാന്താരയുടെ ആദ്യ ഭാഗത്തെ മറികടന്നാണ് ചാപ്റ്റര്‍ വണ്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയത്.

16 കോടി ബജറ്റിലൊരുങ്ങിയ കാന്താരകെ.ജി.എഫ്. ചാപ്റ്റര്‍ 2വിനെ മറികടന്നാണ് 2022ല്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയത്. സിനിമാലോകത്തെ ഒന്നാകെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു അത്. ഇപ്പോള്‍ കാന്താരയുടെ പ്രീക്വലും ഇന്‍ഡസ്ട്രി ഹിറ്റായപ്പോള്‍ പുതിയ ചരിത്രമാണ് പിറന്നത്. സംവിധായകനെന്ന നിലയില്‍ റിഷബ് ഷെട്ടിയുടെ മൂന്നാമത്തെ ഇന്‍ഡസ്ട്രി ഹിറ്റാണിത്.

രക്ഷിത് ഷെട്ടിയെ നായകനാക്കി ഒരുക്കിയ കിറിക് പാര്‍ട്ടി, കാന്താര, കാന്താര ചാപ്റ്റര്‍ വണ്‍ എന്നിവയാണ് റിഷബിന്റെ ഇന്‍ഡസ്ട്രി ഹിറ്റുകള്‍. കന്നഡയില്‍ മറ്റൊരു നടനും ഈ നേട്ടം ഇതുവരെ സ്വന്തമാക്കാനായിട്ടില്ല. തമിഴില്‍ ലോകേഷ് കനകരാജിനെപ്പോലെ തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രി ഹിറ്റുകള്‍ സമ്മാനിക്കാന്‍ സംവിധായകനെന്ന നിലയില്‍ റിഷബ് ഷെട്ടിക്ക് സാധിച്ചു.

ആദ്യ ഭാഗം നിര്‍ത്തിയ സ്ഥലത്ത് നിന്നാരംഭിച്ച് ഏഴാം നൂറ്റാണ്ടിലൂടെയാണ് ചാപ്റ്റര്‍ വണ്‍ കഥ പറയുന്നത്. ആദ്യ ഭാഗത്തെക്കാള്‍ മികച്ച കഥ പറച്ചിലാണ് ചിത്രത്തിന്റേത്. ക്യാമറക്ക് മുന്നിലും പിന്നിലും റിഷബ് ഷെട്ടിയുടെ വണ്‍മാന്‍ ഷോ തന്നെയായിരുന്നു കാണാന്‍ സാധിച്ചത്. കന്നഡ താരം രുക്മിണി വസന്ത്, ജയറാം, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് ചാപ്റ്റര്‍ വണ്ണിലെ മറ്റ് താരങ്ങള്‍.

വേള്‍ഡ്‌വൈഡ് കളക്ഷനില്‍ ഇതിനോടകം 665 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. വിക്കി കൗശല്‍ നായകനായ ഛാവായാണ് ഈ വര്‍ഷം ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം. സാംഭാജിയുടെ കഥ പറഞ്ഞ ഛാവാ 750 കോടിയാണ് സ്വന്തമാക്കിയത്. ഛാവായെ തകര്‍ത്ത് കാന്താര ഒന്നാം സ്ഥാനം നേടുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Kantara Chapter one became the new industrial hit in Karnataka

We use cookies to give you the best possible experience. Learn more