| Saturday, 1st July 2023, 11:00 am

'ജര്‍മന്‍ സ്വദേശി'യുടെ ഫേസ്ബുക്ക് സമ്മാനം; കാഞ്ഞങ്ങാട്ടെ യുവതിക്ക് നഷ്ടമായത് എട്ട് ലക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ യുവതിയില്‍ നിന്നും ഫേസ്ബുക്ക് ഫ്രണ്ട് തട്ടിയെടുത്തത് 8,01,400 രൂപ. ജര്‍മന്‍ സ്വദേശിയെന്ന വ്യജേനയാണ് ബേക്കറി സ്ഥാപനത്തിലെ യുവതിയെ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. ഐ ഫോണും 40 ലക്ഷം രൂപയുമടക്കമുള്ള സമ്മാനങ്ങള്‍ അയച്ച് നല്‍കിയിട്ടുണ്ടെന്നും ഇത് കൈപറ്റാന്‍ പണം നല്‍കണമെന്നും പറഞ്ഞാണ് യുവതിയില്‍ നിന്നും പണം തട്ടിയെടുത്തത്.

അഞ്ച് മാസം മുന്‍പാണ് ഡോ. കെന്നഡി നിക്ക് മൂര്‍സ് എന്ന പേരില്‍ യുവതിക്ക് ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് വന്നത്. ജര്‍മന്‍ സ്വദേശിയാണെന്നും യു.കെയിലാണ് ജോലിയെന്നുമായിരുന്നു പ്രൊഫൈലില്‍ ഉണ്ടായിരുന്നത്. യുവതി റിക്വസ്റ്റ് സ്വീകരിച്ചെങ്കിലും രണ്ടാഴ്ച മുന്‍പാണ് ഈ അക്കൗണ്ടില്‍ നിന്നും മെസേജുകള്‍ വന്ന് തുടങ്ങിയത്. തനിക്ക് മൂന്ന് കുട്ടികളാണ് ഉള്ളതെന്നും അതില്‍ ഒരാളെ ദത്തെടുത്തതാണെന്നും മൂര്‍സ് അറിയിച്ചിരുന്നു.

പിന്നീട് മൂര്‍സ് സമ്മാനം അയച്ച് തരാനാണെന്ന് പറഞ്ഞ് ജൂണ്‍ മാസത്തില്‍ യുവതിയില്‍ നിന്നും നിര്‍ബന്ധിച്ച് മേല്‍വിലാസം വാങ്ങി. തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം കൊറിയര്‍ വന്നിട്ടുണ്ടെന്നും അത് ലഭിക്കണമെങ്കില്‍ 25,440 രൂപ അടക്കണമെന്നും അറിയിച്ച് പെര്‍ഫെ്ക്ട് കാര്‍ഗോ എന്ന ‘കൊറിയര്‍ കമ്പനി’യില്‍ നിന്നെന്ന വ്യാജേന കോള്‍ വന്നു. കൊറിയര്‍ കൈപ്പറ്റാന്‍ യുവതി മൂര്‍സില്‍ നിന്നും പണം ആവശ്യപ്പെട്ടെങ്കിലും നല്‍കിയിരുന്നില്ല. കൊറിയര്‍ കമ്പനിയിലെ യുവതി വിളിച്ച് ആപ്പിള്‍ ഐഫോണാണ് സമ്മാനമായി അയച്ചിരിക്കുന്നതെന്ന് പിന്നീട് അറിയിച്ചു. ഇത് വിശ്വസിച്ച് സമ്മാനം കൈപറ്റാനായി ജൂണ്‍ 17ന് ജിതേന്ദ്ര എന്നയാളുടെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തിരുന്നതായി യുവതി പറയുന്നു.

എന്നാല്‍ ഐഫോണ്‍ പാക്കറ്റിനകത്ത് 40,000 പൗണ്ട് ഉണ്ടായിരുന്നതായും ഇത് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റിലാണുള്ളതെന്നും കൊറിയര്‍ കമ്പനിയുടേതെന്ന പേരില്‍ കോള്‍ വന്നു. പണം തിരിച്ചുകിട്ടാനുള്ള കോടതി ഉത്തരവിനായും പണം ഇന്ത്യന്‍ കറന്‍സിയാക്കി മാറ്റുന്നതിനായും 87,000 രൂപയും ഇവര്‍ ആവശ്യപ്പെട്ടു. മൂര്‍സിനെ ബന്ധപ്പെട്ടപ്പോള്‍ തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായാണ് പണം അയച്ചുനല്‍കിയത് എന്നായിരുന്നു അറിയിച്ചതെന്ന് യുവതി പറയുന്നു. തുടര്‍ന്ന് യുവതി കമ്പനിക്ക് 87,000 രൂപ കൈമാറുകയും ചെയ്തു. എന്നാല്‍ പണം യുവതിയുടെ അക്കൗണ്ടിലേക്ക് കൈമാറണമെന്നുണ്ടെങ്കില്‍ എന്‍.ഒ.സി ആവശ്യമുണ്ടെന്നും ഇതിനായി 2.17 ലക്ഷം രൂപ കൂടി നല്‍കണമെന്നാവശ്യപ്പെട്ട് യുവതിക്ക് വീണ്ടും കോള്‍ വന്നു.
പണം കൈപറ്റാനായി സ്വര്‍ണം പണയം വെച്ചും ബന്ധുക്കളുടെ കയ്യില്‍ നിന്ന് കടം വാങ്ങിച്ചും ജൂണ്‍ 23ന് യുവതി അക്കൗണ്ടില്‍ പണം ഇട്ടുകൊടുത്തിരുന്നു. എന്നാല്‍ വീണ്ടും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊറിയന്‍ കമ്പനി യുവതിയോട് പണം ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് താന്‍ തട്ടിപ്പിനിരയായ കാര്യം യുവതി മനസിലാക്കിയത്.

Content Highlight: Kanjanhad woman loss 8.01 lack throgh online fraud

Latest Stories

We use cookies to give you the best possible experience. Learn more