| Monday, 13th October 2025, 12:42 pm

കേന്ദ്രത്തെ നിശിതമായി വിമര്‍ശിച്ച മുന്‍ ഐ.എ.എസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് രാജിവെച്ച മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കണ്ണന് ഗോപിനാഥന് പാര്‍ട്ടി അംഗത്വം നല്‍കി.

കണ്ണന്‍ ഗോപിനാഥന്‍ രാജ്യമാകെ പരിചയമുള്ള ഉദ്യോഗസ്ഥനായിരുന്നുവെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. അദ്ദേഹത്തിന് ജനാധിപത്യത്തെ സംരക്ഷിക്കാനാകുമെന്നും അരികുവത്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി സംസാരിച്ച വ്യക്തിയാണ് കണ്ണനെന്നും കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ ‘തന്റെ ലക്ഷ്യം ജനസേവനം’എന്ന് കണ്ണന്‍ ഗോപിനാഥന്‍ പ്രതികരിച്ചു. പ്രവര്‍ത്തന മേഖല കോണ്‍ഗ്രസ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുറേ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചു. നിരവധി ആളുകളോട് സംസാരിച്ചു. അതില്‍ നിന്നെല്ലാം ഏത് ദിശയിലേക്കാണ് സഞ്ചരിക്കേണ്ടത് എന്നതില്‍ ഒരു വ്യക്തത ലഭിച്ചു. ചോദ്യങ്ങള്‍ ചോദിക്കുന്നത് തുടരുമെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചാണ് കണ്ണന്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചത്. പിന്നാലെ പൗരത്വ ഭേദഗതിക്കെതിയരായ പ്രക്ഷോഭങ്ങളില്‍ ഉള്‍പ്പെടെ അദ്ദേഹം പങ്കെടുത്തിരുന്നു.

കോട്ടയം കൂരോപ്പട സ്വദേശിയാണ് കണ്ണന്‍ ഗോപിനാഥന്‍. 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നാണ് കണ്ണന്‍ രാജിവെച്ചത്.

ഇതിനുപിന്നാലെ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശശികാന്ത് സെന്തിലും സര്‍വീസില്‍ നിന്ന് രാജിവെച്ചിരുന്നു. തുടര്‍ന്ന് ശശികാന്തും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മാത്രമല്ല, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ തിരുവള്ളൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അദ്ദേഹം വിജയിക്കുകയും ചെയ്തിരുന്നു.

Content Highlight: Kannan Gopinathan in Congress

We use cookies to give you the best possible experience. Learn more