മോഹന്‍ലാലിന്റെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ ലൂസിഫറില്‍ മമ്മൂട്ടി നായകാനായിരുന്നെങ്കില്‍ എന്ന ചിന്തയിലുണ്ടായ എ.ഐ വീഡിയോ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ പല ഹിറ്റ് സിനിമകളിലെയും നായകന്മാരെ മാറ്റിക്കൊണ്ടുള്ള എ.ഐ ചിത്രങ്ങളാണ് ഇപ്പോള്‍ സിനിമാപേജുകളിലെ ചര്‍ച്ച.
മമ്മൂട്ടി നായകനായി 2023ല്‍ റിലീസായ കണ്ണൂര്‍ സ്‌ക്വാഡില്‍ മോഹന്‍ലാല്‍ നായകനാകുന്ന പോസ്റ്ററിനാണ് ഏറ്റവും വലിയ റീച്ച്. മമ്മൂട്ടി അവതരിപ്പിച്ച ജോര്‍ജ് എന്ന കഥാപാത്രത്തിന് മോഹന്‍ലാലിന്റെ മുഖം വെച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ ഇതിനോടകം വൈറലായി. വളരെ കൈയടക്കത്തോടെ മോഹന്‍ലാല്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ചേനെയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Kannur Squad/ Facebook/ Attiprakkal Jimmy
കണ്ണൂര്‍ സ്‌ക്വാഡിന്റെ ബോക്‌സ് ഓഫീസ് റിസല്‍ട്ടിലും ഈ മാറ്റം പ്രതിഫലിച്ചേനെയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. മിനിമം 150 കോടിയെങ്കിലും കളക്ഷന്‍ സ്വന്തമാക്കിയേനെയെന്നാണ് അഭിപ്രായം. പ്രൊമോഷന്റെ കുറവ് കാരണം ചിത്രത്തിന് 85 കോടി മാത്രമായിരുന്നു നേടാന്‍ സാധിച്ചത്. മോഹന്‍ലാല്‍ നായകനായിരുന്നെങ്കില്‍ കളക്ഷന്‍ കൂടാന്‍ സാധ്യതയുണ്ടായിരുന്നെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.
കണ്ണൂര്‍ സ്‌ക്വാഡ് മാത്രമല്ല, ടൊവിനോയുടെ ഹിറ്റ് ചിത്രങ്ങളായ തല്ലുമാല, എ.ആര്‍.എം എന്നീ സിനിമകളിലെ നായകന്മാരെയും മാറ്റിക്കൊണ്ടുള്ള പോസ്റ്ററും വൈറലാണ്. തല്ലുമാലയില്‍ ദുല്‍ഖറും എ.ആര്‍.എമ്മില്‍ പൃഥ്വിരാജുമാണ് നായകന്മാരായി എത്തുന്നത്. മണിയന്‍ എന്ന കഥാപാത്രമായി പൃഥ്വിരാജിനെ അവതരിപ്പിച്ചത് ഗംഭീരമായിട്ടുണ്ടെന്നാണ് അഭിപ്രായം.
ARM/ Facebook/ Attiprakkal Jimmy
മറ്റ് സിനിമകളുടെ തിരക്ക് കാരണം നിവിന് ഒഴിവാക്കേണ്ടി വന്ന മുകുന്ദനുണ്ണി അസോസിയേറ്റ്‌സില്‍ നിവിന്‍ നായകനായിരുന്നെങ്കിലെന്ന ചിന്തയില്‍ ഒരുക്കിയ പോസ്റ്ററും വൈറലായി. നിവിന് ടെയ്‌ലര്‍ മേഡായിട്ടുള്ള വേഷമാണിതെന്ന് പലരും കമന്റ് പങ്കുവെച്ചു. എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും ഈ രീതിയിലായിരുന്നെങ്കില്‍ നന്നാകുമായിരുന്നെന്നും കമന്റുകളുണ്ട്.
Thallumala/ Facebook/ Atiiprackal Jimmy
ആറ്റിപ്രാക്കല്‍ ജിമ്മി എന്ന ഫേസ്ബുക്ക് പേജാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. വ്യത്യസ്തമായ ചിന്താഗതിയുള്ളതുകൊണ്ടാണ് ഇത്തരം പോസ്റ്ററുകള്‍ നിര്‍മിക്കാന്‍ സാധിക്കുന്നതെന്നും അപാരമായ കഴിവാണെന്നും ഈ പേജിനെക്കുറിച്ച് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഇനിയും ഇത്തരത്തില്‍ വ്യത്യസ്തമായ പോസ്റ്ററുകള്‍ ഈ പേജിലൂടെ പുറത്തുവിടുമെന്നാണ് കരുതുന്നത്.
Content Highlight: Kannur Squad movie AI poster viral in social media