| Friday, 12th April 2013, 10:17 am

കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സി.കെ. ഭാസ്‌കരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കഞ്ഞിക്കുഴിയിലെ പുനഃസംഘടിപ്പിച്ച പുതിയ കമ്മിറ്റിയുടെ ഇന്നു നടക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മുന്‍ കമ്മിറ്റി സെക്രട്ടറി സി.കെ. ഭാസ്‌കരന്‍ വ്യക്തമാക്കി. അനാരോഗ്യം മൂലമാണ് പങ്കെടുക്കാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. []

സി.പി.ഐ.എം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല ഇപ്പോള്‍ സജി ചെറിയാനാണ്. പുനഃസംഘടിപ്പിച്ച സംഘടനാ കമ്മിറ്റി തുടരാനും തീരുമാനിച്ചിട്ടുണ്ട്.

കഞ്ഞിക്കുഴിയില്‍ കമ്മിറ്റി പുനഃസംഘടനയുമായി ബന്ധപ്പെട്ടുണ്ടായ പരാതികളും അനുബന്ധപ്രശ്‌നങ്ങളും അന്വേഷിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എ.കെ.ബാലന്‍, എളമരം കരീം എന്നിവര്‍ അംഗങ്ങളായി കമ്മീഷനെയും നിയോഗിച്ചിരുന്നു.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് കമ്മീഷനെ നിയോഗിച്ചത്. തീരുമാനം. ഇവര്‍ പരാതികള്‍ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും.

കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി അടുത്ത നടപടി സ്വീകരിക്കുന്നതുവരെ കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറിയുടെ ചുമതല ജില്ലാ സെക്രട്ടറിയറ്റ് അംഗം സജി ചെറിയാന് നല്‍കിയെന്നും ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിനുശേഷം പിണറായി വിജയന്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഏരിയാ കമ്മിറ്റിയിലെ വിമതപക്ഷം പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് പിണറായി വിജയന്‍ കൂടിക്കാഴ്ചയില്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.

വിമതര്‍ക്കെതിരേ തല്‍ക്കാലം അച്ചടക്ക നടപടി സ്വീകരിക്കേണെ്ടന്നും തീരുമാനിച്ചിരുന്നു. അരൂര്‍, കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കാനുള്ള തീരുമാനമാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

കഞ്ഞിക്കുഴി ഏരിയ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ സി.കെ. ഭാസ്‌കരന്‍, അരൂര്‍ ഏരിയ സെക്രട്ടറി ടി.വി.തങ്കപ്പന്‍ എന്നിവരെ തത് സ്ഥാനങ്ങളില്‍നിന്ന് മാറ്റി പകരം ജില്ലാ സെക്രട്ടേറിയറ്റംഗം ജി. വേണുഗോപാലിനെ അരൂര്‍ സെക്രട്ടറിയായും കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍ നേതാവ് സി.കെ. സുരേന്ദ്രനെ കഞ്ഞിക്കുഴി സെക്രട്ടറിയായും നിയമിക്കാനായിരുന്നു തീരുമാനം.

എന്നാല്‍ ഏരിയാ കമ്മിറ്റി ഇത് അംഗീകരിക്കാന്‍ തയാറായില്ല. തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതില്‍ ജില്ലാ കമ്മറ്റി പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജി. സുധാകരനെ പ്രശ്‌നം പരിഹരിക്കാന്‍ നിയോഗിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് വിമത നേതാക്കള്‍ പിണറായി വിജയനെ കണ്ട് വിഷയം അവതരിപ്പിച്ചത്. കഞ്ഞിക്കുഴിയിലെ പുനഃസംഘടിപ്പിച്ച 17 അംഗ കമ്മിറ്റിയില്‍ 10പേര്‍ സുധാകര അനുകൂലികളും ഏഴുപേര്‍ ഐസക്- വി.എസ്.പക്ഷക്കാരുമാണ്.

Latest Stories

We use cookies to give you the best possible experience. Learn more