| Wednesday, 26th August 2026, 1:29 pm

ബ്രോ വെയിറ്റ്; ഭാരത് മാതാ കീ ജയ്; പുരുഷാധിപത്യം തകര്‍ക്കൂ എന്ന രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിന് പിന്നാലെ പരിഹാസവുമായി കങ്കണ റണാവത്ത്

നിഷാന. വി.വി

ന്യൂദല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി നേതാവ് കങ്കണ റണാവത്ത്. ബോളിവുഡ് നടി കൃതി സനോണിന്റെ രക്ഷാ ബന്ധന്‍ പരസ്യവുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ നിലപാടിനെതിരെയാണ് പരിഹാസം.

കൃതിയുടെ രക്ഷാ ബന്ധന്‍ പരസ്യത്തിലെ വസ്ത്രധരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അവരെ അനുകൂലിച്ച് കൊണ്ട് പുരുഷാധിപത്യം തകര്‍ക്കൂ എന്ന് ആഹ്വാനം ചെയ്ത് കൊണ്ട് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ബി.ജെ.പി ഹാന്‍ഡിലില്‍ പങ്കുവെച്ച ഒരു കാര്‍ട്ടൂണ്‍ ചിത്രം റീ ഷെയര്‍ ചെയ്ത്‌കൊണ്ട് കങ്കണ രാഹുല്‍ ഗാന്ധിക്കെതിരെ എതിരെ രംഗത്തെത്തിയത്. പുരുഷാധിപത്യം തകര്‍ക്കൂവെന്ന് രാഹുല്‍ ഗാന്ധി പറയുമ്പോള്‍ ബ്രോ വെയ്റ്റ് ഭാരത് മാതാ കീ ജയ് എന്ന് പറയുന്ന പെണ്‍കുട്ടിയുടെ കാര്‍ട്ടൂണാണ് കങ്കണ പങ്കുവെച്ചത്.

ഒരു സ്ത്രീ എന്ത് ധരിക്കണം എന്നത് അവളുടെ മാത്രം സ്വാതന്ത്ര്യമാണെന്നും ഇതിന്റെ പേരില്‍ സ്ത്രീകളെ വേട്ടയാടുന്നത് നിര്‍ത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ ജിവയുടെ രക്ഷാബന്ധന്‍ പരസ്യമാണ് വിവാദങ്ങള്‍ക്ക് ആസ്പദമായത്.

ഇന്‍ഡോ-വെസ്റ്റേണ്‍ ശൈലിയിലുള്ള ബ്രാലെറ്റ് ബ്ലൗസും സ്‌കര്‍ട്ടും ധരിച്ച് കൃതി സനോന്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തില്‍ താരം തന്റെ സഹോദരനും ഒപ്പം വളര്‍ത്തുനായയ്ക്കും രാഖി കെട്ടുന്ന ദൃശ്യങ്ങളുണ്ടായിരുന്നു.

പാരമ്പരാഗത ഉത്സവത്തിന് ഇത്തരം വസ്ത്രധാരണം അശ്ലീലമാണെന്നും മൃഗങ്ങള്‍ക്ക് രാഖി കെട്ടുന്നത് ആചാരങ്ങളെ അപമാനിക്കുന്നതാണെന്നും ആരോപിച്ച് ഒരു വിഭാഗം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ നടിക്കെതിരെ തിരിഞ്ഞു.

പ്രതിഷേധം ശക്തമായതോടെ നടി കൃതി സനോന്‍ മറുപടിയുമായി രംഗത്തെത്തി. ‘സംസ്‌കാരവും പാരമ്പര്യവും നിലനില്‍ക്കുന്നത് ഒരാളുടെ ഹൃദയത്തിലാണ്, അല്ലാതെ വസ്ത്രത്തിന്റെ നെക്ക്ലൈനിലല്ല’ എന്ന് കൃതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രക്ഷാബന്ധന്‍ എന്നത് പരസ്പര സംരക്ഷണത്തിന്റെ പ്രതീകമാണെന്നും തന്റെ വളര്‍ത്തുനായകള്‍ തനിക്ക് കുടുംബാംഗങ്ങളെപ്പോലെയാണെന്നും നടി വ്യക്തമാക്കി.

വിവാദം കനത്തതോടെ ജ്വല്ലറി ബ്രാന്‍ഡ് ഈ പരസ്യം പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായി. തുടര്‍ന്നാണ് നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പിന്തുണ പ്രഖ്യാപിച്ചത്. ‘ഒരു സ്ത്രീ എന്ത് ധരിക്കണം, എന്ത് ചെയ്യണം, എവിടെ പോകണം എന്നത് അവളുടെ മാത്രം തീരുമാനമാണ്. സ്വന്തം സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിന്റെ പേരില്‍ സ്ത്രീകളെ ട്രോളുന്നത് നിര്‍ത്തൂ’ എന്ന് കുറിച്ച രാഹുല്‍ ഗാന്ധി, ‘പുരുഷാധിപത്യത്തെ തകര്‍ക്കുക’ എന്ന ഹാഷ്ടാഗും പോസ്റ്റിനൊപ്പം പങ്കുവെച്ചു.

രാഹുല്‍ ഗാന്ധിയുടെ ഇടപെടലിന് പിന്നാലെ വിമര്‍ശനവുമായി കങ്കണ റണാവത് വീണ്ടും രംഗത്തെത്തി. നേരത്തെ കൃതിയുടെ വസ്ത്രധാരണത്തെ ‘അടിവസ്ത്രം ധരിച്ച് ആരെങ്കിലും സഹോദരന് രാഖി കെട്ടുമോ’ എന്ന് ചോദിച്ച് കങ്കണ വിമര്‍ശിച്ചിരുന്നു.

രാഹുലിന്റെ പോസ്റ്റിന് പിന്നാലെ, കോണ്‍ഗ്രസിന്റെ സ്ത്രീവിരുദ്ധ ചരിത്രത്തെയും മുത്തലാഖ്, ഷാബാനു കേസ് തുടങ്ങിയ വിഷയങ്ങളിലെ മുന്‍ നിലപാടുകളെയും ചോദ്യം ചെയ്യുന്ന ബി.ജെ.പിയുടെ പോസ്റ്റുകള്‍ കങ്കണ റീഷെയര്‍ ചെയ്തു. ഇതോടെ സിനിമാ ലോകത്ത് തുടങ്ങിയ വസ്ത്രധാരണ വിവാദം ഇപ്പോള്‍ ഭരണ-പ്രതിപക്ഷ ചേരികള്‍ തമ്മിലുള്ള വലിയ രാഷ്ട്രീയ പോരാട്ടമായി മാറിയിരിക്കുകയാണ്.

Content Highlight: Kangana Ranaut takes a dig at Rahul Gandhi following his post featuring “Bro-weight,” “Bharat Mata Ki Jai,” and “Smash Patriarchy.”

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more