| Monday, 18th August 2025, 7:01 pm

വോട്ടര്‍പട്ടിക ശുദ്ധമാണെന്ന് ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം നല്‍കണം; എന്നിട്ടാകാം ഞങ്ങള്‍: കനയ്യ കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വോട്ടര്‍പട്ടിക ശുദ്ധമാണെന്ന് ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇ.സി) സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍. അതിനുശേഷം കോണ്‍ഗ്രസ് സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും കനയ്യ കുമാര്‍ പറഞ്ഞു. ദല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഒരു ബി.ജെ.പി വക്താവിനെ പോലെയാണ് സംസാരിച്ചതെന്നും വോട്ട് ചോരിയില്‍ കൃത്യമായ മറുപടികള്‍ നല്‍കാന്‍ അദ്ദേഹത്തിനായില്ലെന്നും കനയ്യ പറഞ്ഞു.

വോട്ട് ചോരി ആരോപണങ്ങള്‍ തെളിയിക്കാന്‍ ഏഴ് ദിവസത്തിനുള്ളില്‍ ഒപ്പിട്ട സത്യവാങ്മൂലം നല്‍കണമെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിക്ക് ഇ.സി അന്ത്യശാസനം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് കനയ്യ കുമാറിന്റെ പ്രതികരണം.

ബി.ജെ.പി വോട്ടുകള്‍ അട്ടിമറിക്കാനും ഭരണഘടന മോഷ്ടിക്കാനും ആഗ്രഹിക്കുന്നതായും കനയ്യ കുമാര്‍ മാധ്യമങ്ങളോട് ആരോപിച്ചു. ഭരണഘടന തിരുത്തിയെഴുതാനുള്ള ബി.ജെ.പിയുടെ ശ്രമം ചില നേതാക്കള്‍ ചേര്‍ന്ന് മൂടികെട്ടിയെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നായിരുന്നു അഭിപ്രായ സര്‍വേകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ സര്‍വേകള്‍ തകിടം മറിഞ്ഞുവെന്നും കനയ്യ കുമാര്‍ പറഞ്ഞു.

വോട്ടര്‍പട്ടികയില്‍ യാതൊരുവിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കാനായി തങ്ങള്‍ വോട്ടര്‍പട്ടികയില്‍ പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആര്‍) നടത്തുന്നുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.

‘എസ്.ഐ.ആര്‍ നടത്തുന്നതിലൂടെ വോട്ടര്‍പട്ടികയില്‍ എന്തൊക്കെയോ കുഴപ്പമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ പറയുന്നു. അപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പ് പറഞ്ഞതെല്ലാം കള്ളമായിരുന്നുവെന്നാണ് അര്‍ത്ഥം,’ കനയ്യ കുമാര്‍ പറഞ്ഞു.

ഇതിനുപുറമെ ആധാര്‍ വിഷയത്തിലും കനയ്യ കുമാര്‍ പ്രതികരിച്ചു. ബീഹാറിലെ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ ബി.എല്‍.ഒയെ സമീപിക്കുന്നുണ്ടെങ്കില്‍ ആധാര്‍ കാര്‍ഡ് പൗരത്വ രേഖയായി സ്വീകരിക്കുന്നില്ലെന്നും കനയ്യ കുമാര്‍ പറഞ്ഞു. ചെറിയ പിഴവുകളുടെ പേരില്‍ ബീഹാറിലെ വോട്ടര്‍മാരെ അധികൃതര്‍ പീഡിപ്പിക്കുകയാണെന്നും കനയ്യ ആരോപിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്ദേശങ്ങള്‍ വ്യക്തമല്ലെന്നും പരമോന്നത നേതാവിന്റെ മുഖം ഉയര്‍ത്തിക്കാട്ടുന്ന തിരക്കിലാണ് ഇ.സിയെന്നും കനയ്യ വിമര്‍ശിച്ചു. വോട്ട് മോഷ്ടിച്ചാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതെന്നും അത്തരമൊരു സര്‍ക്കാര്‍ സത്യസന്ധമായി പ്രവര്‍ത്തിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

Content Highlight: First the EC should give an affidavit that the voter list is clean; then we can do it: Kanhaiya Kumar

We use cookies to give you the best possible experience. Learn more