കണ്ണൂര്‍: സംഘര്‍ഷത്തിനും ആരോപണങ്ങള്‍ക്കും ഒടുവില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ എസ്.എഫ്.ഐക്ക് മിന്നും ജയം. അഞ്ച് ജനറല്‍ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. കണ്ണൂര്‍ സര്‍വകലാശാലയില്‍ തുടര്‍ച്ചയായി 26-ാം തവണയാണ് എസ്.എഫ്.ഐ യൂണിയന്‍ നിലനിര്‍ത്തുന്നത്.
നന്ദജ് ബാബുവാണ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍. എം. ദില്‍ജിത്ത് വൈസ് ചെയര്‍പേഴ്സണായും അല്‍ന വിനോദ് ലേഡി വൈസ് ചെയര്‍പേഴ്സണായും സെക്രട്ടറിയായി കവിത കൃഷ്ണനും ജോയിന്റ് സെക്രട്ടറിയായി അധിഷ കെയും തെരഞ്ഞെടുക്കപ്പെട്ടു.
കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് സീറ്റും എസ്.എഫ്.ഐക്ക് തന്നെയാണ് ലഭിച്ചിരിക്കുന്നത്. ശ്രീരാഗ് പി.കെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം കാസര്‍ഗോഡ് ജില്ലാ എക്സിക്യൂട്ടീവിലും വയനാട് ജില്ലാ എക്സിക്യൂട്ടീവിലും യു.ഡി.എസ്.എഫാണ് വിജയം കണ്ടത്. കഴിഞ്ഞ തവണ മുഴുവന്‍ സീറ്റിലും എസ്.എഫ്.ഐക്കായിരുന്നു വിജയം.
വലിയ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാലയില്‍ വലിയ സംഘര്‍ഷമാണ് ഉണ്ടായത്. എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി ഒരു യു.യു.സിയുടെ ഐഡി കാര്‍ഡും സ്ലിപ്പും തട്ടിപ്പറിച്ച് ഓടിയെന്ന ആരോപണത്തിന് പിന്നാലെ സംഘര്‍ഷമുണ്ടാകുകയായിരുന്നു.
ഇതിനിടെ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയായ അധിഷയെ പൊലീസ് പിടിച്ചുവെച്ചു. ഇത് പൊലീസും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഉന്തും തള്ളലിനും കാരണമായി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും ചെയ്തു.
ഇന്ന് (ബുധനാഴ്ച) രാവിലെ ഒമ്പത് മണി മുതല്‍ ക്യാമ്പസിലെ എസ്.എഫ്.ഐ-യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.
കാസര്‍ഗോഡ് എം.ഐ.സി കോളേജിലെ യു.യു.സി സഫ്‌വാനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചാണ് തര്‍ക്കം ആരംഭിച്ചത്. എന്നാല്‍ എസ്.എഫ്.ഐ ആരോപണം നിഷേധിക്കുകയായിരുന്നു.
അതേസമയം കോടതി ഉത്തരവുണ്ടായിട്ടും യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പൊലീസ് സുരക്ഷയൊരുക്കിയില്ലെന്നായിരുന്നു കെ.എസ്.യു-എം.എസ്.എഫ് നേതാക്കളുടെ ഭാഗം.
Content Highlight: Kannur University elections; SFI retains union for 26th consecutive time