| Tuesday, 27th May 2025, 11:58 pm

കന്നഡ ഭാഷ ഉത്ഭവിച്ചത് തമിഴില്‍ നിന്ന്; കമല്‍ ഹാസന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി കന്നഡ സംഘടനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴില്‍ നിന്നാണ് കന്നഡ ഭാഷ ഉത്ഭവിച്ചതെന്ന നടന്‍ കമല്‍ ഹാസന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കന്നഡ ഭാഷ സംഘടനകള്‍. കമല്‍ ഹാസന്റെ പരാമര്‍ശം കന്നഡ ഭാഷയെ അപമാനിക്കുന്നതാണെന്നും നടന്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പറഞ്ഞ് കന്നഡ രക്ഷണ വേദികെ പോലുള്ള കന്നഡ അനുകൂല സംഘടനകള്‍ രംഗത്തെത്തി.

കമല്‍ ഹാസന്റെ പരാമര്‍ശങ്ങളെ അപലപിച്ച സംഘടനകള്‍ കമല്‍ ഹാസന്‍ ഇത്തരം പ്രസ്താവനകള്‍ തുടര്‍ന്നാല്‍ അദ്ദേഹത്തിന്റെ സിനിമ കര്‍ണാടകയില്‍ നിരോധിക്കുമെന്നും അവകാശപ്പെട്ടു. ചെന്നൈയില്‍ നടന്ന തന്റെ പുതിയ സിനിമയായ തഗ് ലൈഫിന്റെ പ്രമോഷന്‍ പരിപാടിയിലാണ് കന്നഡ ഭാഷ തമിഴില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് കമല്‍ ഹാസന്‍ പറഞ്ഞത്.

എന്റെ ജീവിതവും എന്റെ കുടുംബവും തമിഴ് ഭാഷയാണ് എന്നര്‍ത്ഥം വരുന്ന ‘ഉയിരേ ഉരവേ തമിഴെ’ എന്ന വാചകത്തോടെയാണ് ചടങ്ങില്‍ നടന്‍ സംസാരം ആരംഭിച്ചത്. കന്നഡ നടന്‍ ശിവരാജ്കുമാറിനെ ചൂണ്ടിക്കാട്ടി മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന തന്റെ കുടുംബമാണ് അദ്ദേഹമെന്നും അതുകൊണ്ടാണ് താന്‍ പ്രസംഗം തുടങ്ങിയപ്പോള്‍ തന്റെ ജീവിതവും കുടുംബവും തമിഴാണ് എന്ന് പറഞ്ഞതെന്നും നടന്‍ പറഞ്ഞത്. തുടര്‍ന്നാണ് കന്നഡയും തമിഴില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് കമല്‍ഹാസന്‍ പറഞ്ഞത്.

കന്നഡയേക്കാളും നല്ലതാണ് തമിഴാണെന്നാണ് കമല്‍ഹാസന്‍ പറഞ്ഞതെന്നും കര്‍ണാടകയില്‍ ബിസിനസ് ആവശ്യമുണ്ടായിട്ടും കന്നഡയെ നടന്‍ അപമാനിക്കുകയാണെന്നും കന്നട രക്ഷണ വേദികെ നേതാവ് പ്രവീണ്‍ ഷെട്ടി പറഞ്ഞു.

കമല്‍ കര്‍ണാടകയില്‍ എത്തിയപ്പോള്‍ മഷി തേക്കാന്‍ തങ്ങള്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ പ്രതിഷേധക്കാരെ ഭയന്ന് അദ്ദേഹം സ്ഥലം വിട്ടെന്നും പ്രതിഷേധക്കാര്‍ അവകാശപ്പെട്ടു.ബെംഗളൂരുവില്‍ കന്നഡ അനുകൂല പ്രവര്‍ത്തകര്‍ തഗ് ലൈഫിന്റെ ബാനറുകള്‍ വലിച്ചുകീറി.

ബി.ജെ.പി കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ബി. വൈ.വിജയേന്ദ്രനും കമല്‍ഹാസനെ വിമര്‍ശിച്ചു. കന്നഡയെക്കുറിച്ചുള്ള നടന്റെ പരാമര്‍ശങ്ങള്‍ സംസ്‌കാരശൂന്യമാണെന്നും അഹങ്കാരമാണെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. കലാകാരന്മാര്‍ എല്ലാ ഭാഷകളെയും ബഹുമാനിക്കണമെന്നും തമിഴിനെ പ്രശംസിച്ചുകൊണ്ട് നടന്‍ ശിവരാജ്കുമാറിനെ നടന്‍ അപമാനിച്ചുവെന്നും വിജയേന്ദ്രന്‍ പറഞ്ഞു.

Content Highlight: Kannada language originated from Tamil; Kannada organizations protest against Kamal Haasan’s remark

We use cookies to give you the best possible experience. Learn more