| Thursday, 2nd October 2025, 10:40 pm

സി.പി.ഐ.എം നേതാക്കളുടെ മക്കളെ അറിയാം വീടും അറിയാം; ബോംബെറിയും; കൊലവിളിയുമായി ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂരിലെ സി.പി.ഐ.എം നേതാക്കള്‍ക്കും കുടുംബത്തിനും നേരെ കൊലവിളി പ്രസംഗവുമായി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറി അര്‍ജുന്‍ മാവിലക്കണ്ടി. സി.പി.ഐ.എം നേതാക്കളുടെ വീടിന് നേരെ ബോംബെറിയുമെന്നും മക്കളെ ആക്രമിക്കുമെന്നും അര്‍ജുന്‍ മാവിലക്കണ്ടി ഭീഷണി മുഴക്കുകയായിരുന്നു.

കണ്ണൂര്‍ ചെറുകുന്ന് കണ്ണപുരത്തിലെ ബി.ജെ.പി നേതാവിന്റെ വീടിന് നേരെ കഴിഞ്ഞദിവസം ബോംബേറുണ്ടായിരുന്നു. ഈ സംഭവത്തിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിനിടെയായിരുന്നു ബി.ജെ.പി നേതാവിന്റെ ഭീഷണി പ്രസംഗം.

പൊലീസുദ്യോഗസ്ഥരുള്‍പ്പടെ സാക്ഷികളാക്കിയായിരുന്നു അര്‍ജുന്റെ പ്രസംഗം. സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ വധ ഭീഷണി മുഴക്കുമ്പോള്‍ കയ്യടിക്കുന്ന ബി.ജെ.പി പ്രവര്‍ത്തകരെയും നേതാക്കളെയും പുറത്തെത്തിയ വീഡിയോയില്‍ കാണാം.

‘പൊലീസിനോടും സി.പി.ഐ.എം നേതാക്കളോടും പറയുന്നു 24 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ എല്ലാ പ്രതികളെ പിടിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി ഉണ്ടാകും. അത് ചെയ്തിരിക്കും ഒരു സംശയവും വേണ്ട. നിങ്ങള്‍ തുടങ്ങിയ യുദ്ധം അവസാനിക്കുക ഞങ്ങളായിരിക്കും’, അര്‍ജുന്റെ പ്രസംഗം ആരംഭിക്കുന്നതിങ്ങനെ.

‘ഇവിടെയുള്ള ലോക്കല്‍ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി, ഏരിയ സെക്രട്ടറിമാരെ എല്ലാം ഞങ്ങള്‍ക്കറിയാം. എല്ലാവരുടെ വീടും അറിയാം. ഓരോരുത്തരുടെ വീട്ടിലും ബോംബ് എറിയാന്‍ ഞങ്ങള്‍ക്ക് സാധിക്കും.

നിങ്ങളുടെ മക്കള്‍ എവിടെ പഠിക്കുന്നു. എവിടെയൊക്കെ പോകുന്നു, ഇതൊക്കെ ഞങ്ങള്‍ക്കറിയാം. ഞങ്ങളുടെ ക്ഷമ പരീക്ഷിച്ച് മുന്നോട്് പോകാനാണ് ഉദ്ദേശമെങ്കില്‍ നിങ്ങളുടെ കണ്ണില്‍ നിന്നല്ല, നെഞ്ചില്‍ നിന്നും കണ്ണീര് വീഴ്ത്തും.’

‘പോലീസ് ഉദ്യോഗസ്ഥരെ ഓര്‍മിപ്പിക്കുകയാണ്. ഈ പ്രദേശം ശാന്തിയോടെയും സമാധാനത്തോടെയും പോവണമെന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ നിങ്ങളുടെ കര്‍മം കൃത്യമായി ചെയ്യുക, അല്ലെങ്കില്‍ നിയമം ഞങ്ങള്‍ കൈയ്യിലെടുക്കും. ചില സമയത്ത് നിയമം കയ്യിലെടുക്കാതെ നമ്മുടെ പ്രവര്‍ത്തകരെ സംരക്ഷിക്കാനാകില്ല.

അങ്ങനെ വന്നാല്‍ നിയമം കയ്യിലെടുക്കുമെന്ന് ഓര്‍മിപ്പിക്കുകയാണ്. ആ നിയമം നടപ്പാക്കാന്‍ ഞങ്ങളുടെ കോടതിയുണ്ടാകും ഞങ്ങളത് നടപ്പാക്കും’, എന്ന് പറഞ്ഞാണ് അര്‍ജുന്‍ മാവിലക്കണ്ടി കൊലവിളി പ്രസംഗം അവസാനിപ്പിക്കുന്നത്.

ബി.ജെ.പി കല്യാശേരി മണ്ഡലം ജന. സെക്രട്ടറി ബിജുവിന്റെ വീടിന് നേരെയാണ് കഴിഞ്ഞദിവസം ബോംബേറുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു.

വീടിനും കേടുപാടുകള്‍ പറ്റിയിരുന്നു. നേരത്തെ പ്രദേശത്ത് സ്ഥാപിച്ച ഒരു ഫ്‌ളക്‌സ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സി.പി.ഐ.എം – ബി.ജെ.പി തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബിജുവിന്റെ വീടിന് നേരെ ബോംബേറുണ്ടായതെന്നാണ് ആരോപണം.

Content Highlight: BJP leader calls for killing, says he knows the children of CPI(M) leaders, knows their homes; Bomb threat too

We use cookies to give you the best possible experience. Learn more