| Saturday, 16th August 2025, 4:10 pm

ഡേറ്റിങ് ആപ്പില്‍ പങ്കാളികളെ തിരയുന്ന സ്ത്രീകളുടെ സ്വഭാവശുദ്ധിയില്‍ സംശയമുണ്ട്: കങ്കണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വീണ്ടും വിവാദപ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി എം.പി കങ്കണ റണാവത്ത്. ഡേറ്റിങ് ആപ്പുകളില്‍ പങ്കാളിയെ തേടുന്ന സ്ത്രീകളുടെ സ്വഭാവശുദ്ധിയില്‍ തനിക്ക് സംശയമുണ്ടെന്നും ഡേറ്റിങ് എന്ന പേരില്‍ എല്ലാ ദിവസവും രാത്രി വീട്ടില്‍ നിന്നിറങ്ങിപോകുന്ന ഭയാനകമായ സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നതെന്നും കങ്കണ പറഞ്ഞു. ഹൗട്ടര്‍ഫ്‌ലൈയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കങ്കണ.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ശാരീരികവും സാമ്പത്തികവുമായ ആവശ്യങ്ങളുണ്ടാകുമെന്നും എന്നാല്‍ ഡേറ്റിങ് ആപ്പില്‍ അക്കൗണ്ട് എടുക്കുന്നത് വൃത്തികെട്ട പ്രവര്‍ത്തിയാണെന്നും എം.പി വിമര്‍ശിച്ചു. സാധാരണക്കാരായ ഭൂരിഭാഗം ആളുകളും ഡേറ്റിങ് ആപ്പില്‍ പങ്കാളിയെ തിരയാന്‍ ആഗ്രഹിക്കില്ലെന്നും ആത്മവിശ്വാസം ഇല്ലാത്തവരും വികാരങ്ങളെ അടക്കാന്‍ കഴിയാത്തവരുമാണ് ഇത്തരം പ്ലാറ്റുഫോമുകളിലുള്ളതെന്നും അവര്‍ പറഞ്ഞു.

ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്ന ആളുകളുമായി ഇടപഴകുന്നത് പോലും തനിക്ക് ആലോചിക്കാന്‍ കഴിയില്ലെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. ജോലി ചെയ്യുന്ന സ്ഥലങ്ങള്‍, കോളേജുകള്‍, കുടുംബ സംഗമങ്ങള്‍ എന്നിവയില്‍ പങ്കാളികളെ അന്വേഷിക്കണമെന്നും നടി ഉപദേശിച്ചു. ഡേറ്റിങ് ആപ്പുകളില്‍ തന്നെപോലെ ഒരാളെ കണ്ടെത്താന്‍ കഴിയില്ലെന്നും അവിടെ തോറ്റവര്‍ മാത്രമായിരിക്കും ഉണ്ടാവുകയെന്നും കങ്കണ പറഞ്ഞു.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനെ കുറിച്ചും വിവാഹത്തെ കുറിച്ചും കങ്കണ സംസാരിച്ചിരുന്നു. സ്ത്രീയോട് വിശ്വസ്തത പുലര്‍ത്താനുള്ള പുരുഷന്റെ പ്രതിജ്ഞയാണ് വിവാഹമെന്നും എന്നാല്‍ ലീവ് ഇന്‍ റിലേഷനില്‍ അത്തരം ഒരു പിന്തുണ സ്ത്രീകള്‍ക്ക് ലഭിക്കില്ലെന്നും കങ്കണ പറഞ്ഞു.

‘എന്റെ ജീവിതത്തിലുടനീളം ഞാന്‍ റിലേഷന്‍ഷിപ്പുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്, അത്തരം ബന്ധമുള്ള ഒരുപാട് ആളുകളെ ഞാന്‍ കണ്ടിട്ടുമുണ്ട്.പക്ഷേ, ഇതൊന്നും സ്ത്രീ സൗഹൃദപരമായ കാര്യങ്ങളല്ലെന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു. ?ഒന്ന് ?ഗര്‍ഭഛിദ്രം നടത്തണമെങ്കില്‍ തന്നെ ആരാണ് നിങ്ങളെ സഹായിക്കുക? നാളെ ഒരു ലിവ്- ഇന്‍ റിലേഷനിടെ നിങ്ങള്‍ ഗര്‍ഭിണിയായാല്‍, നിങ്ങളെ ആര് പരിപാലിക്കും?,’ കങ്കണ ചോദിച്ചു.

ഏതൊരു സ്ത്രീയെയും ഗര്‍ഭിണിയാക്കി ഓടിപ്പോകാന്‍ കഴിയുന്ന വേട്ടക്കാരാണ് പുരുഷന്മാര്‍ എന്നും വിദ്യാഭ്യാസമോ ശാക്തീകരണമോ ഉണ്ടെങ്കിലും പുരുഷന്മാരെപ്പോലെ വികാരങ്ങള്‍ നിയന്ത്രിക്കാനും ചില കാര്യങ്ങളെ വേര്‍തിരിച്ച് കാണാനോ സ്ത്രീകള്‍ക്ക് കഴിയില്ലെന്നും കങ്കണ വിമര്‍ശിച്ചു.

Content Highlight: Kangana doubts the character of women looking for partners on dating apps

We use cookies to give you the best possible experience. Learn more