| Tuesday, 26th March 2019, 10:51 pm

കനയ്യകുമാറിന്റെ ക്രൗഡ് ഫണ്ടിങ്ങില്‍ ആദ്യ മണിക്കൂറുകളില്‍ ലഭിച്ചത് 5 ലക്ഷം; ജനാധിപത്യത്തെ രക്ഷിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് കനയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: പാട്‌നയിലെ ബെഗുസരായില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കനയ്യ കുമാറിന്റെ ക്രൗഡ് ഫണ്ടിങ്ങിന് മികച്ച പ്രതികരണം. ആരംഭിച്ച് ആദ്യ മണിക്കൂറുകള്‍ക്കകം അഞ്ച് ലക്ഷം രൂപ ലഭിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

വോട്ടു ചോദിക്കുന്നതിനോടൊപ്പം തനിക്ക് തെരഞ്ഞെടുപ്പിനാവശ്യമായ ഫണ്ടും ലഭ്യമാക്കണമെന്ന് കനയ്യ തന്റെ അണികളോട് ആവശ്യപ്പെടുകയായിരുന്നു. “സുഹൃത്തുക്കളേ, നിങ്ങള്‍ക്കറിയാമല്ലോ, തെരഞ്ഞെടുപ്പിന് വോട്ടു ലഭിക്കാനുള്ള ഓട്ടത്തില്‍ പലരും ജനാധിപത്യത്തെ മുറിവേല്‍പ്പിക്കുകയും ഭരണഘടനയെ അപകടത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ഈ സമയത്ത് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഈ രാജ്യത്തെ ജനങ്ങള്‍ ഒരുമിച്ച് നിന്ന് പോരാടണം. നിങ്ങള്‍ എല്ലാവരും സാമ്പത്തികമായുള്ള സംഭാവനകള്‍ നല്‍കി ഈ പോരാട്ടത്തെ ശക്തിപ്പെടുത്തുമെന്ന് ഞാന്‍ കരുതുന്നു” എന്നായിരുന്നു കനയ്യ പറഞ്ഞത്.

ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്റെ നേതാവായിരുന്ന കനയ്യ കുമാര്‍ തെരഞ്ഞെടുപ്പ് ചെലവിനായി 70 ലക്ഷം രൂപ പിരിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

Also Read ചിലര്‍ ക്ഷേത്രങ്ങളില്‍ ഇരിക്കുന്നത് നിസ്‌കരിക്കാന്‍ ഇരിക്കുന്നത് പോലെ; ഗാന്ധി കുടുംബത്തെക്കുറിച്ച് യോഗി ആദിത്യനാഥ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബെഗുസാരായില്‍ കനയ്യക്കെതിരെ മത്സരിക്കാനിരുന്നത് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിംഗ് ആയിരുന്നു. എന്നാല്‍ അദ്ദേഹം കഴിഞ്ഞ ദിവസം ബെഗുസരായില്‍ നിന്ന് മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്നു. നവാദയില്‍ നിന്നാണ് ഗിരിരാജ് ഇനി മത്സരിക്കുക.

താന്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ നവാദയിലെ ജനങ്ങള്‍ ചോദ്യം ചെയ്താല്‍ മാത്രമേ മണ്ഡലം മാറുന്ന കാര്യം ആലോചിക്കൂവെന്നും ഗിരിരാജ് സിംഗ് എ.ബി.പി ന്യൂസിനോട് പറഞ്ഞിരുന്നു.

ബി.ജെ.പി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിന്റെ മൗലികവാദത്തിനെതിരാണ് തന്റെ പോരാട്ടമെന്നായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാനത്തിന് പിന്നാലെ കനയ്യ കുമാര്‍ പ്രതികരിച്ചത്. കന്ദ്ര മന്ത്രിയെന്നതിനെക്കാളുപരി ഇടക്കിടെ ഇന്ത്യക്കാരെ പാകിസ്ഥാനിലേക്കയക്കുന്ന ഗിരിരാജ് സിങ്ങ്, പാക് വിസാ മന്ത്രിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കനയ്യ കുമാര്‍ പരിഹസിച്ചു. ആര്‍.ജെ.ഡിയുടെ തന്‍വിര്‍ ഹസനുമായി ആയിരിക്കില്ല തന്റെ പോരാട്ടം എന്നും കുമാര്‍ വ്യക്തമാക്കിയിരുന്നു.

ബെഗുസാരായില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായ കനയ്യയെ പിന്തുണക്കാമെന്ന് ആര്‍.ജെ.ഡി നേരത്തെ പറഞ്ഞിരുന്നങ്കിലും പിന്നീട് പിന്‍വാങ്ങുകയായിരുന്നു. ഇടതുപാര്‍ട്ടികളായ സി.പി.എമ്മിനും സി.പി.ഐയ്ക്കും ആര്‍.ജെ.ഡി നേതൃത്വത്തലുള്ള മഹാസഖ്യം ഒരു സീറ്റ് പോലും നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയായി കനയ്യയെ സി.പി.ഐ പ്രഖ്യാപിച്ചത്.

സി.പി.ഐയ്ക്ക് നിര്‍ണായക സ്വാധീനമുള്ള ബെഗുസാരായി നേരത്തെ സി.പി.ഐ ജയിച്ചിട്ടുള്ള മണ്ഡലം കൂടിയാണ്. ബിഹാറിലെ ലെനിന്‍ഗ്രാഡ് എന്നാണ് ബെഗുസാരായി അറിയപ്പെട്ടിരുന്നത്.

Image Credits: PTI

Latest Stories

We use cookies to give you the best possible experience. Learn more