| Wednesday, 23rd July 2025, 12:29 pm

തിയേറ്ററില്‍ അടിപതറിയ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അവസാനമായി തെലുങ്കില്‍ നിന്ന് പുറത്തുവന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് കണ്ണപ്പ. മുന്‍കാല തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ബാബു കഥയെഴുതി നിര്‍മിച്ച ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകന്‍ വിഷ്ണു മഞ്ചുവാണ് നായകന്‍ കണ്ണപ്പയായി വേഷമിട്ടത്. മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പ്രീതി മുകുന്ദന്‍, കാജല്‍ അഗര്‍വാള്‍, മോഹന്‍ ബാബു തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

200 കോടിയോളം ബഡ്ജറ്റിലായിരുന്നു കണ്ണപ്പ ഒരുക്കിയതെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 27ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് എന്നാല്‍ മുടക്ക് മുതല്‍ പോലും ബോക്‌സ് ഓഫീസില്‍ നിന്ന് തിരികെ പിടിക്കാന്‍ കഴിഞ്ഞില്ല. റിലീസ് ചെയ്ത് ഏകദേശം നാല് ആഴ്ചകള്‍ പിന്നിടുമ്പോള്‍ ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുകയാണ് കണ്ണപ്പ.

ഈ മാസം 25ന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രദര്‍ശനത്തിനെത്തുമെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കണ്ണപ്പയുടെ ഒ.ടി.ടി റിലീസിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം നിര്‍മാതാക്കളോ സ്ട്രീമിങ് പ്ലാറ്റ്ഫോമോ ഇതുവരെയും നടത്തിയിട്ടില്ല.

ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മോഹന്‍ലാലിന് പുറമെ പ്രഭാസ്, അക്ഷയ് കുമാര്‍, തുടങ്ങിയവരും ഗസ്റ്റ് റോളില്‍ കണ്ണപ്പയില്‍ എത്തിയിരുന്നു. ഇത്രയും വലിയ കാസ്റ്റ് ചിത്രത്തിന്റെ ഹൈപ്പ് വാനോളമുയര്‍ത്തിയിരുന്നു.

എന്നാല്‍ വമ്പന്‍ കാസ്റ്റിനോ ബിഗ് ബഡ്ജറ്റിനോ രാജ്യമൊട്ടാകെ നടന്നുള്ള പ്രൊമോഷനോ ചിത്രത്തെ രക്ഷിക്കാനായില്ല. റിപ്പോര്‍ട്ട് പ്രകാരം ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 45 കോടിയാണ് കണ്ണപ്പ നേടിയത്. ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് സിനിമാസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്.

Content Highlight: Kannappa Movie Will Be Starts It’s OTT Streaming Soon

We use cookies to give you the best possible experience. Learn more