| Friday, 6th April 2018, 8:37 pm

'മോദി ഒരു ദുരന്തമാണെന്ന് ഇപ്പോഴെങ്കിലും താങ്കള്‍ക്ക് മനസ്സിലായല്ലോ'; അമിത് ഷായുടെ പ്രസംഗത്തെ പരിഹസിച്ച് കനയ്യകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രിയെ പിന്തുണച്ച് അമിത് ഷാ നടത്തിയ പ്രസംഗത്തിനെതിരെ എ.ഐ.എസ്.എഫ് നേതാവ് കനയ്യകുമാര്‍. മോദിയെ തടയാന്‍ രാജ്യത്തെ പാമ്പും കീരിയും ഒന്നായി എന്നു പറഞ്ഞ് അമിത് ഷാ പ്രതിപക്ഷ കക്ഷികളെ വിമര്‍ശിച്ച് നടത്തിയ പ്രസംഗത്തിനെ പരിഹസിച്ചാണ് കനയ്യകുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

“മോദി നമ്മുടെ രാജ്യത്തെ മുക്കിക്കൊല്ലുമെന്ന് ഞങ്ങള്‍ നേരത്തേ പറഞ്ഞിരുന്നതാണ്. ഇപ്പോള്‍ ഇതാ അമിത് ഷാ പറയുന്നു മോദി ഒരു പ്രളയമാണെന്ന്. അതായത് മോദി ഒരു ദുരന്തമാണെന്ന്.

ഇത് തന്നെയാണ് ഞങ്ങളും മുന്നേ പറഞ്ഞിരുന്നത്, അദ്ദേഹം ഒരു ദുരന്തമാണെന്ന്”-എന്നാണ് കനയ്യകുമാര്‍ പറഞ്ഞത്.

നിലവില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷസഖ്യക്ഷികള്‍ ഒത്തുചേരുന്നതിനെതിരെയായിരുന്നു അമിത് ഷാ യുടെ വിമര്‍ശനം.


ALSO READ:മോദിയെ പേടിച്ച് പട്ടിയും പൂച്ചയും കീരിയും വരെ ഒന്നിച്ചു; പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ


ബി.ജെ.പിക്കെതിരെ രാജ്യത്തുയര്‍ന്നുവരുന്ന പ്രതിപക്ഷ ഐക്യത്തെ രൂക്ഷഭാഷയിലായിരുന്നു ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പരിഹസിച്ചത് . മോദിയെ പേടിച്ച് നായയും പൂച്ചയും കീരിയും വരെ ഒന്നിച്ചുവെന്ന് അമിത് ഷാ മുംബൈയില്‍ ബി.ജെ.പിയുടെ സ്ഥാപക ദിനാഘോഷ ചടങ്ങില്‍ പറഞ്ഞു. ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസ്സും മറ്റ് പാര്‍ട്ടികളുമെല്ലാം ഒന്നിക്കുന്നതിനെതിരെയായിരുന്നു അമിത്ഷായുടെ പരാമര്‍ശം.

“എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് വന്നിരിക്കുകയാണ്. വലിയൊരു വെള്ളപ്പൊക്കം വന്നപ്പോള്‍ പാമ്പും കീരിയും പൂച്ചയും പട്ടിയും ചീറ്റപ്പുലിയും സിംഹവും ഒക്കെ ഒരു വലിയ മരത്തില്‍ കയറി. പക്ഷേ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല.” അമിത് ഷാ പറഞ്ഞു.

“ബി.ജെ.പിയുടെ സുവര്‍ണ്ണയുഗം ഇതല്ല. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകൃതമായാല്‍ മാത്രമേ ബി.ജെ.പിയുടെ സുവര്‍ണ്ണയുഗം ആരംഭിക്കുകയുള്ളൂ. രാഹുലും പവാറും ഇത് കേള്‍ക്കണം. ഞങ്ങള്‍ ഒരിക്കലും സംവരണ നയം അവസാനിപ്പിക്കില്ല. ഇനി നിങ്ങള്‍ അങ്ങനെ ആഗ്രഹിച്ചാല്‍ പോലും ബി.ജെ.പി അത് അനുവദിക്കില്ല”, അമിത് ഷാ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more