| Thursday, 26th June 2025, 4:07 pm

സൊഹ്‌റാന്‍ മംദാനിയെ ഇന്ത്യക്കാരനല്ല പാകിസ്ഥാനിയെപ്പോലെ തോന്നുന്നു; അയാള്‍ ഹിന്ദുത്വം തുടച്ച് നീക്കാനുള്ള ശ്രമത്തിലാണ്: അധിക്ഷേപവുമായി കങ്കണ റണാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി സാധ്യത കല്‍പ്പിക്കുന്ന സൊഹ്‌റാന്‍ മംദാനിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. ഇന്ത്യന്‍ വംശജനായ മംദാനിയുടെ പേര് ഒരു ഇന്ത്യക്കാരന്‍ എന്നതിലുപരി ഒരു പാകിസ്ഥാനിയായിട്ടാണ് തോന്നുന്നതെന്നാണ് കങ്കണ പറഞ്ഞത്. എക്‌സ് പോസ്റ്റ് വഴിയായിരുന്നു കങ്കണയുടെ പ്രതികരണം.

കൂടാതെ അദ്ദേഹത്തിന്റെ ഹിന്ദു ഐഡന്റിറ്റിക്ക് എന്ത് സംഭവിച്ചുവെന്നും ഇപ്പോള്‍ അദ്ദേഹം ഹിന്ദുമതം തുടച്ചുനീക്കാന്‍ തയ്യാറെടുക്കുകയാണെന്നും കങ്കണ ആരോപിക്കുകയുണ്ടായി. ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം പണിയാന്‍ തീരുമാനിച്ചതിനെതിരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ സംഘടിപ്പിച്ച സിഖ് സംഘടനയുടെ പരിപാടിയില്‍ സംസാരിക്കുന്ന സൊഹ്‌റാന്‍ മംദാനിയുടെ വീഡിയോ റീ ഷെയര്‍ ചെയ്താണ് കങ്കണയുടെ പോസ്റ്റ്. വീഡിയോയില്‍ മംദാനി ബി.ജെ.പിയേയും വിമര്‍ശിച്ചിരുന്നു. ഇതാണ് കങ്കണയെ പ്രകോപിപ്പിച്ചത്.

എന്നാല്‍ ഇതേപോസ്റ്റില്‍ തന്നെ സൊഹ്‌റാന്റെ അമ്മയും പ്രശസ്ത ഇന്ത്യന്‍ സംവിധായകയുമായ മീര നായരെ കങ്കണ അഭിനന്ദിക്കുന്നുണ്ട്. മീര നായര്‍ മികച്ച ഫിലിം മേക്കര്‍ ആണെന്നും, പദ്മശ്രീ ജേതാവാണെന്നും അവരെ പലപ്പോഴായി താന്‍ കണ്ടുമുട്ടിയിരുന്നെന്നും രക്ഷിതാവെന്ന നിലയില്‍ അവര്‍ക്ക് അഭിനന്ദനങ്ങള്‍ എന്നും കങ്കണ പറഞ്ഞു.

‘ അദ്ദേഹത്തിന്റെ അമ്മ മീര നായര്‍ മികച്ച ഫിലിം മേക്കര്‍മാരില്‍ ഒരാളാണ്, പദ്മശ്രീ ജേതാവാണ്. ഏറെ ആഘോഘിക്കപ്പെട്ട, സ്‌നേഹിക്കപ്പെട്ട അവര്‍ ഭാരതത്തില്‍ ജനിച്ച് ന്യൂയോര്‍ക്കില്‍ സെറ്റിലായി. അവര്‍ ഗുജറാത്തില്‍ വേരുകള്‍ ഉള്ള പ്രശസ്ത എഴുത്തുകാരനായ മെഹ്‌മൂദ് മംദാനിയെ വിവാഹം കഴിച്ചു. മകന് സൊഹ്‌റാന്‍ മംദാനിക്ക് എന്ന പേര് നല്‍കി. അദ്ദേഹം ഇന്ത്യക്കാരനിലുപരി പാകിസ്ഥാനിയെപ്പോലെ തോന്നിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഹിന്ദു ഐഡന്റിറ്റിക്ക്, ഹിന്ദു രക്തത്തിന് എന്ത് പറ്റിയെന്ന് അറിയില്ല. ഇപ്പോള്‍ അയാള്‍ ഹിന്ദുത്വത്തെ തുടച്ച് നീക്കാന്‍ ഒരുങ്ങുകയാണ്. വൗ… എല്ലായിടത്തും ഒരേ കഥകള്‍ തന്നെ,’ കങ്കണ എക്‌സില്‍ കുറിച്ചു.

അതേസമയം ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് ഉള്‍പ്പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മംദാനി വിജയം ഉറപ്പിച്ചതോടെ അദ്ദേഹത്തിനെതിരെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളില്‍ നിന്നടക്കം വലിയ അധിക്ഷേപമാണ് ഉയരുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ മംദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു.

മംദാനിയെ ‘100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍’ എന്ന് വിളിച്ച് പരിഹസിച്ച ട്രംപ് കോണ്‍ഗ്രസ് വനിത അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ്, സെനറ്റര്‍ ചക്ക് ഷൂമര്‍ എന്നിവരുള്‍പ്പെടെ മംദാനിയെ പിന്തുണയ്ക്കുന്ന മറ്റ് പുരോഗമനവാദികളെയും വിമര്‍ശിക്കുകയുണ്ടായി.

മുമ്പ് നമുക്ക് റാഡിക്കല്‍ ഇടതുപക്ഷക്കാര്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ മംദാനിയെ കാണാന്‍ തന്നെ ഭീകരനെപ്പോലെയാണ്, അവന്‍ അത്ര മിടുക്കനുമല്ല എന്നൊക്കെയാംണ് ട്രംപ് മംദാനിയെക്കുറിച്ച് പറഞ്ഞത്.

Content Highlight: Kangana Ranaut says Zohran Mamdani’s name ‘sounds more Pakistani than Indian

We use cookies to give you the best possible experience. Learn more