| Monday, 25th June 2012, 10:08 am

കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പയ്യന്നൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി സി.പി.ഐ.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സരിന്‍ ശശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ വെള്ളൂരിലെ വീട്ടില്‍വെച്ചാണ് സരിനെ അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ സി.ഐ പി.കെ ധനഞ്ജയ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

നാലുദിവസം മുമ്പ് സരിനെ തേടി പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പൊലീസ് സ്‌റ്റേഷനില്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് നോട്ടീസും പതിച്ചിരുന്നു.

സരിന്‍ വീട്ടിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പയ്യന്നൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തിച്ച സരിന്‍ ശശിയെ ടി.പി വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം വടകരയിലേക്ക് കൊണ്ടുപോയി.

കുഞ്ഞനന്തന്‍ കീഴടങ്ങിയതിനുശേഷവും അന്വേഷണസംഘം പയ്യന്നൂരില്‍ ക്യാമ്പ് ചെയ്ത് വരുകയാണ്. പാനൂര്‍ ഏരിയാ കമ്മിറ്റി ഓഫിസിലെ വാഹനത്തിന്റെ ഡ്രൈവര്‍ കാരായീന്റവിട ഷാംജിത്തിനെ (30) പാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. കുഞ്ഞനന്തനെ കോടതിയില്‍ കീഴടങ്ങാന്‍ സഹായിച്ചു എന്ന സംശയത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

അതിനിടെ കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച  സി.പി.ഐ.എം പാനൂര്‍ ഏരിയാ സെക്രട്ടറി കെ.കെ.പവിത്രന്‍ മാസ്റ്റര്‍ക്ക് വടകര ഓഫിസില്‍ ഹാജരാവാന്‍ പൊലീസ് നോട്ടീസ് നല്‍കുകയും ചെയ്തു.

Latest Stories

We use cookies to give you the best possible experience. Learn more