| Monday, 17th August 2026, 7:36 pm

അന്ന് വെള്ളം ബക്കറ്റിലുണ്ടാകുമെന്ന് പറഞ്ഞവര്‍, മമ്മൂക്കയ്ക്ക് അറിയുന്ന ആളാണെന്ന് അറിഞ്ഞപ്പോള്‍ സ്ഥിതി മാറി: കണ്ണന്‍ സാഗര്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തിലെ ടെലിവിഷന്‍ പരിപടികളിലൂടെയും ഹാസ്യവേദികളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ കലാകാരനാണ് കണ്ണന്‍ സാഗര്‍. ചെറിയ വേഷങ്ങളിലൂടെയെങ്കിലും സിനിമയിലും സജീവമായ താരം ഒട്ടനവധി സിനിമകളിലാണ് ഇതിനോടകം ഭാഗമായിട്ടുള്ളത്. ചാര്‍ലി, ഉദാഹരണം സുജാത, അന്വേഷിപ്പിന്‍ കണ്ടെത്തും, വാഴ 2 തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

2016ല്‍ പുറത്തിറങ്ങിയ തോപ്പില്‍ ജോപ്പന്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ കണ്ണന്‍ ചെറിയ വേഷം കൈകാര്യം ചെയ്തിരുന്നു. ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ കപ്യാര്‍ തൊമ്മി എന്ന കഥാപാത്രമായിട്ടായിരുന്നു കണ്ണന്‍ സാഗര്‍ വേഷമിട്ടത്. ചിത്രത്തില്‍ അഭിനയിക്കവെ മമ്മൂട്ടി തന്റെ അടുത്ത് വന്ന് സംസാരിച്ചതിനെ കുറിച്ചും പിന്നാലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ തനിക്ക് സെറ്റില്‍ ലഭിച്ച സൗകര്യങ്ങളെ കുറിച്ചും കണ്ണന്‍ സാഗര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

കണ്ണന്‍ സാഗര്‍

ദി ജേണലിസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു മമ്മൂട്ടിയെ കുറിച്ചുള്ള താരത്തിന്റെ പ്രതികരണം.

‘സെറ്റില്‍ വെച്ച് ഞാനല്പം വെള്ളം കിട്ടുമോ എന്ന് ചോദിച്ചപ്പോള്‍ അവിടെ ബക്കറ്റിലുണ്ടാകും ചേട്ടാ എന്നായിരുന്നു എന്നോട് പറഞ്ഞത്. ഞാനവിടെ പോയി എടുത്ത് കുടിക്കും. ആദ്യത്തെ രണ്ട് ദിവസം അങ്ങനെ പോയി. തൊടുപുഴയില്‍ വെച്ച് ചിത്രത്തിന്റെ ഷൂട്ടുണ്ടായിരുന്നു. മമ്മൂക്ക ധ്യാനത്തിന് പോകുന്ന സീനായിരുന്നു. അതിന് മുമ്പ് മമ്മൂക്ക് കാരവാനില്‍ ഇരിക്കുകയാണ്. ഷൂട്ടിന് മുമ്പ് ഓരോരുത്തരും എവിടെയെല്ലാം നില്‍ക്കണം എന്തെല്ലാം ചെയ്യണം എന്നറിയാന്‍ വേണ്ടി സീന്‍ പ്ലാന്‍ ചെയ്യുകയാണ്. മമ്മൂക്ക വന്നാല്‍ ഒറ്റയടിക്ക് എടുക്കണം. അല്ലെങ്കില്‍ അദ്ദേഹം പിണങ്ങി വിഷയമുണ്ടാക്കും.

അങ്ങനെ റിഹേഴ്സല്‍ എല്ലാം കഴിഞ്ഞപ്പോള്‍ മമ്മൂക്ക ഇറങ്ങി വന്നു. അവിടെ നിന്നിരുന്ന എന്നെ നോക്കിയിട്ട് നീ മൊട്ടയടിച്ചോ എന്ന് ചോദിച്ചു. അത് കേട്ടപ്പോള്‍ ഞാനാകെ ഞെട്ടിപ്പോയി. എന്ത് പറ്റി തലയ്ക്ക് സുഖമില്ലേ എന്ന് എന്നോട് ചോദിച്ചു. പഴനിയില്‍ പോയതാണെന്നും അങ്ങനെ മൊട്ടയടിച്ചതാണെന്നും ഞാന്‍ പറഞ്ഞു. ആ ഇപ്പോഴാണ് കാണാനൊരു വൃത്തിയൊക്കെ വന്നതെന്ന് പറഞ്ഞ് അദ്ദേഹം പോയി. അത് കഴിഞ്ഞ് സീനെല്ലാം എടുത്ത് കഴിഞ്ഞപ്പോള്‍ സെറ്റിലുള്ളവര്‍ എന്നെ അവിടെ നിര്‍ത്തിയിട്ടില്ല. കസേരയെല്ലാം കൊണ്ട് തന്ന് എന്നെ ഇരുത്തും.

തോപ്പില്‍ ജോപ്പന്‍. Photo: IMDB

ഫുഡും വെള്ളവും ജ്യൂസും എല്ലാം കാല്‍ക്കീഴില്‍ വരുമായിരുന്നു. അതാണ് മമ്മൂക്കയുടെ പവര്‍. അദ്ദേഹത്തിന് അറിയുന്ന ഒരാള്‍ എന്ന് പറയുമ്പോള്‍ സെറ്റിലെ കാര്യങ്ങളെല്ലാം മാറുകയാണ്,’ കണ്ണന്‍ പറഞ്ഞു.

Content Highlight: Kannan sagar talks about his experience with Mammootty

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more