| Saturday, 13th September 2025, 8:52 am

കര്‍ഷക സമരക്കാരെ അവഹേളിക്കാന്‍ മസാല ചേര്‍ത്ത പോസ്റ്റ് പങ്കുവെച്ചു, കങ്കണക്കെതിരായ കേസ് റദ്ദാക്കില്ലെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷ സമരക്കാരെ അവഹേളിച്ച് എക്‌സില്‍ പങ്കുവെച്ച പോസ്റ്റിനെതിരെ നല്‍കിയ മാനനഷ്ടക്കേസ് പിന്‍വലിക്കണമെന്ന് നടിയും ബി.ജെ.പി എം.പിയുമായ കങ്കണയുടെ ആവശ്യം തള്ളി സുപ്രീം കോടതി. ‘മസാല ചേര്‍ത്ത’ പോസ്റ്റാണ് കങ്കണ പങ്കുവെച്ചതെന്നായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. അഭിഭാഷകന്‍ ഹരജി പിന്‍വലിച്ചതോടെ കങ്കണയുടെ വിചാരണക്ക് കളമൊരുങ്ങിയിരിക്കുകയാണ്.

2021ലെ കര്‍ഷകസമരത്തില്‍ പങ്കെടുത്ത 73 കാരിയെക്കുറിച്ച് കങ്കണ എക്‌സില്‍ പങ്കുവെച്ച ട്വീറ്റിലാണ് പൊലീസ് കേസ് ഫയല്‍ ചെയ്തത്. സമരത്തില്‍ പങ്കെടുത്ത വയോധിക ‘ഷഹീന്‍ബാഗിലെ ദാദിയാണെന്നും 100 രൂപക്ക് അവരെ ആര്‍ക്കും കിട്ടും’ എന്നായിരുന്നു കങ്കണയുടെ അധിക്ഷേപ പരാമര്‍ശം. പഞ്ചാബ് പൊലീസാണ് ഈ ട്വീറ്റിന്റെ പേരില്‍ കേസ് ഫയല്‍ ചെയ്തത്.

‘ഹ ഹ ഹ, ഏറ്റവും കരുത്തുറ്റ ഇന്ത്യന്‍ സ്ത്രീയെന്ന് ടൈം മാഗസിന്‍ വിശേഷിപ്പിച്ച അതേ ദാദി തന്നെയാണ് ഇവര്‍. നൂറ് രൂപ കൊടുത്താല്‍ ഇവരെ കിട്ടും. ഇന്ത്യയെ മോശമാക്കി ചിത്രീകരിക്കാന്‍ പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകര്‍ അന്താരാഷ്ട്ര പി.ആര്‍ ഏജന്‍സിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. നമ്മുടെ ആളുകളെ അവര്‍ തെരഞ്ഞെടുത്തിരിക്കുകയാണ്’ എന്നായിരുന്നു കങ്കണ പങ്കുവെച്ച ട്വീറ്റ്.

പഞ്ചാബിലെ ഭാട്ടിന്‍ഡയിലുള്ള മഹീന്ദര്‍ കൗറിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്. ട്വീറ്റിനെതിരെ മഹീന്ദര്‍ കൗര്‍ നല്‍കിയ പരാതിയിന്മേലാണ് പഞ്ചാബ് പൊലീസ് കേസെടുത്തത്. എന്നാല്‍ ഈ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കങ്കണയുടെ ഹരജി ഹൈക്കോടതി തള്ളി. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു ഹിമാചല്‍ പ്രദേശിലെ എം.പിയായ കങ്കണ റണാവത്ത്.

താന്‍ റീട്വീറ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും ശഹീന്‍ ബാഗ് സമരത്തിലെ ദാദിയായ ബിസ് ബാനുവിനെയാണ് ഉദ്ദേശിച്ചതെന്നും കങ്കണയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഈ വാദമെല്ലാം കോടതി തള്ളിക്കളയുകയായിരുന്നു. ലളിതമായ റീട്വീറ്റ് അല്ല അതെന്നും അവരുടേതായ രീതിയില്‍ മസാല ചേര്‍ത്തിട്ടുണ്ടെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

കര്‍ഷക സമരത്തില്‍ പങ്കെടുത്ത സ്ത്രീയെക്കുറിച്ച് കങ്കണ പങ്കുവെച്ച പോസ്റ്റിന്റെ വ്യാഖ്യാനം എഫ്.ഐ.ആര്‍ തള്ളിക്കളയാനുള്ള കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. വിചാരണക്കോടതിയിലെത്തുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ സുപ്രീം കോടതി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ജസ്റ്റിസ് വിക്രം നാഥ് അറിയിച്ചു. ഹരജി പിന്‍വലിക്കുന്നതാണ് നല്ലതെന്ന് കോടതി നിര്‍ദേശിച്ചതോടെ കങ്കണയുടെ അഭിഭാകന്‍ ഹരജി പിന്‍വലിക്കുകയും ചെയ്തു.

Content Highlight: Kangana Ranaut’s plea to withdraw her case rejected by Supreme Court

We use cookies to give you the best possible experience. Learn more