കണ്ണൂര്‍: കണ്ണപുരം സ്ഫോടനക്കേസ് പ്രതി അനൂപ് മാലിക് പിടിയില്‍. വൈകീട്ട് കാഞ്ഞങ്ങാട് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലാകുന്നത്.
കണ്ണപുരം കീഴറയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ കണ്ണൂര്‍ ചാലാട് സ്വദേശിയും അനൂപ് മാലിക്കിന്റെ ബന്ധുവുമായ മുഹമ്മദ് ആഷാം മരിക്കുകയും ചെയ്തു.
ഉഗ്രശബ്ദം കേട്ട് സമീപവാസികള്‍ നോക്കുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് പരിശോധിക്കുമ്പോള്‍ ചിതറിയ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.
എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സസ് ആക്ട് 1908ലെ മൂന്ന്, അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവില്‍ അനൂപ് മാലിക്കിനെ മാത്രമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.
സമാനമായ കേസുകള്‍ മുമ്പും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2016ലെ പൊടിക്കുണ്ട് സ്‌ഫോടന കേസിലെ മുഖ്യപ്രതിയാണ് അനൂപ് മാലിക്. അന്ന് 57 വീടുകളായിരുന്നു സ്ഫോടനത്തില്‍ തകര്‍ന്നത്.
സ്ഫോടക വസ്തുക്കള്‍ നിയമവിരുദ്ധമായി കൈകാര്യം ചെയ്തതിന് ഇയാള്‍ക്കെതിരെ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Content Highlight: Kannapuram blast case accused Anoop Malik arrested