| Monday, 11th August 2025, 5:39 pm

'സഹതാപം നേടാനുള്ള ഓവര്‍ അഭിനയം'; രാഹുലിന്റെ 'വോട്ട് ചോരി' പ്രതിഷേധ മാര്‍ച്ചിനെ പരിഹസിച്ച് കങ്കണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് ഇന്ത്യ മുന്നണി നടത്തിയ ‘വോട്ട് ചോരി’ പ്രതിഷേധ മാര്‍ച്ചിനെ പരിഹസിച്ച് കങ്കണ റണാവത്ത്. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു ബി.ജെ.പി എം.പിയുടെ പരിഹാസം.

രാഹുല്‍ ഗാന്ധിയടക്കമുള്ള എം.പിമാരെ പൊലീസ് കസ്റ്റഡിയിലെടുത്തതിന്റെ വാര്‍ത്തയാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്. അതിന് ക്യാപ്ഷനായി കൊടുത്തത് ‘സഹതാപം നേടാനുള്ള ഓവര്‍ അഭിനയം’ എന്നാണ്.

ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്കുള്ള എം.പിമാരുടെ മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ള മുന്നൂറോളം എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എം.പിമാരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പങ്കെടുത്ത മാര്‍ച്ച് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടയുകയായിരുന്നു.

പിന്നാലെ എം.പിമാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. പൊലീസ് മാര്‍ച്ച് തടഞ്ഞതോടെ എം.പിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

അതേസമയം ബി.ജെ.പി എം.പി കങ്കണ റണാവത്ത് മുമ്പ് രാഹുല്‍ ഗാന്ധിക്ക് എതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ നടത്തിയ ആരോപണങ്ങളെയായിരുന്നു കങ്കണ വിമര്‍ശിച്ചത്.

പ്രതിപക്ഷം എപ്പോഴും അവര്‍ വിജയിക്കാത്തപ്പോള്‍ തെരഞ്ഞടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആരോപിക്കും എന്നായിരുന്നു കങ്കണ പറഞ്ഞത്. കര്‍ണാടകയിലും പഞ്ചാബിലും പ്രതിപക്ഷം ജയിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കൃത്യമാകുമെന്നും എന്നാല്‍ ബി.ജെ.പി ജയിക്കുമ്പോള്‍ അത് കൃത്രിമത്വം ആകുമെന്നും കങ്കണ പറഞ്ഞു.

Content Highlight: Kangana Ranaut mocks Rahul Gandhi

We use cookies to give you the best possible experience. Learn more